ന്യൂഡല്‍ഹി :ഡല്‍ഹി ചെങ്കോട്ടയ്ക്ക് സമീപം ഉണ്ടായ സ്‌ഫോടനം ഭീകരാക്രമണമാണെന്ന് വ്യക്തമാക്കി കേന്ദ്രം. സ്‌ഫോടനത്തില്‍ കേന്ദ്ര മന്ത്രിസഭ അനുശോചനം രേഖപ്പെടുത്തി. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വസതിയില്‍ ചേര്‍ന്ന യോഗത്തില്‍ ,മരണപ്പെട്ടവര്‍ക്ക് ആദരാഞ്ജലി അര്‍പ്പിക്കുകയും രണ്ട് മിനിട്ട് മൗനം ആചരിക്കുകയും ചെയ്തു.
ഏതൊരു രൂപത്തിലുള്ള ഭീകരതയോടും സന്ധിയില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍ ആവര്‍ത്തിച്ച് വ്യക്തമാക്കി. കുറ്റവാളികളെ നിയമത്തിന് മുന്നില്‍ കൊണ്ടുവരാന്‍ കേന്ദ്ര ഏജന്‍സികള്‍ക്ക് അടിയന്തര നിര്‍ദ്ദേശം നല്‍കി. ദേശവിരുദ്ധ ശക്തികള്‍ നടത്തിയത് ഹീനമായ പ്രവൃത്തിയാണെന്ന് മന്ത്രിസഭാ യോഗം അപലപിച്ചു.
യുക്തിരഹിതമായ അക്രമമാണ് നടന്നതെന്നും സര്‍ക്കാര്‍ വിലയിരുത്തി.ലോകാരാജ്യങ്ങള്‍ നല്‍കിയ പിന്തുണയ്ക്ക് കേന്ദ്രം നന്ദി അറിയിച്ചു. ആക്രമണത്തിന് പിന്നില്‍ പ്രവര്‍ത്തിച്ചവരെയും ഗൂഢാലോചനയില്‍ പങ്കാളികളായവരെയും കണ്ടെത്താന്‍ ശക്തവും അതിവേഗത്തിലുമുള്ള അന്വേഷണം നടത്തണമെന്ന് കേന്ദ്രസര്‍ക്കാര്‍ നിര്‍ദ്ദേശം നല്‍കി.
ഭീകരവാദികളെ സ്‌പോണ്‍സര്‍ ചെയ്തവരെ അടക്കം കണ്ടെത്തണമെന്നാണ് അന്വേഷണ ഏജന്‍സികള്‍ക്ക് നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്. ഉന്നതതലത്തില്‍ സ്ഥിതിഗതികള്‍ സൂക്ഷ്മായി നിരീക്ഷിക്കുകയാണെന്നും സര്‍ക്കാര്‍ അറിയിച്ചു.






