കോഴിക്കോട്: കോണ്‍ഗ്രസ് ഗ്രൗണ്ട് റിപ്പോര്‍ട്ടില്‍ പിണറായി വിജയനും എല്‍ഡിഎഫ് സര്‍ക്കാരിനുമെതിരെ നിശബ്ദ തരംഗമുണ്ടെന്നാണ് വ്യക്തമാകുന്നത്. കോണ്‍ഗ്രസും യുഡിഎഫും ഇത്തവണ അപ്രതീക്ഷിതമായ ഇടങ്ങളില്‍ നേട്ടമുണ്ടാക്കും. കോണ്‍ഗ്രസ് പലയിടത്തും സ്വന്തം വോട്ടുബാങ്കിനും അപ്പുറത്തുള്ള വോട്ടുകള്‍ പ്രതീക്ഷിക്കുന്നുണ്ട്. ബിജെപി-ആര്‍എസ്എസ് കേഡര്‍ വോട്ടുകളാണ് ലഭിച്ചിട്ടുണ്ടെന്ന് കരുതുന്നത്. അനുഭാവി വോട്ടുകള്‍ ചിലയിടങ്ങളില്‍ ലഭിച്ചിട്ടുണ്ട്. ബിഡിജെഎസ് വോട്ടുകളും ചോര്‍ന്നുവെന്നാണ് കോണ്‍ഗ്രസ് കരുതുന്നത്. എസ്ഡിപിഐ-വെല്‍ഫെയര്‍ പാര്‍ട്ടി ഉള്‍പ്പെടെയുള്ളവരുടെ വോട്ടുകളും മലബാറിലും തിരുവനന്തപുരത്തുമായി ലഭിച്ചുവെന്ന് കോണ്‍ഗ്രസ് കരുതുന്നു. അതിന്റെ സൂചനകളും ലഭിച്ചിട്ടുണ്ട്. ഇത് ജയത്തില്‍ നിര്‍ണായകമാകും.
പാലായില്‍ ജോസ് കെ മാണി ഇത്തവണ വീഴുമെന്ന് കോണ്‍ഗ്രസ് പറയുന്നു. അടിയൊഴുക്കുകള്‍ പാലായില്‍ ശക്തമാണ്. മാണി സി കാപ്പന്റെ പ്രതിച്ഛായ മത്സരത്തില്‍ വഴിത്തിരിവുണ്ടാക്കും. കോട്ടയത്ത് രണ്ട് സീറ്റൊഴികെ ബാക്കിയെല്ലാം പിടിച്ചെടുക്കുമെന്ന് കോണ്‍ഗ്രസ് കണക്ക്കൂട്ടുന്നു. എറണാകുളത്ത് 12 സീറ്റ് നേടുമെന്ന് കോണ്‍ഗ്രസ് പറയുന്നു. കോട്ടയത്ത് നഷ്ടമാകുന്നത് ഏറ്റുമാനൂരും വൈക്കവുമാണ്. ഏറ്റുമാനൂരിലാണ് കോണ്‍ഗ്രസിന് വിമത സ്ഥാനാര്‍ത്ഥിയായി ലതികാ സുഭാഷുള്ളത്. ഇവരുടെ സാന്നിധ്യം വെല്ലുവിളിയാണെന്ന സൂചനയാണ് കോണ്‍ഗ്രസ് വിലയിരുത്തലിലുള്ളത്.
കോണ്‍ഗ്രസ് തെക്കന്‍ കേരളത്തില്‍ ഇത്തവണ തരംഗമുണ്ടാക്കുമെന്ന് ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. പാര്‍ട്ടിക്ക് ഓരോ ഇടത്തും നിന്നും ലഭിക്കുന്ന വിവരങ്ങള്‍ ഇക്കാര്യം ഉറപ്പിക്കുന്നു. 77 സീറ്റിലാണ് ഇപ്പോള്‍ യുഡിഎഫ് പ്രതീക്ഷ. 87 സീറ്റ് വരെയായി അത് ഉയരാമെന്നാണ് വിലയിരുത്തല്‍. കോണ്‍ഗ്രസ് അനുകൂല തരംഗം തന്നെ ഉണ്ടാവുമെന്ന് പ്രതീക്ഷ ഉണ്ട്. അതേസമയം ഭരണത്തുടര്‍ച്ച എന്ന പ്രചാരണം ഇടതുമുന്നണിക്ക് വലിയ വീഴ്ച്ചയുണ്ടാക്കിയതായി കോണ്‍ഗ്രസ് പറയുന്നു. വിവിധ ജില്ലകളില്‍ നിന്നുള്ള വിലയിരുത്തല്‍ പരിശോധിക്കുമ്പോള്‍ എല്‍ഡിഎഫ് വീഴാനാണ് സാധ്യത.
പ്രതിപക്ഷ നേതാവെന്ന നിലയില്‍ രമേശ് ചെന്നിത്തല ഉന്നയിച്ച വിഷയങ്ങള്‍ വലിയ ചര്‍ച്ചയായി എന്ന് കോണ്‍ഗ്രസ് വിലയിരുത്തുന്നു. ഇത് അനുകൂല ഘടകമാണ്. അതേസമയം സിപിഎം നിരവധി സിറ്റിംഗ് എംഎല്‍എമാരെ മാറ്റിയത് യുഡിഎഫിന് നേട്ടമായി. പലയിടത്തും മത്സരം തുല്യമാക്കി. മുസ്ലീം-ക്രിസ്ത്യന്‍ സമുദായ സംഘടനകളും യുഡിഎഫിനൊപ്പമായി. അഞ്ച് മന്ത്രിമാരും ഇത്തവണ മത്സരത്തിനില്ലായിരുന്നു. എന്‍എസ്എസിന്റെ അനുഭാവം നേരത്തെ തന്നെ പ്രകടമായിരുന്നു. ഇതെല്ലാം ചേരുമ്പോള്‍ ഒരു തരംഗമാകാനുള്ള സാധ്യതയാണ് കോണ്‍ഗ്രസിന് മുന്നിലുള്ളത്.
കുണ്ടറയില്‍ മേഴ്‌സിക്കുട്ടിയമ്മ വരെ വീഴുമെന്നാണ് കോണ്‍ഗ്രസിന് ലഭിക്കുന്ന വിവരം. അങ്ങനെയെങ്കില്‍ പിസി വിഷ്ണുനാഥ് ഇത്തവണ മന്ത്രിയാവാന്‍ വരെ സാധ്യതയുണ്ട്. 77 സീറ്റിന്റെ കണക്കില്‍ ശരിയായ ആത്മവിശ്വാസം കോണ്‍ഗ്രസിനുണ്ട്.കോണ്‍ഗ്രസ് ഉപതിരഞ്ഞെടുപ്പിലെ പോലെ വളരെ മോശം പ്രചാരണമാണ് വട്ടിയൂര്‍ക്കാവില്‍ നടത്തിയതെന്നാണ് നേതൃത്വം വിലയിരുത്തുന്നത്. വട്ടിയൂര്‍ക്കാവ് ഇത്തവണയും കൈവിടുമെന്നാണ് കോണ്‍ഗ്രസ് പറയുന്നത്. വീണ എസ് നായരെ പ്രവര്‍ത്തകര്‍ നിരാശപ്പെടുത്തിയെന്നാണ് വിലയിരുത്തല്‍. വയനാട് ജില്ലയില്‍ സുല്‍ത്താന്‍ ബത്തേരിയും മാനന്തവാടിയും ഉറച്ച സീറ്റെന്ന് കോണ്‍ഗ്രസ് പറയുന്നു. രാഹുല്‍ ഗാന്ധി ഫാക്ടര്‍ നഷ്ടമായ സീറ്റ് തിരിച്ചുപിടിക്കാന്‍ സഹായിക്കുമെന്നാണ് അടിത്തട്ടില്‍ നിന്നുള്ള വിവരം.
കണ്ണൂരില്‍ നിന്ന് മൂന്ന് സീറ്റാണ് ഉറപ്പാണെന്ന് കോണ്‍ഗ്രസ് പറയുന്നു. കണ്ണൂര്‍, ഇരിക്കൂര്‍, പേരാവൂര്‍, സീറ്റുകളാണ് ഉറപ്പിക്കുന്നത്. ഇതില്‍ കണ്ണൂര്‍ കടന്നപ്പള്ളി രാമചന്ദ്രനില്‍ നിന്നാണ് പിടിച്ചെടുക്കുക. സതീശന്‍ പാച്ചേനി ഇവിടെ മികച്ച ജയം നേടും. അഴീക്കോടും കൂത്തുപറമ്പുമാണ് കൂടെ നില്‍ക്കുമെന്ന് കോണ്‍ഗ്രസ് പ്രതീക്ഷിക്കുന്നു. കൂത്തുപറമ്പില്‍ കടുത്ത പോരാട്ടമാണ് നടന്നത്. ഇത് ജയിക്കേണ്ടത് കോണ്‍ഗ്രസിന് പ്രസ്റ്റീജ് ഇഷ്യൂ കൂടിയാണ്. സിപിഎമ്മിന്റെ കോട്ടയില്‍ അട്ടിമറി നടന്നാല്‍ അത് അധികാരത്തിലേക്കുള്ള വഴി കൂടുതല്‍ എളുപ്പമാക്കുമെന്ന് കോണ്‍ഗ്രസ് പ്രതീക്ഷിക്കുന്നു.
ആലപ്പുഴയിലും കുതിപ്പ് ആലപ്പുഴയില്‍ അഞ്ച് മുതല്‍ ഏഴ് സീറ്റ് വരെയാണ് കോണ്‍ഗ്രസ് പ്രതീക്ഷിക്കുന്നത്. ഇതില്‍ ആലപ്പുഴയും കായംകുളവും മറിയുമെന്നാണ് സൂചനകള്‍. കാസര്‍കോട്ട് മഞ്ചേശ്വരവും കാസര്‍കോടിനും പുറമേ ഉദുമയും കൂടെ പോരുമെന്ന് കോണ്‍ഗ്രസ് പറയുന്നു. ഉദുമ പിടിച്ചാല്‍ കേരളത്തിലെ ഏത് സീറ്റും പിടിക്കാമെന്ന ആത്മവിശ്വാസം കോണ്‍ഗ്രസ് സ്വന്തമാക്കും. കോഴിക്കോട് നോര്‍ത്തില്‍ ഇത്തവണ വന്‍ അട്ടിമറി തന്നെ കോണ്‍ഗ്രസ് പ്രതീക്ഷിക്കുന്നു. അഭിജിത്ത് തോട്ടത്തില്‍ രവീന്ദ്രനെ വീഴ്ത്തുമെന്നാണ് അടിയൊഴുക്കുകള്‍ സൂചിപ്പിക്കുന്നത്.
കോഴിക്കോട്ട് അഞ്ച് സീറ്റാണ് കോണ്‍ഗ്രസ് ഉറപ്പിക്കുന്നത്. കുറ്റ്യാടി, കൊയിലാണ്ടി, വടകരം, കോഴിക്കോട് സൗത്ത്, കൊടുവള്ളി എന്നിവ ഉറപ്പിച്ചെന്ന് കോണ്‍ഗ്രസ് പറയുന്നു. കൊല്ലത്തും അഞ്ച് സീറ്റ് കോണ്‍ഗ്രസ് ഉറപ്പിക്കുന്നു. ചവറ, കുണ്ടറ, കൊല്ലം സീറ്റുകള്‍ കൂടെ പോരുമെന്ന് കോണ്‍ഗ്രസ് പറയുന്നു. മലപ്പുറത്ത് രണ്ട് സീറ്റ് കൂടുതല്‍ നേടുമെന്ന് കോണ്‍ഗ്രസ് പറയുന്നു. ഇതിലൊന്ന് കെടി ജലീലിന്റെ തവനൂരാണ്. തൃത്താലയും പാലക്കാടും ടൈറ്റ് പോരില്‍ കൂടെ പോരും. അതേസമയം ഇടതുമുന്നണിയുടെ വോട്ട് ചോര്‍ത്തുക പിണറായിയെ ക്യാപ്റ്റനെന്ന് വിശേഷിപ്പിച്ചതായിരിക്കും. കണ്ണൂര്‍ ലോബി പാര്‍ട്ടി കീഴടക്കിയെന്ന് തെക്കന്‍ ജില്ലകളില്‍ സിപിഎം പ്രവര്‍ത്തകരില്‍ വികാരമുണ്ടെന്ന് കോണ്‍ഗ്രസ് പ്രതീക്ഷിക്കുന്നു.
നിയമസഭ തിരഞ്ഞെടുപ്പിൽ എറണാകുളത്ത് ഇക്കുറി ട്വന്റി 20 യുടെ സാന്നിധ്യം നിർണായകമാകും എന്ന കാര്യത്തിൽ തർക്കമില്ല. എന്നാൽ ഏത് മുന്നണികളുടെ സാധ്യതയാകും ട്വന്റി 20 ഇല്ലാതാക്കുക? യുഡിഎഫിനെയോ? അതോ എൽഡിഎഫിനേയോ? എൽഡിഎഫിനെ എന്ന് ചിലർ വാദിക്കുന്നുണ്ടെങ്കിലും അല്ലെന്നാണ് രാഷ്ട്രീയ നിരീക്ഷകർ ചൂണ്ടിക്കാട്ടുന്നത്. യുഡിഎഫിന്റെ നെഞ്ചിലെ തീയാകും ട്വന്റി 20യെന്നും ഇക്കൂട്ടർ പറയുന്നു. അതിന് കാരണവുമുണ്ട്, എന്തെന്നല്ലേ? പറയാം. അതോടൊപ്പം മറ്റൊരു കാര്യം കൂടിയുണ്ട്. പ്രധാനമായും 8 മണ്ഡലങ്ങളിലാകും ട്വന്റി 20 യുഡിഎഫിന് കനത്ത പ്രഹരം തീർക്കുക.പരിശോധിക്കാം.
2016 ലെ നിയമസഭ തിരഞ്ഞെടുപ്പിൽ ഇടത് തരംഗത്തിനിടയിലും യുഡിഎഫിന് ആശ്വാസ വിജയം നൽകിയ ജില്ലയാണ് എറണാകുളം. ആകെയുള്ള 14 മണ്ഡലങ്ങളിൽ 9 സീറ്റും നേടാൻ യുഡിഎഫിന് ഇവിടെ സാധിച്ചിരുന്നു. ഇക്കുറി ഭരണ മാറ്റം പ്രതീക്ഷിക്കുന്ന യുഡിഎഫ് എറണാകുളത്ത് നിന്ന് 11 സീറ്റെങ്കിലും പിടിക്കണമെന്ന കണക്ക് കൂട്ടലിലാണ്. എന്നാൽ കുന്നത്തുനാട്, പെരുമ്പാവൂർ കോതമംഗലം, മൂവാറ്റുപുഴ, തൃക്കാക്കര, എറണാകുളം, കൊച്ചി, വൈപ്പിൻ മണ്ഡലങ്ങളിൽ ഇത്തവണ ട്വന്റി 20യുടെ സാന്നിധ്യം പല അട്ടിമറികൾക്കും കാരണമാകുമെന്നാണ് വിലയിരുത്തപ്പെടുന്നത്.