പത്താംക്ലാസ് വിദ്യാര്‍ത്ഥിനിയെ പീഡിപ്പിക്കുന്നതിന്‍റെ ദൃശ്യങ്ങള്‍ പ്രചരിപ്പിച്ചതായി പരാതി. കൊല്ലം കുണ്ടറയിലാണ് സംഭവം. പോണ്‍ സൈറ്റുകളില്‍ ഉള്‍പ്പെടെ അശ്ലീല ദൃശ്യങ്ങള്‍ പ്രചരിപ്പിച്ചതിനെത്തുടര്‍ന്ന് വിദ്യാര്‍ത്ഥിനി ആത്മഹത്യക്ക് ശ്രമിച്ചു. പ്രതിയായ പന്ത്രണ്ടാം ക്ലാസ് വിദ്യാര്‍ത്ഥിക്കെതിരെ ജുവനൈല്‍ നിയമപ്രകാരം കേസെടുത്തു. വിദ്യാര്‍ത്ഥി നിലവില്‍ ഒളിവിലാണ്. കുഴിമതിക്കാട് ഗവണ്‍മെന്റ് ഹയര്‍സെക്കന്ററി സ്‌കൂളിലാണ് സംഭവം. സ്‌കൂളില്‍ നിന്നും പകര്‍ത്തിയ ദൃശ്യങ്ങളാണ് പ്രചരിപ്പിച്ചത്. സംഭവം അറിയിച്ചതിനെത്തുടര്‍ന്ന് സ്‌കൂള്‍ അധികൃതര്‍ ഒത്തുതീര്‍പ്പിനാണ് ശ്രമിച്ചതെന്ന് മാതാപിതാക്കളുടെ പരാതിയിലുണ്ട്. ദൃശ്യങ്ങള്‍ പ്രചരിപ്പിക്കുന്ന കാര്യം സ്‌കൂള്‍ അധികൃതരെ അറിയിച്ചിട്ടും വിദ്യാര്‍ത്ഥിയെ വിലക്കുകയോ നടപടി സ്വീകരിക്കുകയോ ചെയ്തില്ലെന്നും മാതാപിതാക്കള്‍ പറയുന്നു. സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്നതാണ് പെണ്‍കുട്ടിയുടെ കുടുംബം. വീഡിയോ പ്രചരിപ്പിച്ചതിന് പിന്നാലെ അപമാനഭാരം മൂലം പുറത്തിറങ്ങാന്‍ പോലും സാധിക്കാത്ത അവസ്ഥയിലാണ് കുട്ടിയുടെ മാതാപിതാക്കള്‍. പെണ്‍കുട്ടിയും സഹോദരിയും സ്‌കൂളില്‍ പോകാന്‍ തയ്യാറാകുന്നില്ല. അതേസമയം, പ്രതിക്കെതിരെ നടപടിയെടുക്കുന്നതിലും മറ്റു കാര്യങ്ങള്‍ക്കും പരിമിതികളുണ്ടെന്നാണ് പൊലീസ് പറയുന്നത്. പതിനേഴ് വയസ് പ്രായമുള്ള വിദ്യാര്‍ത്ഥിയുടെ പേരോ മറ്റ് വിവരങ്ങളോ പുറത്തുവിടാന്‍ സാധിക്കില്ല. പെണ്‍കുട്ടിയുടെ വീടിന് സമീപത്തുള്ളവരും വീഡിയോ പ്രചരിപ്പിക്കുന്നതായാണ് വിവരം. അവര്‍ക്കെതിരെ കേസെടുക്കുമെന്നും പൊലീസ് പറയുന്നു.


