ആറാം തമ്പുരാക്കന്മാരെ സൃഷ്ടിക്കാന്‍ ദയവ് ചെയ്ത് ഇനി ഞങ്ങടെ നാട്ടിലേക്ക് വണ്ടി കയറരുത്.ശ്രീജിത്ത് ശ്രീകുമാരന്‍ എഴുതുന്നു.

എറണാകുളത്തേക്കുള്ള ട്രെയിന്‍ യാത്രക്കിടയില്‍ പത്രം വായിച്ച് കൊണ്ടിരുന്ന എന്നോട് അതിലെ ഒരു ഷീറ്റ് തരുമോ എന്ന് ചോദിച്ചായിരുന്നു ആ മധ്യ വയസ്‌കന്റെ ആഗമനം.തൊട്ടടുത്ത് ഇരിപ്പുറപ്പിച്ച ആജാനുബാഹുവായ ആ മനുഷ്യന്‍ പിന്നേയും ഒരുപാട് സംസാരിച്ചു.പത്രത്തിലെ ഒരു അപകട വാര്‍ത്തയില്‍ തുടങ്ങി അത് പതിയെ കലയിലും രാഷ്ട്രീയത്തിലും വരെ എത്തി.ചങ്ങനാശേരിയിലെ ഏതോ സവര്‍ണ്ണ കുടുംബത്തിലെ അംഗമാണെന്ന് അയാള്‍ സംസാരത്തിനിടക്ക് മേനി പറയുന്നുണ്ടായിരുന്നു.ഞാന്‍ നായരാണെന്ന് ആവേശത്തോടെ വിളിച്ച് പറഞ്ഞ അദ്ധേഹത്തെ യാതോരു വികാരവും കൂടാതെ മറ്റു യാത്രികര്‍ നോക്കിയിരുന്നു.സംസാരം വെള്ളാപ്പള്ളിയിലും സംവരണത്തിലും,ഏകീകൃത സിവില്‍ കോഡും കടന്ന് രാജ്യസുരക്ഷയിലും,രാജ്യദ്രോഹത്തിലും വരെ എത്തി.മൂപ്പര് ”ന്യുജനറേഷന്‍ ദേശീയവാദം” പറയാന്‍ തുടങ്ങിയപ്പോള്‍ ഞാന്‍ ചുമ്മാ ചിരിച്ചിരുന്നു.അഭിപ്രായം പറഞ്ഞിട്ട് കാര്യമില്ല.ന്യുജന്‍ ദേശീയവാദികള്‍ ഇപ്പോള്‍ റേഡിയോ പോലെയാണല്ലോ?.rail otp

 

ഒരു സര്‍വ്വകലാശാലയിലെ മുഴുവന്‍ വിദ്യാര്‍ത്ഥികളും രാജ്യദ്രോഹികളാണെന്ന പ്രഖ്യാപനവും പിന്നീടൂണ്ടായി.എല്ലാം അദ്ധേഹത്തിന് നേരിട്ടറിയാം.വണ്ടി തൃശൂര്‍ കടന്നപ്പോഴേക്കും പുള്ളി എന്റെ പേരും ജോലിയും നാടുമൊക്കെ ചോദിച്ചു.പേരും ജോലിയും പറഞ്ഞപ്പോഴില്ലാത്ത ആവേശം പെട്ടന്നാണ് ഒറ്റപ്പാലമെന്ന പേര് കേട്ടപ്പാള്‍ ആ മനുഷ്യന് ഉണ്ടായത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

പാല്‍ നിലാവ് പോലെ വെളുക്കെ ചിരിച്ച് അദ്ധേഹം ചോദിച്ചു ജാതിയേതാ?.. ജാതിയില്ല മറുപടി പറയാന്‍ അധികം താമസിച്ചില്ല.അപ്പോ തിരികെയുള്ള ചോദ്യവും പെട്ടന്ന് തന്നെയായിരുന്നു.അങ്ങിനെ തന്നെ ജാതിയും മതവും തല്‍ക്കാലമില്ല.വേണമെന്ന് തോന്നിയിട്ടുമില്ല.ഞാന്‍ തുറന്നടിച്ച് പറഞ്ഞു.അദ്ധേഹം തെല്ല് വിഷണ്ണനായ പോലെ തോന്നി.പിന്നേയും അടുത്തിരുന്ന് ആ മനുഷ്യന്‍ എന്നോട് ചോദിച്ചു.ഒറ്റപ്പാലം തനെയല്ലേ നിങ്ങടെ നാട്? ഈ സിനിമയില്‍ ഒക്കെ കാണുന്ന നാട്,ഒരുപാട് നല്ല മനകളുള്ള,മനോഹരമായ പ്രകൃതി ഭംഗിയുള്ള,പ്രൗഡമായ തറവാടുകളുള്ള ആ നാട്ടില്‍ നിന്ന് തന്നെയല്ലേ നിങ്ങള്‍ വരുന്നത്.അത് കൊണ്ട് ചോദിച്ചതാണ്.അതെ ഇതിലും പ്രൗഡമായ മനയില്‍ നിന്ന് വന്ന ഒരു മനുഷ്യനാണ് പൂണൂല്‍ പൊട്ടിച്ച് കരിച്ച് കളഞ്ഞതെന്ന് അറിയാമോ എന്ന് ഞാന്‍ തിരിച്ചടിച്ചു.ആലുവയില്‍ എവിടേയോ ആ മനുഷ്യന്‍ ഇറങ്ങി പോയി.
പക്ഷെ അപ്പോഴും ഇത് എഴുതുമ്പോഴും എന്നെ അലട്ടുന്നത്.എന്റെ നാടിനെ പൊതുസമൂഹം എങ്ങിനെ ബ്രാന്റ് ചെയ്യുന്നു എന്നതാണ്.varikkassery_mana

വര്‍ഷങ്ങള്‍ക്കിപ്പുറം പൂണൂല്‍ ധരിക്കാനായി മുംബൈ എന്ന മഹാനഗരത്തില്‍ നിന്ന് വണ്ടി കയറിയ ജഗനാഥന്റെ നാടായാണ് പൂണൂല്‍ പൊട്ടിച്ചെറിഞ്ഞ് കരിച്ച് കളഞ്ഞ മഹത്തായ ചരിത്രമുള്ള ഈ നാടിനെ അടയാളപ്പെടുത്തുന്നത്.എന്നും സവര്‍ണ്ണത മാത്രം കാണിക്കാനായിരുന്നു സിനിമക്കാര്‍ ഒറ്റപ്പാലമെന്ന പേരും,ഈ നാടും ഉപയോഗിച്ചത്.പണ്ട് ആരോ പറഞ്ഞ് പഠിപ്പിച്ച പോലെ വരിക്കാശേരി മനയില്‍ പഴയ സവര്‍ണ്ണ പ്രൗഡി തേടിയാണ് ഇന്നും സിനിമക്കാര്‍ ഒറ്റപ്പാലത്തേക്ക് വണ്ടി കയറുന്നത്.ഒന്നുകില്‍ വലിയ സമ്പന്നമായ നമ്പൂതിരി-നായര്‍ തറവാടുകള്‍ കാണിക്കാന്‍,അതല്ലെങ്കില്‍ നഷ്ടപ്പെട്ട സവര്‍ണ്ണതയുടെ തിരുശേഷിപ്പുകളെ ഫ്രെയിമില്ലാക്കാന്‍.സിനിമക്കാരാണ് ഈ നാടിനെ ഇത്രയും പ്രസിദ്ധമാക്കിയത്.വാല്‍സല്യവും,ആറാംതമ്പുരാനും,നരസിംഹവും,എന്ന് വേണ്ട ഒട്ടുമിക്ക സിനിമകളിലും സവര്‍ണ്ണതയ്ക്ക് കൂട്ടായി ഒറ്റപ്പാലത്തെ കാഴ്ചകളും കുത്തി നിറക്കുക ഇപ്പോള്‍ ഒരു പതിവാണ്.പൊതുവേ അന്ധവിശ്വാസികളായ സിനിമക്കാര്‍ ഒറ്റപ്പാലത്ത് ഒരു സീനെങ്കിലും എടുത്തില്ലെങ്കില്‍ പടം പൊട്ടിപോകുമെന്ന് ഏതോ ജോത്സ്യന്റെ പ്രവചനം കേട്ട് ഇന്നാട്ടിലേക്ക് വണ്ടി കയറുകയാണ് പതിവ്.ഒരാവശ്യവുമില്ലാതെ ഒരു തറവാട് ആ സിനിമയില്‍ കുത്തിതിരുകാനും അവര്‍ മറക്കില്ല.kunnatth veedu
ഈ പൊതുബോധത്തെയാണ് ഞാന്‍ ഭയപ്പെടുന്നത്.ഒട്ടേറെ സമരങ്ങള്‍ക്ക്,ചരിത്രമുഹൂര്‍ത്തങ്ങള്‍ക്ക് സാക്ഷ്യം വഹിച്ച എന്റെ നാടിനെ കേവലം സവര്‍ണ്ണന്മാരുടേയും നാടുവാഴികളൂടേയും നാടായി ചുരുക്കി കാണിക്കുക മാത്രമാണ് ഇവിടെ ചിത്രീകരിച്ച ഭൂരിപക്ഷം സിനിമകളും ചെയ്തത്.അവര്‍ക്ക് ക്ഷെത്രവും, കുളവും,നാല് കെട്ടും വരച്ചിട്ട സവര്‍ണ്ണ ബിംബം മാത്രമായി ഒരു നാട്.നാടുവാഴിയായ നായക കഥാപാത്രത്തിന് മുന്‍പില്‍ പഞ്ചപുച്ഛം അടക്കി നില്‍കുന്ന കാര്യസ്ഥനും,ജോലികാരും,പിന്നെ കുറേ നാട്ടുകാരും.സവര്‍ണ്ണന് അല്ലെങ്കില്‍ ജന്മിത്വത്തിന് അധീശപ്പെട്ട് മാത്രം ജീവിക്കുന്ന സാധുക്കളാ(എന്റെ ഭാഷയില്‍ നട്ടെല്ലില്ലാത്ത)കുറേ മനുഷ്യരുടെ നാട്.ട്രെയിന്‍ കടന്ന് പോകുമ്പോള്‍ ഒറ്റപ്പാലം കണ്ടിട്ടില്ലാത്ത പലരുടെയും മനസിലെ ഈ നാടിന്റെ രൂപം ഇതാണ്.ഒരു എഴുപതുകളില്‍ ഈ നാടും അങ്ങിനെയൊകെ തന്നെയായിരുന്നു.കേരളത്തിലെ ഏത് സ്ഥലമാണ് ഒരു കാലത്ത് അങ്ങിനെ അല്ലാതിരുന്നത്.അതിനെതിരായ സംഘകാഹളം മുഴങ്ങിയതും ഈ നാട്ടില്‍ നിന്ന് തന്നെയാണെന്ന് പലരും നിര്‍ബന്ധബുദ്ധിയോടെ മറക്കാന്‍ ശ്രമിക്കുന്നു.അല്ലെങ്കില്‍ മനപൂര്‍വ്വം മറന്നെന്ന് ഭാവിക്കുന്നു.ഭൂപരിഷ്‌കരണം എന്ന മഹത്തായ വിപ്ലവത്തിന് നേതൃത്വം കൊടുത്ത ഇഎംഎസിന്റേയും,കമ്മ്യുണിസ്റ്റ് പാര്‍ട്ടി നിരോധിച്ച കാലത്ത് പ്രഭാതമെന്ന പേരില്‍ പത്രമിറക്കാന്‍ ചങ്കൂറ്റം കാണിച്ച ധീരന്മാരുടേയും നാടാണ് ഒറ്റപ്പാലം.സവര്‍ണ്ണ ബിംബങ്ങളെ ഒരു ഭാഗത്ത് നിര്‍മ്മിക്കുമ്പോള്‍ അത് തച്ചു തകര്‍ക്കാന്‍ മുഷ്ടി ചുരുട്ടിയതും ഒറ്റപ്പാലത്ത് നിന്നാണ്.E._M._S._Namboodiripad
ഭൂമിയില്ലാത്തവന് വേണ്ടിയുള്ള മിച്ചഭൂമി സമരത്തിലും ഒറ്റപ്പാലം ചെറുതല്ലാത്ത പങ്കാണ് വഹിച്ചത്.ജന്മി നാടുവാഴിത്വത്തിനെതിരായ തൊഴിലാളി വര്‍ഗ്ഗ ഐക്യകാഹളം മുഴക്കാന്‍ മറ്റ് പാലക്കാടന്‍ ഗ്രാമങ്ങളോടൊപ്പം ഈ നാടും,ഇവിടുത്തെ അടിമകളല്ലാത്ത മനുഷ്യരുമുണ്ടായിരുന്നു.ജന്മി തറവാടുകളിലെ പാട്ടപ്പറ തല്ലിപ്പൊട്ടിച്ച വിപ്ലവകാരികള്‍ക്കും ഈ നാട് ജന്മം നല്‍കി.പക്ഷെ കഥയില്‍ ഇതൊന്നും ഏശില്ലല്ലോ?അത് മലയാളിയുടെ പൊതുബോധമാണ്.ആരെക്കൊയോ നിര്‍ബന്ധ ബുദ്ധിയോടെ നിര്‍മ്മിച്ചെടുത്ത ആ പൊതുബോധം അത് പോലെ പിന്തുടര്‍ന്ന് പോകുകയാണ് സിനിമയില്‍ പുതു തലമുറയും.ചില ഒറ്റയാള്‍ പോരാട്ടങ്ങള്‍ ഒഴിച്ച് നിര്‍ത്തിയാല്‍,ഒറ്റപ്പാലമെന്നാല്‍ മലയാളിക്ക് സവര്‍ണ്ണതയുടെ ഒരു മുഖം മാത്രമാണ്.അവര്‍ ഈ മണ്ണിനെ കാണുന്നത് ജഗനാഥന്റേയും,മംഗലശ്ശേരി കാരണവരുടേയും കണ്ണിലൂടെ മാത്രമാണ്.അങ്ങിനെ ഒരു കാഴ്ച മാത്രമാണ് സിനിമക്കാര്‍ ഒറ്റപ്പാലമെന്ന് മണ്ണില്‍ നിന്ന് സിനിമാ ആസ്വാദകന് നല്‍കിയിട്ടുള്ളൂ.പ്രശസ്ത സിനിമ നിരൂപകന്‍ ജിപി രാമചന്ദ്രന്റെ വാക്കുകള്‍ കടമെടുത്താല്‍ തൂവാനതുമ്പികളിലെ സുമലതയുടെ ക്ലാര മാത്രമാണ് ഒറ്റപ്പാലത്ത് നിന്ന് വണ്ടി കയറിയത്.ജന്മിയായ മണ്ണാരത്തൊടി ജയകൃഷ്ണന്‍ ഇപ്പോഴും ആ നാട്ടില്‍ നില്‍ക്കുകയാണ്.thoovana thumbikal
മലയാളിയുടെ പൊതുബോധത്തില്‍ നിന്ന് ഒരു നാടിനെ സിനിമക്കാര്‍ അടയാളപ്പെടുത്തിയത് തെറ്റാണെന്ന് സ്ഥാപിക്കാന്‍ വളരെ ബുദ്ധിമുട്ട് തന്നെയാണ്.മലയാളത്തിന്റെ ഹോളിവുഡ് എന്ന ഓമന പെരിട്ട് ഫിലിം സിറ്റിയെ ഒറ്റപ്പാലത്തേക്ക് ആനയിക്കുമ്പോഴും സവര്‍ണ്ണന്റെ നാടെന്ന് ദുഷ്‌പേര് മാറ്റാന്‍ വിപ്ലവത്തിന്റെ ഇപ്പോഴത്തെ നേരവകാശികള്‍ എന്ത് ചെയ്തു എന്ന ചോദ്യം ഇപ്പോഴും ഉത്തരം കിട്ടാതെ നില്‍ക്കുന്നുണ്ട്.മരുഭൂമിയില്‍ കാണുന്ന മരുപച്ചയെന്ന പോലെ ഡയലോഗ് ഫിലിം സൊസൈറ്റി പോലുള്ള പുതിയ ഇടപെടലുകള്‍ക്ക് ഒരു ചെറിയ കൂട്ടമെമെങ്കിലും തയ്യാറാകുന്നുവെന്നത് ആശാവഹമാണ്.എങ്കിലും ഞാന്‍ ഇപ്പോഴും അസ്വസ്ഥനാണ്.മണ്ണാര്‍ത്തൊടി ജയകൃഷ്ണന്‍ ഒറ്റപ്പാലം റെയില്‍വെ സ്റ്റേഷനില്‍ നില്‍ക്കുന്നിടത്തോളം.പക്ഷേ ഞാന്‍ ഉറക്കെ വിളിച്ച് പറയും.ഈ നാട് സവര്‍ണ്ണന്റേതല്ല.ഇതിന്റെ നേരവകാശികള്‍ മണ്ണില്‍ പണിയെടുക്കുന്നവനാണ്.ന്യുജന്‍ കമ്മ്യുണിസ്റ്റുകളെ ഓര്‍മ്മപ്പെടുത്താനെങ്കിലും.

Top