ആര്‍.കെ.നഗറില്‍ ചിന്നമ്മയുടെ മരുമകന്‍ ടി.ടി.വി ദിനകരന് റെക്കോര്‍ഡ്‌ വിജയം; 40,707 വോട്ടിന്റെ ഭൂരിപക്ഷം. അണ്ണാ ഡിഎംകെയാണ് രണ്ടാമത്; ബിജെപിയുടെ സ്ഥാനം നോട്ടയ്ക്കും പിന്നിൽ ; ഭാവിലക്ഷ്യം തമിഴ്‌നാടിന്റെ ഭരണം പിടിച്ചെടുക്കുക എന്നതാണെന്നു ദിനകരന്‍

ചെന്നൈ: ആര്‍കെ നഗര്‍ തെരഞ്ഞെടുപ്പില്‍ ടി.ടി.വി ദിനകരന് റെക്കോര്‍ഡ്‌ വിജയം. സ്വതന്ത്രനായി മത്സരിച്ച ദിനകരൻ 40,707 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് വിജയിച്ചത്. മണ്ഡലത്തിലെ ഏറ്റവും ഉയര്‍ന്ന ഭൂരിപക്ഷമാണിത്. തമിഴക രാഷ്ട്രീയത്തെയും സർക്കാരിനെയും ഞെട്ടിച്ചാണ് ടി.ടി.വി.ദിനകരൻ വമ്പൻ വിജയം നേടിയത്. 2016ലെ ജയലളിതയുടെ ഭൂരിപക്ഷം ദിനകരൻ മറികടന്നു. അതേസമയം ഡിഎംകെയ്ക്ക് കനത്ത തോല്‍വി.പോള്‍ ചെയ്ത വോട്ടുകളുടെ 50.32 ശതമാനവും ദിനകരനാണ്. ഡിഎംകെ സ്ഥാനാര്‍ഥി മരുതു ഗണേഷിന് കെട്ടിവച്ച തുക നഷ്ടമായി. 48,306 വോട്ടുകള്‍ നേടിയ അണ്ണാ ഡി.എം.കെ സ്ഥാനാര്‍ത്ഥി ഇ.എം.മധുസൂധന്‍ രണ്ടാം സ്ഥാനത്തും 24, 581 വോട്ടുകള്‍ നേടിയ ഡി.എം.കെ സ്ഥാനാര്‍ത്ഥി മരുധു ഗണേഷ് മൂന്നാം സ്ഥാനത്തുമെത്തി. എന്നാല്‍ ശക്തമായ പോരാട്ടവുമായി മത്സര രംഗത്തുണ്ടാകുമെന്ന് കരുതിയ ഡി.എം.കെയ്ക്കും ബി.ജെ.പിയ്ക്കും കെട്ടിവച്ച കാശ് നഷ്ടമായി. 1368 വോട്ടുകള്‍ മാത്രം നേടിയ ബി.ജെ.പിനോട്ടയ്ക്കും പിന്നിലായാണ് ഫിനിഷ് ചെയ്തത്.

അണ്ണാ ഡിഎംകെയാണ് രണ്ടാമത്. നോട്ടയ്ക്കും പിന്നിലാണ് ബിജെപിയുടെ സ്ഥാനം.ഭാവിലക്ഷ്യം തമിഴ്‌നാടിന്റെ ഭരണം പിടിച്ചെടുക്കുകയെന്നതാണെന്നു ദിനകരന്‍ വ്യക്തമാക്കി. ആര്‍കെ നഗറിലെ തെരഞ്ഞെടുപ്പു ഫലം ദിനകരന് അനുകൂലമായതോടെയാണു പ്രതികരണവുമായി അദ്ദേഹം രംഗത്തുവന്നത്. സംസ്ഥാനത്തു ഭരണമാറ്റം വേണമെന്ന ജനങ്ങളുടെ ആവശ്യമാണു തെരഞ്ഞെടുപ്പു ഫലത്തില്‍ പ്രതിഫലിക്കുന്നതെന്നു മധുര വിമാനത്താവളത്തില്‍വച്ച് ദിനകരന്‍ പറഞ്ഞു.മൂന്നുമാസത്തിനകം ഇടപ്പാടി കെ. പളനിസാമി, ഒ. പനീര്‍സെല്‍വം (ഇപിഎസ്ഒപിഎസ്) സഖ്യത്തിന്റെ സര്‍ക്കാര്‍ തകര്‍ന്നുവീഴുമെന്നും അദ്ദേഹം മുന്നറിയിപ്പു നല്‍കി. ‘ഞങ്ങളാണു യഥാര്‍ഥ അണ്ണാഡിഎംകെ. അമ്മയുടെ പിന്‍ഗാമി ആരാണെന്ന് ഇപ്പോള്‍ ആര്‍കെ നഗറിലെ ജനങ്ങള്‍ വിധിയെഴുതിയിരിക്കുന്നു’, ദിനകരന്‍ വ്യക്തമാക്കി.

അതിനിടെ, ദിനകരന്റെ ലീഡ് ഉയരുന്നതില്‍ അമര്‍ഷം പൂണ്ട് അണ്ണാ ഡിഎംകെ ഏജന്റുമാര്‍ വോട്ടെണ്ണല്‍ കേന്ദ്രത്തില്‍ സംഘര്‍ഷമുണ്ടാക്കി. ദിനകരപക്ഷ ഏജന്റുമാരുമായായിരുന്നു ഏറ്റുമുട്ടല്‍. ഇതേത്തുടര്‍ന്ന് വോട്ടെണ്ണല്‍ 15 മിനിറ്റോളം നിര്‍ത്തിവച്ചു. പിന്നീട് സംഘര്‍ഷമുണ്ടാക്കിയവരെ പുറത്താക്കിയും അധിക സുരക്ഷ ഏര്‍പ്പെടുത്തിയും വോട്ടെണ്ണല്‍ പുനരാരംഭിച്ചു. വോട്ടെണ്ണല്‍ കേന്ദ്രത്തില്‍ ഇടയ്ക്കിടെ വീണ്ടും സംഘര്‍ഷം പുകയുന്നുണ്ടെന്നും റിപ്പോര്‍ട്ടുണ്ട്. അണ്ണാ ഡിഎംകെ ഏജന്റുമാര്‍ കസേരകള്‍ വലിച്ചെറിഞ്ഞതായും റിപ്പോര്‍ട്ടുണ്ട്.ചെന്നൈ മറീനാ ബീച്ചിനു സമീപമുള്ള ക്വീന്‍ മേരീസ് കോളജിലാണു വോട്ടെണ്ണല്‍ കേന്ദ്രം. ശക്തമായ സുരക്ഷാ സംവിധാനങ്ങളൊരുക്കിയാണു വോട്ടെണ്ണല്‍ പുരോഗമിക്കുന്നത്. 19 റൗണ്ടുകള്‍ വോട്ടെണ്ണും. കേന്ദ്ര, സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാരായ ഇരുന്നൂറോളം പേരാണു വോട്ടെണ്ണാന്‍ എത്തിയിരിക്കുന്നത്. പണമൊഴുകിയ തിരഞ്ഞെടുപ്പില്‍ ഒരു പാര്‍ട്ടിക്കും അനായാസ ജയം അവകാശപ്പെടാനാകാത്ത സാഹചര്യമായതിനാല്‍ വാശിക്കു തെല്ലും കുറവില്ല. രാഷ്ട്രീയമായി നിര്‍ണായകമായതിനാല്‍ മൂന്നു സ്ഥാനാര്‍ഥികളും ഒന്നിനൊന്നു മികച്ച പോരാട്ടമാണ് പ്രചാരണരംഗത്തു കാഴ്ചവച്ചത്.

ഭരണകക്ഷിയെന്ന നിലയില്‍ ഒപിഎസ്, പളനിസ്വാമി നേതൃത്വത്തിനു വളരെ പ്രധാനപ്പെട്ടതാണു തെരഞ്ഞെടുപ്പ്. അണ്ണാ ഡിഎംകെയെ നിയന്ത്രിച്ചിരുന്ന മന്നാര്‍ഗുഡി സംഘത്തില്‍നിന്നു പാര്‍ട്ടി പിടിച്ചശേഷമുള്ള ആദ്യ തെരഞ്ഞെടുപ്പ്. അതും പാര്‍ട്ടിയുടെ അനിഷേധ്യ നേതാവായിരുന്ന ജയലളിത മത്സരിച്ചിരുന്ന മണ്ഡലത്തില്‍. ജയലളിതയുടെ മരണശേഷം മന്നാര്‍ഗുഡി സംഘവുമായി തെറ്റിയ പനീര്‍സെല്‍വം പാര്‍ട്ടിയില്‍ പ്രതിപക്ഷ സ്വരമുയര്‍ത്തി പാര്‍ട്ടി പിളര്‍ത്തുകയായിരുന്നു.അഴിമതിക്കേസില്‍ ശശികല ജയിലിലേക്കു പോയതിനുശേഷം പളനിസ്വാമിയും പനീര്‍ശെല്‍വവും അഭിപ്രായ ഭിന്നതകള്‍ മറന്ന് ഒന്നിച്ചു. ചില കാര്യങ്ങളില്‍ പാര്‍ട്ടിക്കുള്ളില്‍ തര്‍ക്കങ്ങള്‍ നിലനില്‍ക്കുന്നുണ്ടെങ്കിലും ഇരുനേതാക്കളും തെരഞ്ഞെടുപ്പിനെ നേരിട്ടത് ഒറ്റക്കെട്ടായാണ്. ഇരുവരും സ്ഥാനാര്‍ഥിയുടെ ഇടവും വലവും പ്രചാരണത്തിനുണ്ടായിരുന്നു..പളനിസ്വാമി, ഒപിഎസ് വിഭാഗത്തിന് അധികാരം നിലനിര്‍ത്താനുള്ള വലിയ കണ്ണിയാണ് ആര്‍കെ നഗര്‍. ഭരണത്തിലിരിക്കേ ആര്‍കെ നഗറില്‍ തോല്‍വിയുണ്ടായാല്‍ അതു സര്‍ക്കാരിന്റെ വീഴ്ചയായി വ്യാഖ്യാനിക്കപ്പെടാം. തെരഞ്ഞെടുപ്പിലെ തോല്‍വി പാര്‍ട്ടിയിലും ചലനങ്ങളുണ്ടാക്കാം. പാര്‍ട്ടിയില്‍ വീണ്ടും പിളര്‍പ്പിനു സാധ്യതയുണ്ട്. ഇക്കാരണത്താല്‍ സ്ഥാനാര്‍ഥി ഇ. മധുസൂദനനായി മന്ത്രിമാരെല്ലാം പ്രചാരണത്തിനുണ്ടായിരുന്നു.

ഏപ്രിലില്‍ പനീര്‍സെല്‍വം വിഭാഗത്തിന്റെ സ്ഥാനാര്‍ഥിയായിരുന്ന മധുസൂദനന്‍ ഇത്തവണ ഔദ്യോഗിക സ്ഥാനാര്‍ഥിയാണ്. മണ്ഡലത്തെ നന്നായി അറിയാവുന്ന ഡി. ജയകുമാറിനായിരുന്നു പ്രചാരണത്തിന്റെ ചുമതല. എന്നാല്‍, പണമിറക്കിയുള്ള ദിനകരന്‍ വിഭാഗത്തിന്റെ പ്രചാരണത്തെ മറികടക്കാന്‍ കഴിഞ്ഞിട്ടില്ലെന്നാണു പൊതുവേയുള്ള വിലയിരുത്തല്‍. അതു തെരഞ്ഞെടുപ്പിനെ ബാധിക്കുമോയെന്ന ഉത്കണ്ഠ പാര്‍ട്ടിക്കുണ്ട്.പാര്‍ട്ടി ചിഹ്നമായ രണ്ടില കിട്ടിയതാണു മധുസൂദനന്റെ ഏറ്റവും വലിയ നേട്ടം. സ്ഥിരമായി പാര്‍ട്ടി ചിഹ്നത്തില്‍ വോട്ടുചെയ്യുന്നവരെ ഇത്തവണയും നിലനിര്‍ത്താന്‍ കഴിയുമെന്ന് അണ്ണാ ഡിഎംകെ പ്രതീക്ഷിക്കുന്നു. തെലുങ്ക് വോട്ടര്‍മാര്‍മാര്‍ക്കു സ്വാധീനമുള്ള മണ്ഡലത്തില്‍ അതേ വിഭാഗത്തില്‍നിന്നുള്ള ആളാണെന്നതും മധുസൂദനനു ശക്തിയാണ്.മറുവശത്ത് തിരിച്ചുവരവിനുള്ള കളമായാണ് ഡിഎംകെ ആര്‍കെ നഗറിനെ കാണുന്നത്. ആര്‍കെ നഗറില്‍ പരാജയപ്പെട്ടാല്‍ നേതാവെന്ന നിലയില്‍ എം.കെ. സ്റ്റാലിന് അതു ക്ഷീണമാകും. നേതാവെന്ന നിലയില്‍ പാര്‍ട്ടിയില്‍ വെല്ലുവിളികളില്ലെങ്കിലും ജയലളിതയുടെ മരണശേഷം അണ്ണാ ഡിഎംകെയിലുണ്ടായ ഭിന്നത മുതലെടുക്കാനായില്ലെന്ന വിമര്‍ശനം ഉയരാം. 2ജി സ്‌പെക്ട്രം കേസില്‍ കനിമൊഴിയെയും രാജയെയും സിബിഐ പ്രത്യേക കോടതി വെറുതേവിട്ട ദിവസം നടന്ന തെരഞ്ഞെടുപ്പ് പാര്‍ട്ടിക്കു ഗുണം ചെയ്യുമെന്നാണ് അവരുടെ വിലയിരുത്തല്‍.

Top