ഉപതെരഞ്ഞെടുപ്പിൽ വട്ടിയൂർക്കാവിലും കോന്നിയിലും കനത്ത തോൽവി ഏറ്റുവാങ്ങിയതിന് പിന്നാലെ കോൺഗ്രസിനുള്ളിൽ തമ്മിലടി. കോൺഗ്രസിന്റെ സിറ്റിംഗ് സീറ്റായ മണ്ഡലങ്ങളാണ് ഇവ രണ്ടും. നേതാക്കൾ തമ്മിലുള്ള പോരു മൂലമാണ് ഇവ നഷ്ടപ്പെട്ടതെന്നാണ് പാർട്ടി അണികൾ വിശ്വസിക്കുന്നത്. തങ്ങൾ പറഞ്ഞ സ്ഥാനാർത്ഥികളെ മത്സരിപ്പിക്കാത്തതിനാൽ പാർട്ടി സ്ഥാനാർത്ഥികളെ തോൽപ്പിച്ചെന്നാണ് പ്രധാന വിമർശനം.
കോന്നിയിൽ റോബിൻ പീറ്ററിനെ സ്ഥാനാർത്ഥിയാക്കനായിരുന്നു മുൻഎംഎൽഎ അടൂർ പ്രകാശിന്റെ നിർദ്ദേശം. എന്നാൽ ഈ നിർദ്ദേശം ഡിസിസിയും ഒപ്പം സംസ്ഥാന നേതൃത്വവും തള്ളിയതോടെ അടൂർ പ്രകാശ് ഇടഞ്ഞു. സമവായ നീക്കങ്ങൾക്കായി നേതാക്കൾ ശ്രമിച്ചെങ്കിലും അത് ഫലം കണ്ടില്ല എന്നത് തെരഞ്ഞെടുപ്പ് ഫലം വന്നപ്പോൾ വ്യക്തമായി.
തെരഞ്ഞെടുപ്പിന്റെ ആദ്യഘട്ടം മുതൽ അടൂർ പ്രകാശ് പ്രചാരണത്തിൽ നിന്നും വിട്ടു നിന്നതും കോൺഗ്രസിന് തലവേദനയായി. കോന്നിയിൽ യുഡിഎഫ് പരാജയപ്പെട്ടാൽ കാരണം സ്ഥാനാർത്ഥി നിർണയമായിരിക്കുമെന്ന് വിഡി സതീശൻ എംഎൽഎ നേരത്തെ തന്നെ പറഞ്ഞിരുന്നു.
രണ്ട് സിറ്റിംഗ് സീറ്റുകളിൽ പരാജയപ്പെട്ടതോടെ കോൺഗ്രസിനുള്ളിൽ വരും ദിവസങ്ങളിൽ വലിയ പൊട്ടിത്തെറികളുണ്ടുമെന്ന് ഉറപ്പായിരിക്കുകയാണ്. പരസ്യ പ്രതികരണങ്ങളും വാദപ്രതിവാദങ്ങളുമായി നേതാക്കൾ മണിക്കൂറുകൾക്കുള്ളിൽ തന്നെ രംഗത്തെത്തുമെന്നുറപ്പ്. രണ്ടിടത്തും രമേശ് ചെന്നിത്തലയും ഉമ്മൻചാണ്ടിയും ജാതിക്കളിക്ക് ശ്രമിച്ചതിനാലാണ് പരാജയം ഏറ്റുവാങ്ങിയതെന്നാണ് അണികൾ പറയുന്നത്.
ഇതിനിടെ കൊച്ചി നഗരസഭയ്ക്കെതിരെ ശക്തമായ വിമർശനമുയർത്തി ഹൈബി ഈഡൻ എംപി രംഗത്തെത്തി. ജനങ്ങളുടെ പ്രശ്നങ്ങളിൽ നഗരസഭ കുറേക്കൂടി ജാഗ്രത കാണിക്കണമെന്നാണ് ഹൈബി പറഞ്ഞത്. പല പദ്ധതികളും നടപ്പാക്കാൻ വേഗതയില്ല. പല തവണ ഇത് ചൂണ്ടിക്കാട്ടിയിട്ടുണ്ടെന്നും ഹൈബി പറഞ്ഞു.
തെരഞ്ഞെടുപ്പ് കാലത്ത് ജനങ്ങൾ നഗരസഭയുടെ കാര്യക്ഷമതയെ കുറ്റപ്പെടുത്തി. നിഷ്പക്ഷ വോട്ടുകൾ ഇതുമൂലം ലഭിച്ചില്ല. പൊതു ജനവികാരം മനസ്സിലാക്കുന്നതിൽ നഗരസഭ പരാജയപ്പെട്ടു. നഗരസഭ ഭരിക്കുന്നത് കോൺഗ്രസാണ്. അധികാരത്തിലുള്ളവർ പാർട്ടിക്കു കൂടി വിധേയപ്പെടണം. പാർട്ടി ജനങ്ങളുമായുള്ള വിഷയങ്ങളിൽ ഇടപെടുമ്പോൾ ഉത്തരം പറയേണ്ട ബാധ്യതയുണ്ട്. നഗരസഭ കൂടിയാലോചനകളിൽ പരാജയപ്പെടുന്നു.
ബ്രഹ്മപുരം പ്ലാന്റ്, റോഡ് വികസനം, കേന്ദ്ര സർക്കാരിന്റെ സ്മാർട്ട് സിറ്റി, അമൃത് പദ്ധതികൾ എന്നിവ നടപ്പാക്കുന്നതിൽ നഗരസഭ പരാജയപ്പെട്ടു. നഗരസഭയുടെ പ്രവർത്തനങ്ങളെ വളരെ ഗൗരവത്തോടെ പാർട്ടി കാണണമെന്നും ഹൈബി പറഞ്ഞു.