ടോം വടക്കന്‍ ബിജെപിയില്‍ ചേര്‍ന്നതിന് പിന്നാലെ ബിജെപിക്ക് എതിരെ നടത്തിയ വിമര്‍ശനങ്ങള്‍ കുത്തിപ്പൊക്കി സോഷ്യല്‍ മീഡിയ

എഐസിസി മുന്‍ വക്താവ് ടോം വടക്കന്‍ ബിജെപിയില്‍ ചേര്‍ന്നതിന് പിന്നാലെ ബിജെപിക്ക് എതിരെ അദ്ദേഹം നടത്തിയ വിമര്‍ശനങ്ങള്‍ കുത്തിപ്പൊക്കി സോഷ്യല്‍ മീഡിയ. ‘നിങ്ങള്‍ ബിജെപിയില്‍ ചേര്‍ന്നുകഴിഞ്ഞാല്‍ നിങ്ങളുടെ എല്ലാ കുറ്റകൃത്യങ്ങളും മാഞ്ഞുപോകും’ എന്ന ടോം വടക്കന്റെ ട്വീറ്റാണ് പ്രധാനമായും വിമര്‍ശകര്‍ ഉയര്‍ത്തിക്കാട്ടുന്നത്. മുമ്പ് ചാനല്‍ ചര്‍ച്ചകളില്‍ ബിജെപിക്കെതിരെ വടക്കന്‍ രൂക്ഷമായി നടത്തിയ പ്രതികരണങ്ങളും വിമര്‍ശകര്‍ കുത്തിപ്പൊക്കിയിട്ടുണ്ട്.

ഒരാഴ്ച മുമ്പ് വരെ ടോം വടക്കന്‍ ബിജെപിക്ക് എതിരെ ശക്തമായ ഭാഷയില്‍ വിമര്‍ശനങ്ങള്‍ ഉന്നയിച്ചിരുന്നു. കഴിഞ്ഞ ദിവസം പ്രിയങ്ക ഗാന്ധിയുടെ ട്വീറ്റും ഇദ്ദേഹം റീട്വീറ്റ് ചെയ്തിരുന്നു. എന്തായിരുന്നു ബിജെപിയില്‍ നിന്ന് വടക്കന് ലഭിച്ച ഓഫര്‍ എന്നാണ് ഈ ട്വീറ്റുകള്‍ റീട്വീറ്റ് ചെയ്തുകൊണ്ട് വിമര്‍ശകര്‍ ഉന്നയിക്കുന്നത്.

ബിജെപിയില്‍ ചേരുന്നതിന് മുമ്പ് ഈ ട്വീറ്റുകളെങ്കിലും ടോം വടക്കന് നീക്കം ചെയ്യാമായിരുന്നു എന്നും പരിഹാസങ്ങളുണ്ട്. കേന്ദ്രമന്ത്രി രവിശങ്കര്‍ പ്രസാദില്‍ നിന്നാണ് ടോം വടക്കന്‍ ബിജെപി അംഗത്വം സ്വീകരിച്ചത്. എഐസിസി മുന്‍ സെക്രട്ടറിയും കോണ്‍ഗ്രസ് വക്താവുമായിരുന്നു ടോം വടക്കന്‍.

കോണ്‍ഗ്രസിലെ കുടുംബാധിപത്യം മടുപ്പിക്കുന്നു. ഉപയോഗിച്ചശേഷം വലിച്ചെറിയുന്ന രീതിയാണ് കോണ്‍ഗ്രസില്‍. കോണ്‍ഗ്രസിലെ നേതാക്കള്‍ ആരൊക്കെയാണെന്ന് പോലും അറിയില്ല. പുല്‍വാമ ഭീകരാക്രമണത്തില്‍ കോണ്‍ഗ്രസ് സ്വീകരിച്ച നിലപാടിലെ പ്രതിഷേധവും പാര്‍ട്ടി വിടുന്നതിന് കാരണമാണ്. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെയും ബിജെപി അധ്യക്ഷന്‍ അമിത്ഷായുടെയും പ്രവര്‍ത്തനങ്ങള്‍ആകര്‍ഷിച്ചെന്നും ടോം വടക്കന്‍ പറഞ്ഞു.

Latest
Widgets Magazine