ദേശീയപാതാ ഉപരോധം അവസാനിപ്പിച്ചത് കളക്ടര്‍ നേരിട്ടെത്തി ഉറപ്പ് നല്‍കിയതോടെ; ആശുപത്രി മാനേജ്മെന്റുമായുള്ള ചര്‍ച്ച പരാജയം; അമല, ജൂബിലി മിഷന്‍ ആശുപത്രികളില്‍ നഴ്‌സുമാരുടെ സമരം തുടരും; ബിഷപ്പ് ഹൗസിന് മുന്നില്‍ സമരം തുടര്‍ന്നത് പുലര്‍ച്ചെ മൂന്ന് വരെ

തൃശ്ശൂര്‍: തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ മെഡിക്കല്‍ കോളേജുകളായ അമല, ജൂബിലി മിഷന്‍ ആശുപത്രികളിലെ നഴ്‌സുമാര്‍ നടത്തിവരുന്ന അനിശ്ചിതകാല സമരം ഒത്തുതീര്‍പ്പാക്കാന്‍ തൃശ്ശൂര്‍ അതിരൂപത ആര്‍ച്ച് ബിഷപ്പ് മാര്‍ ആന്‍ഡ്രൂസ് താഴത്തിന്റെ നേതൃത്വത്തില്‍ നടന്ന നിര്‍ണ്ണായക ചര്‍ച്ച പരാജയപ്പെട്ടു. ഇതേത്തുടര്‍ന്ന് യുണൈറ്റഡ് നഴ്‌സസ് അസോസിയേഷന്റെ (യു.എന്‍.എ) നേതൃത്വത്തില്‍ നഴ്‌സുമാര്‍ ബിഷപ്പ് ഹൗസിന് മുന്നില്‍ നടത്തിയ ഉപരോധവും കുത്തിയിരിപ്പ് സമരവും പുലര്‍ച്ചെ മൂന്ന് മണി വരെ നീണ്ടു.

ഒടുവില്‍ തൃശ്ശൂര്‍ ജില്ലാ കളക്ടര്‍ നേരിട്ടെത്തി മൂന്ന് ദിവസത്തിനകം സര്‍ക്കാര്‍ തലത്തില്‍ അനുകൂലമായ പരിഹാരം ഉറപ്പുനല്‍കിയതിനെ തുടര്‍ന്നാണ് പുലര്‍ച്ചെയോടെ താല്ക്കാലികമായി റോഡ് ഉപരോധം അവസാനിപ്പിച്ചത്. പക്ഷേ ആശുപത്രി മാനേജ്മെന്റിനെതിരായ സമരം തുടരും. ആവശ്യങ്ങള്‍ അംഗീകരിക്കും വരെ സമരം തുടരാനാണ് തീരുമാനം.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

നഴ്‌സുമാരുടെ മിനിമം വേതനം സംബന്ധിച്ച് സര്‍ക്കാര്‍ പുതിയ വിജ്ഞാപനം പുറപ്പെടുവിക്കുന്നത് വരെ നിലവിലെ സ്ഥിതി തുടരാമെന്ന ആര്‍ച്ച് ബിഷപ്പിന്റെ നിലപാടാണ് ചര്‍ച്ച പരാജയപ്പെടാന്‍ കാരണമായത്. എന്നാല്‍, 105 ദിവസമായി നീളുന്ന സമരത്തില്‍ കൃത്യമായൊരു തീരുമാനം ഉണ്ടാകുന്നത് വരെ വിട്ടുവീഴ്ചയ്ക്കില്ലെന്ന് യു.എന്‍.എ ഭാരവാഹികള്‍ വ്യക്തമാക്കി. പുതിയ വേതന വ്യവസ്ഥ വരുന്നത് വരെ ഇടക്കാല അലവന്‍സെങ്കിലും അനുവദിക്കണമെന്ന സമരക്കാരുടെ ആവശ്യം മാനേജ്‌മെന്റ് പ്രതിനിധികള്‍ തള്ളിയതോടെ ചര്‍ച്ച പൂര്‍ണ്ണമായും വഴിമുട്ടുകയായിരുന്നു.

ചര്‍ച്ച പരാജയപ്പെട്ട വാര്‍ത്ത പുറത്തുവന്നതോടെ ജൂബിലി മിഷന്‍ ആശുപത്രി പരിസരത്തുനിന്നും ബിഷപ്പ് ഹൗസിന് സമീപത്തെ റോഡിലേക്ക് നഴ്‌സുമാര്‍ വന്‍ പ്രകടനം നടത്തി. ബിഷപ്പ് ഹൗസിന് തൊട്ടുമുന്‍പായി സമരക്കാരെ പോലീസ് തടഞ്ഞെങ്കിലും അഞ്ഞൂറോളം വരുന്ന നഴ്‌സുമാര്‍ റോഡില്‍ കുത്തിയിരുന്ന് ഉപരോധം ആരംഭിക്കുകയായിരുന്നു. കൈക്കുഞ്ഞുങ്ങളുമായി എത്തിയ നിരവധി വനിതാ നഴ്‌സുമാരും പുലര്‍ച്ചെ വരെ നീണ്ട ഈ ശക്തമായ ഉപരോധ സമരത്തില്‍ പങ്കെടുത്തു. വൈകുന്നേരം ആറ് മണിക്ക് ശേഷമുള്ള സമയമായതിനാല്‍ സ്ത്രീകളെ അറസ്റ്റ് ചെയ്യാന്‍ മജിസ്‌ട്രേറ്റിന്റെ പ്രത്യേക അനുമതി വാങ്ങേണ്ടി വന്നത് പോലീസിനെ വലച്ചു. രാത്രി എട്ട് മണിയോടെ അനുമതി ലഭിച്ചെങ്കിലും വന്‍ ജനപങ്കാളിത്തം കണക്കിലെടുത്ത് കടുത്ത നടപടികളിലേക്ക് നീങ്ങാന്‍ പോലീസ് മുതിര്‍ന്നില്ല.

പ്രതിഷേധം അര്‍ദ്ധരാത്രി കഴിഞ്ഞും കടുത്തതോടെയാണ് ജില്ലാ കളക്ടര്‍ പുലര്‍ച്ചെ നേരിട്ട് സ്ഥലത്തെത്തി സമരക്കാരുമായി സംസാരിച്ചത്. മൂന്ന് ദിവസത്തിനകം തിരുവനന്തപുരത്ത് നടക്കുന്ന സര്‍ക്കാര്‍ തല ചര്‍ച്ചകളില്‍ അനുകൂലമായ തീരുമാനം ഉണ്ടാക്കുമെന്നും നഴ്‌സുമാരുടെ മിനിമം വേതനം സര്‍ക്കാര്‍ പുതുക്കി നിശ്ചയിച്ച് കൂട്ടാന്‍ സാധ്യതയുണ്ടെന്നും കളക്ടര്‍ ഉറപ്പുനല്‍കി. നിലവില്‍ മിനിമം വേതന വര്‍ദ്ധനവുമായി ബന്ധപ്പെട്ട നിര്‍ണ്ണായക ചര്‍ച്ചകള്‍ തിരുവനന്തപുരത്ത് പുരോഗമിക്കുകയാണ്.

കളക്ടറുടെ ഔദ്യോഗിക ഉറപ്പിന്മേല്‍ പുലര്‍ച്ചെ മൂന്ന് മണിയോടെ റോഡ് ഉപരോധം അവസാനിപ്പിച്ചെങ്കിലും, ആവശ്യങ്ങള്‍ പൂര്‍ണ്ണമായി അംഗീകരിക്കുന്നത് വരെ അമല, ജൂബിലി മിഷന്‍ ആശുപത്രികളിലെ ജോലി ബഹിഷ്‌കരിച്ചുള്ള സമരം ശക്തമായി തുടരുമെന്ന് യു.എന്‍.എ ഭാരവാഹികള്‍ അറിയിച്ചു.

 

Top