കൊച്ചി: യുണൈറ്റഡ് നഴ്‌സസ് അസോസിയേഷന്‍ ഫണ്ട് തട്ടിപ്പ് കേസില്‍ ജാസ്മിന്‍ ഷാ ഉള്‍പ്പെടെയുള്ളവരുടെ സ്വത്തുക്കള്‍ കണ്ടുകെട്ടി ഇഡി. 1. 44 കോടി രൂപയുടെ സ്വത്തുക്കളാണ് കണ്ടുകെട്ടിയത്. കള്ളപ്പണം വെളുപ്പിക്കല്‍ വകുപ്പിലാണ് ഇഡി കേസെടുത്തിരുന്നത്. യുഎന്‍എ പ്രസിഡന്റായിരുന്ന കാലത്തെ സാമ്പത്തിക ഇടപാടുകളുടെ പേരിലാണ് ഇഡിയുടെ നടപടി. നേത്തെ ക്രൈംബ്രാഞ്ച് അന്വേഷണം നടന്നിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ഇപ്പോള്‍ ഇഡിയും നടപടി കൈക്കൊണ്ടിരിക്കുന്നത്.
2017-2019 കാലയളവില്‍ യുഎന്‍എ ദേശീയ അധ്യക്ഷനായിരുന്ന ജാസ്മിന്‍ ഷാ മറ്റ് ഭാരവാഹികളുമായി ചേര്‍ന്ന് നടത്തിയ തട്ടിപ്പിലാണ് നടപടി.തട്ടിപ്പ് നടക്കുന്ന സമയത്ത് സംഘടനയുടെ ദേശീയ പ്രസിഡന്റായിരുന്നു ജാസ്മിന്‍ ഷാ. നഴ്‌സുമാരില്‍ നിന്ന് പിരിച്ചെടുത്ത മെമ്പര്‍ഷിപ്പ് ലെവിയും മറ്റ് ഫണ്ടുകളും വ്യാപകമായി ദുരുപയോഗം ചെയ്തുവെന്നാണ് കണ്ടെത്തല്‍. ക്രൈംബ്രാഞ്ച് രജിസ്റ്റര്‍ ചെയ്ത കേസിന്റെയും, തൃശൂര്‍ സിജെഎം കോടതിയില്‍ സമര്‍പ്പിച്ച കുറ്റപത്രത്തിന്റെയും അടിസ്ഥാനത്തിലാണ് ഇ.ഡി അന്വേഷണം ആരംഭിച്ചത്. ഇതിന്റെ അടിസ്ഥാനത്തിലാണ് ജാസ്മിന്‍ഷ എം, ഷബ്‌ന എം എ, ബിബിന്‍ എന്‍ പോള്‍, ഷോബി ജോസഫ് എന്നിവരുടെ സ്വത്തുക്കള്‍ താല്‍ക്കാലികമായി ഇഡി കണ്ടുകെട്ടിയത്.
മലപ്പുറം, പാലക്കാട്, തൃശൂര്‍, ഇടുക്കി ജില്ലകളിലായുള്ള ഭൂമിയും ഫ്‌ളാറ്റുമാണ് കണ്ടുകെട്ടിയതില്‍ ഉള്‍പ്പെടുന്നത്. അന്വേഷണം പുരോഗമിക്കുകയാണെന്നും, വരും ദിവസങ്ങളില്‍ കൂടുതല്‍ നടപടികള്‍ ഉണ്ടായേക്കാമെന്നും ഇഡി വ്യക്തമാക്കി.
അതിനിടെ വിശദീകരണവുമായി തട്ടിപ്പിലെ പ്രതി ജാസ്മിൻ ഷാ രംഗത്ത് വന്നു . ഇഡി അറ്റാച്ച് ചെയ്തിരിക്കുന്നത് ഏതൊക്കെ വസ്തുക്കളാണ് എന്നു ചൂണ്ടിക്കാട്ടിയാണ് നടപടി കൈക്കൊണ്ടിരിക്കുന്നത്. 2022 ല്‍ താന്‍ വാങ്ങിയ തന്റെ പേരിലുളള 63 ലക്ഷം രൂപയുടെ സ്വത്താണ് കണ്ടുകെട്ടിയവയില്‍ ഒന്ന്. ഭാര്യ ഷബ്‌നയുടെ പേരിലുളള പുരയിടത്തിനായചി 18 ലക്ഷം രൂപയാണ് കാണിച്ചിരിക്കുന്നത്. ഇത് കൂടാതെ ജാസ്മിന്‍ ഷായുടെ പേരില്‍ രണ്ട് ഫിക്‌സഡ് ഡെപ്പോസിറ്റുകളും ഭാര്യുടെ സമ്പാദ്യമായി രണ്ട് ഫിക്‌സഡ് ഡിപ്പോസിറ്റുകളുമാണ് അറ്റാച്ച് ചെയ്തിരിക്കുന്നത്. 2018, 2023 ല്‍ ബിബിന്‍ എന്‍ പോളിന്റെ പേരിലുളള രണ്ട് വസ്തുവകകളും, 2019 ല്‍ ഷോബി ജോസഫിന്റെ പേരിലുള്ള ഒരു വസ്തുവഹകളുമാണ് ഇഡി കണ്ടെത്തിയിരിക്കുന്നത്.








