ലോകത്തില്‍ ഏറ്റവും കൂടുതല്‍ ആല്‍ക്കാര്‍ ഗൂഗിളില്‍ തിരയുന്ന താരമാണ് സണ്ണി ലിയോണ്‍. ഇക്കുറിയും ലോകം സണ്ണിയെ തിരഞ്ഞു. എന്നാല്‍ ഇതുവരെ അവര്‍ നടത്തിയ തരം തിരച്ചിലല്ലായിരുന്നു അത്. പ്രശസ്ത പോണ്‍ സ്റ്റാറിനെ ഇക്കുറി ആരാധകര്‍ തിരഞ്ഞത് അവരിലെ നന്മ കാണാനായിരുന്നു. അവര്‍ ചെയ്ത ഒരു നന്മയെക്കുറിച്ചുള്ള കൂടുതല്‍ വിശദാംശങ്ങള്‍ അറിയുവാന്‍ വേണ്ടിയായിരുന്നു.
സണ്ണി ഒരമ്മയാവാന്‍ തീരുമാനമെടുത്തതും ആ തീരുമാനപ്രകാരം അവര്‍ ഒരു പെണ്‍കുഞ്ഞിനെ ദത്തെടുത്തതുമായിരുന്നു ആരാധകര്‍ക്ക് ‘ക്ഷ’ പിടിച്ചത്. അതുവരെ അവരുടെ ശരീരത്തെ മാത്രം സ്വപ്നം കണ്ടു നടന്നവര്‍ അന്നു മുതലാണ് അവരുടെ മനസ്സിലെ നന്മയെ തിരിച്ചറിഞ്ഞത്. ശരീരം എന്ന ചട്ടക്കൂട് വിട്ട് സണ്ണി ലിയോണ്‍ എന്ന സ്ത്രീ, അല്ലെങ്കില്‍ അമ്മ ആളുകളുടെ മനസ്സില്‍ ചിരപ്രതിഷ്ഠ നേടിയ വര്‍ഷം കൂടിയായിരുന്നു ഇത്.
21മാസം പ്രായമുള്ളപ്പോഴാണ് ഒരു പെണ്‍കുഞ്ഞിനെ സണ്ണിലിയോണും ഭര്‍ത്താവ് ഡാനിേല്‍ വെബറും ജീവിതത്തിലേക്ക് കൂടെക്കൂട്ടിയത്. കഴിഞ്ഞ ജൂലൈയില്‍ മഹാരാഷ്ട്രയിലെ ലത്തൂരിലെ ഒരു അനാഥാലയത്തില്‍ നിന്നും ദത്തെടുത്ത പെണ്‍കുഞ്ഞിന് നിഷ എന്നാണവര്‍ പേരു നല്‍കിയത്. അതുവരെ സണ്ണിലിയോണ്‍ എന്ന സ്ത്രീയുടെ തൊലിവെളുപ്പിനെയും സെക്‌സ്അപ്പീലിനെയും ആരാധിച്ചവരുടെ മറ്റൊരു മുഖം കൂടി സണ്ണി ആ കാലഘട്ടത്തില്‍തിരിച്ചറിഞ്ഞു.
ഭൂരിപക്ഷവും അവരുടെ മനസ്സിന്റെ നന്മയെ അഭിനന്ദിച്ചപ്പോള്‍ ചിലര്‍ എട്ടുംപൊട്ടും തിരിയാത്ത കുഞ്ഞിന്റെ നിറത്തെ പരരിഹസിച്ചു. എന്നാല്‍ അവര്‍ അറിയാതെ പോയ ഒരു കഥയുണ്ട്. നിറവും കുടുംബപശ്ചാത്തലവും ആരോഗ്യവും ഒന്നും പ്രശ്‌നമാക്കാതെയാണ് രണ്ടുവയസ്സുള്ള പെണ്‍കുഞ്ഞിനെ ദത്തെടുക്കാന്‍ സണ്ണിലിയോണ്‍ തയാറായത്. ഇതിനു മുമ്പ് ഇന്ത്യയില്‍ നിന്നുള്ള 11 കുടുംബങ്ങള്‍ ആ കുഞ്ഞിനെ കണ്ടിരുന്നു. അവളുടെ നിറവും കുടുംബപശ്ചാത്തലവും ആരോഗ്യസ്ഥിതിയുമൊക്കെ ബോധ്യപ്പെട്ടപ്പോള്‍ അവരാരും തന്നെ ആ പെണ്‍കുഞ്ഞിനെ ദത്തെടുക്കാന്‍ തയാറായില്ല.
അങ്ങനെ 11 കുടുംബങ്ങള്‍ നിരസിച്ച കുഞ്ഞിനെയാണ് യാതൊരു മുന്‍വിധിയും കൂടാതെ സണ്ണിലിയോണും ഭര്‍ത്താവും ചേര്‍ന്ന് മകളായി സ്വീകരിച്ചത്. ചൈല്‍ഡ് അഡോപ്ഷന്‍ റിസോഴ്‌സ് ഏജന്‍സി സിഇഒ ലെഫ്റ്റനന്റ് കേണല്‍ ദീപക് കുമാര്‍ ആണ് ലോകത്തോട് ഈ സത്യം വെളിപ്പെടുത്തിയത്. സണ്ണിലിയോണ്‍ എന്ന വ്യക്തിയോട്, സ്ത്രീയോട് ബഹുമാനം തോന്നിയനിമിഷം എന്നു പറഞ്ഞുകൊണ്ടാണ് അവരുടെ മനസ്സിന്റെ നന്മയെപ്പറ്റി അദ്ദേഹം വാചാലനായത്.
ചൈല്‍ഡ് അഡോപ്ഷന്‍ റിസോഴ്‌സ് ഏജന്‍സിയുടെ വെബ്‌സൈറ്റ് വഴിയാണ് കുഞ്ഞിനെ ദത്തെടുക്കാനുള്ള അപേക്ഷ സണ്ണിലിയോണ്‍ സമര്‍പ്പിച്ചത്. ഏജന്‍സിയുടെ നിയമമനുസരിച്ച് ഇന്ത്യയില്‍ നിന്നുള്ള ദമ്പതികള്‍ക്ക് കുട്ടികളെ ദത്തെടുക്കാനുള്ള അവസരം നല്‍കിയ ശേഷം മാത്രമേ വിദേശപൗരത്വമുള്ള ഇന്ത്യക്കാര്‍ക്ക് കുട്ടികളെ ദത്തെടുക്കാന്‍ അവസരം നല്‍കൂ. കുട്ടിയെ ഇന്ത്യക്കാരായ ദമ്പതികള്‍ കണ്ടതിനു ശേഷവും അവനെയോ അവളെയോ രണ്ടുമാസത്തിനകം ദത്തെടുക്കാന്‍ ആരും തയാറായില്ലെങ്കില്‍ മാത്രമേ വിദേശപൗരത്വമുള്ള ഇന്ത്യക്കാര്‍ക്ക് കുഞ്ഞിനെ കാണാനുള്ള അവസരം ലഭിക്കൂ.
അങ്ങനെ 11 കുടുംബങ്ങള്‍ നിരസിച്ച കുഞ്ഞിനെയാണ് സ്‌നേഹപൂര്‍വം സണ്ണി സ്വന്തമാക്കിയത്. നിറത്തെയും വംശത്തെയും അടിസ്ഥാനമാക്കി പിഞ്ചുകുഞ്ഞിനെ പരിഹസിച്ചവര്‍ക്കുള്ള ചുട്ടമറുപടിയെന്നവണ്ണമാണ് ഉപാധികളോ മുന്‍വിധികളോ ഇല്ലാതെ സണ്ണി സ്വന്തം കുടുംബത്തിലേക്ക് ഒരംഗത്തെക്കൂടി കൂട്ടിച്ചേര്‍ത്തത്. സണ്ണിയുടെ മനസ്സിന്റെ നന്മ മനസ്സിലാക്കിയ ആരാധകര്‍ അന്നുമുതല്‍ അന്വേഷിച്ചു തുടങ്ങിയത് ആ അമ്മയുടെയും മകളുടെയും ക്ഷേമത്തെക്കുറിച്ചാണ്.