സ്വന്തം ലേഖകൻ
ആലപ്പുഴ:വള്ളികുന്നത്ത് ഭർതൃവീട്ടിൽ 19കാരിയെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ കൂടുതൽ വെളിപ്പെടുത്തലുമായി യുവതിയുടെ കുടുംബം.സുചിത്രയടേത് കൊലപാതകമെന്ന് സംശയിക്കുന്നതായി ആവർത്തിച്ച് കുടുംബം.
സംഭവത്തിൽ സുചിത്രയുടെ ഭർത്താവ് സൈനികനായ വിഷ്ണുവിനെതിരെ കുടുംബം കരസേനയ്ക്കും പരാതി നൽകി. ഭർത്താവിന്റെ വീട്ടിലെ കിടപ്പുമുറിയിൽ ഫാനിൽ തൂങ്ങിമരിച്ച നിലയിലായിരുന്നു സുചിത്രയുടെ മൃതദേഹം കണ്ടെത്തിയത്.
കട്ടിലിൽ ഉണ്ടായിരുന്ന മെത്തയുടെ മുകളിൽ പ്ലാസ്റ്റിക് സ്റ്റൂൾ വച്ച് കയറി കുരുക്കിട്ടെന്നായിരുന്നു നിഗമനം. ഇതിലാണ് കുടുംബത്തിന്റെ സംശയം. എന്നാൽ, തൂങ്ങിമരണമെന്നാണ് പോസ്റ്റ്‌മോർട്ടം റിപ്പോർട്ട്.
കൊല്ലത്തെ വിസ്മയയുടെ മരണവാർത്ത കണ്ടു വിളിച്ചപ്പോഴും അങ്ങനെയൊന്നും ചെയ്യില്ലെന്നും ഭർത്താവിനൊപ്പം ജോലി സ്ഥലത്തേക്ക് പോകാൻ കാത്തിരിക്കുകയാണെന്നും സുചിത്ര പറഞ്ഞിരുന്നതായും കുടുംബം പറയുന്നു.
വിഷ്ണുവിന് നേരത്തേ ഉറപ്പിച്ചിരുന്ന ഒരു വിവാഹം മുടങ്ങിയിരുന്നു. കല്യാണത്തിന് ഓഡിറ്റോറിയം ബുക്ക് ചെയ്യുകയും വിവാഹ വസ്ത്രങ്ങൾ വാങ്ങുകയും ചെയ്ത ശേഷം 80 പവൻ സ്വർണവും 10 ലക്ഷം രൂപയും സ്ത്രീധനം ആവശ്യപ്പെട്ടതോടെ പെൺവീട്ടുകാർ വിവാഹത്തിൽനിന്ന് പിന്മാറുകയായിരുന്നു. ഇതടക്കമുള്ള കാര്യങ്ങൾ പൊലീസ് അന്വേഷിക്കും.
സംഭവത്തിൽ ലഡാക്കിലെ ഓഫിസർ കമാൻഡിനും, വിഷ്ണു ജോലി ചെയ്യുന്ന സ്ഥലത്തെ കമാൻഡിങ് ഓഫിസർക്കും പിതാവ് പരാതി നൽകിയിട്ടുണ്ട്