സ്വന്തം ലേഖകൻ
തിരുവനന്തപുരം: പതിനാലാം കേരള നിയമസഭയിലെ എം.എൽ.എമാരുടെ സത്യപ്രതിജ്ഞ പുരോഗമിക്കുകയാണ്. സത്യപ്രതിജ്ഞയിൽ മൂന്ന് സാമാജികർ സത്യപ്രതിജ്ഞയിലും വ്യത്യസ്തത പുലർത്തി.
മഞ്ചേശ്വരം എം എൽ എ, എ കെ എം അഷ്‌റഫ് സത്യപ്രതിജ്ഞ ചെയ്തത് കന്നഡയിലാണ്. ബി ജെ പി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രനെ തോൽപ്പിച്ചാണ് അഷ്‌റഫ് സഭയിലെത്തിയത്. അതിർത്തി മണ്ഡലമായ മഞ്ചേശ്വരത്ത് അധികവും കന്നട സംസാരിക്കുന്നവരാണ്.
എന്നാൽ മൂവാറ്റുപുഴ എം എൽ എ മാത്യു കുഴൽനാടനും പാലാ എം.എൽ.എ മാണി സി കാപ്പനും ഇംഗ്ലീഷിലാണ് സത്യപ്രതിജ്ഞ ചെയ്തത്. അക്ഷരമാല ക്രമത്തിലാണ് അംഗങ്ങൾ സത്യപ്രതിജ്ഞ ചെയ്ത് അധികാരം ഏറ്റെടുക്കുന്നത്. സഭയിലെ 53 അംഗങ്ങളും പുതുമുഖങ്ങളാണ്.
വടകരയിൽ നിന്ന് വിജയിച്ചെത്തിയ കെ.കെ രമ സാരിയിൽ ടി പി ചന്ദ്രശേഖരന്റെ ചിത്രം ആലേഖനം ചെയ്താണ് സത്യപ്രതിജ്ഞ നടത്തിയത്.അക്ഷരമാലാ ക്രമത്തിലാണ് എം.എൽ.എമാരുടെ സത്യപ്രതിജ്ഞ പരോഗമിക്കുന്നത്.രാവിലെ ഒൻപത് മുതൽ പ്രോടെം സ്പീക്കക്കറായ പി.ടി.എ റഹീമിന് മുമ്പാകെയാണ് അംഗങ്ങളുടെ സത്യപ്രതിജ്ഞ.
കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ സാമൂഹിക അകലം പാലിച്ചാണ് ഇരിപ്പിടങ്ങൾ തയ്യാറാക്കിയിട്ടുള്ളത്.എന്നാൽ കോവിഡ് ബാധയും ക്വാറന്റൈനും കാരണം ചില അംഗങ്ങൾക്ക് ഇന്ന് സത്യപ്രതിജ്ഞ ചെയ്യാനാവില്ല.
ഇവർ പിന്നീട് സ്പീക്കർക്ക് മുന്നിലായിരിക്കും സത്യപ്രതിജ്ഞ ചെയ്യുക.നാളെയായിരിക്കും സ്പീക്കർ തെരഞ്ഞെടുപ്പ് നടക്കുക.എംബി രാജേഷാണ് സിപിഎമ്മിന്റെ സ്പീക്കർ സ്ഥാനാർത്ഥി. പിസി വിഷ്ണുനാഥിനെ യുഡിഎഫും മത്സരിപ്പിക്കും. സഭയിലെ ഭൂരിപക്ഷം രാജേഷിനെ സ്പീക്കറാക്കുകയും ചെയ്യും.
പതിനാലാം കേരളനിയമസഭയിലെ 75 പേർ വീണ്ടും തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. അതിനു മുൻപുള്ള മറ്റു നിയമസഭകളിൽ അംഗമായിരുന്ന 12 പേരും ഈ സഭയിലുണ്ട്. ഉമ്മൻ ചാണ്ടിയാണ് സീനിയർ. അദ്ദേഹം 12ാം തവണയാണ് തുടർച്ചയായി സഭയിലെത്തുന്നത്.
28ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ നയപ്രഖ്യാപനം നടത്തും. ജനുവരി 21നായിരുന്നു കഴിഞ്ഞ സർക്കാരിന്റെ അവസാന നയപ്രഖ്യാപനം. സർക്കാർ തുടരുന്നതിനാൽ ആ പ്രഖ്യാപനങ്ങൾ തന്നെ ആവർത്തിക്കമോ, പുതിയ പരിപാടികൾ പ്രഖ്യാപിക്കമോ എന്നാണ് അറിയാനുള്ളത്.ജൂൺ 14 വരെ 14 ദിവസം സമ്മേളനത്തിന് തീരുമാനിച്ചിട്ടുണ്ടെങ്കിലും കോവിഡ് സാഹചര്യം വിലയിരുത്തിയാവും തീരുമാനിക്കുക.


