നടിമാരെ വേശ്യകളെന്ന് വിളിച്ച് തെലുങ്ക് ചാനല്‍ അവതാരകന്‍. തെലുങ്ക് വാര്‍ത്താ ചാനലിലെ അവതാകരനായ ഇ. സാംബശിവ റാവുവാണ് നടിമാരെ വേശ്യകളെന്ന് അഭിസംബോധന ചെയ്തത്. ഇതിനെതിരെ ശക്തമായ പ്രതിഷേധം തെലുങ്ക് നടമാരുടെ ഭാഗത്തുനിന്നും ഉയര്‍ന്നിരിക്കുകയാണ്. നടിമാരായ രാകുല്‍ പ്രീത് സിങ്, ലാവണ്യ ത്രിപതി, ലക്ഷ്മി മാഞ്ചു, തെന്നിന്ത്യന്‍ ഗായിക ചിന്മയി ശ്രീപദ തുടങ്ങിയവര്‍ അവതാരകനെതിരേ പരസ്യമായി രംഗത്ത് വന്നിരിക്കുകയാണ്.
ആന്ധ്രപ്രദേശ് പ്രത്യേക പദവി നല്‍കുന്നത് സംബന്ധിച്ചുള്ള ടി വി 5 ചാനലിന്റെ ചര്‍ച്ചയിയിലാണ് സംഭവം. മാര്‍ച്ച് 23 നാണ് സംഭവം. നടന്‍ പൊസാനി മുരളി കൃഷ്ണ പങ്കെടുത്ത ചര്‍ച്ചയിലായിരുന്നു അവതാരകന്റെ മോശം പരാമര്‍ശം. മുഖ്യമന്ത്രി ചന്ദ്രബാബു നായിഡുവിനെതിരേ മുരളികൃഷ്ണ നടത്തിയ പരാമര്‍ശത്തെക്കുറിച്ച് ചോദിക്കുകയായിരുന്നു സാമ്പശിവ റാവു.
തമിഴ് സിനിമയിലെ താരങ്ങള്‍ പൊതുവിഷയങ്ങളില്‍ കാണിക്കുന്ന ഐക്യം തെലുങ്ക് സിനിമാതാരങ്ങള്‍ കാണിക്കുന്നില്ലെന്ന് ചര്‍ച്ചയില്‍ പങ്കെടുത്ത തെലുങ്ക്‌ദേശത്തിന്റെ എം.എല്‍.സി ബാബു രാജേന്ദ്ര പ്രസാദ് ചര്‍ച്ചയില്‍ കുറ്റപ്പെടുത്തിയിരുന്നു. ജെല്ലിക്കെട്ട് വിഷയം ചൂണ്ടിക്കാണിച്ചായിരുന്നു പരാമര്‍ശം.
അതിനിടെ അവതാരകന്‍ മുരളികൃഷ്ണയോട് ചോദിച്ച ഒരു ചോദ്യമാണ് വിവാദങ്ങള്‍ക്ക് തുടക്കമിടുന്നത്. സിനിമയില്‍ ദല്ലാള്‍മാര്‍ ഇല്ലേയെന്നും നടിമാര്‍ വേശ്യകള്‍ അല്ലേയെന്നും സാമ്പശിവ റാവു ചോദിച്ചു. ‘ചന്ദ്രബാബു നായിഡുവിനെ പിന്തുണച്ചില്ലെങ്കില്‍ നിങ്ങള്‍ എന്റെ ഭാര്യയെപ്പോലും വേശ്യ എന്ന് വിളിക്കാന്‍ മടിക്കില്ല’- മുരളി കൃഷ്ണ തിരിച്ചടിച്ചു.
ചാനല്‍ ചര്‍ച്ചയിലെ വിവാദ പരാമര്‍ശം സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിക്കുകയും വലിയ ചര്‍ച്ചയാവുകയും ചെയ്തു. തുടര്‍ന്ന് ടിവി 5 ചാനലിന്റെ എഡിറ്റര്‍ ഖേദം പ്രകടിപ്പിച്ച് രംഗത്തെത്തി. അവതാരകന്റെ പരാമര്‍ശത്തിനെതിരേ കടുത്ത പ്രതിഷേധം തുടരുകയാണ്. ഐ.പി.സി സെക്ഷന്‍ 506, 509 വകുപ്പുകള്‍ ചാര്‍ത്തി അവതാരകനെതിരേ കേസ് എടുത്തിട്ടുണ്ട്.