കേരളമെന്താ വെള്ളരിക്കാപ്പട്ടണമോ..? സിപിഎം എന്താണ് കേരളീയരെക്കുറിച്ച് കരുതുന്നത്. തങ്ങൾ നടത്തുന്ന അട്ടിമറികൾ പിടിക്കപ്പെടില്ലെന്ന് കരുതിയാണോ… അതോ ഇതെല്ലാം ജനങ്ങൾ തങ്ങൾക്ക് അനുവദിച്ച് തന്നിട്ടുണ്ട് എന്ന് കരുതിയാണോ ഈ സർക്കാർ മുന്നോട്ട് പോകുന്നത്. ഇത്തരത്തിൽ ചോദിക്കാൻ കാരണം യൂണിവേഴ്‌സിറ്റി കോളേജില്‍ സ്വന്തം സംഘടനയിലെ ഒരു യുവാവിനെ കുത്തിമലർത്തിയ രണ്ട് എസ്എഫ്ഐ ഗുണ്ടകൾക്ക് പോലീസിൻ്റെ പിടിപ്പുകേടിൽ ജാമ്യം ലഭിച്ചിരിക്കുകയാണ്.
വധശ്രമക്കേസിൽ മാത്രമല്ല ഇവർ പ്രതിയായിട്ടുള്ളത് വളരെ ഗുരുതരമായ മറ്രൊരു കേസായ പിഎസ്സി പരീക്ഷാ അട്ടിമറിക്കേസിലും ഇവർ പ്രധാന പ്രതികളാണ്. ഇവർക്കാണ് ഇപ്പോൾ സ്വാഭാവിക ജാമ്യം ലഭിച്ചിരിക്കുന്നത്. യുണിവേഴ്സിറ്റി കോളേജ് വധശ്രമക്കേസിലും പി.എസ്.സി പരീക്ഷ ക്രമക്കേടുമായി ബന്ധപ്പെട്ട കേസിലെ മുഖ്യപ്രതികളായ ശിവരഞ്ജിത്തിനും നസീമിനുംമാണ് ഇപ്പോൾ സ്വാഭാവിക ജാമ്യം ലഭിച്ചിരിക്കുന്നത്. ഇരുവരും ജയിൽ മോചിതരായി. പി.എസ്.സി തട്ടിപ്പ് കേസിൽ പോലീസ് കുറ്റപത്രം നൽകാതിരുന്നതാണ് സ്വാഭാവിക ജാമ്യം ലഭിക്കാൻ കാരണം.
എല്ലാ കേസിലും ജാമ്യം ലഭിച്ചതോടെയാണ് പ്രതികൾ സെൻട്രൽ ജയിൽ വിട്ടത്. നേരത്തെ യൂണിവേഴ്സിറ്റി കോളേജ് വധശ്രമക്കേസിൽ കോടതി ഇരുവർക്കും ജാമ്യം അനുവദിച്ചിരുന്നു. ഇതിന് പിന്നാലെയാണ് പി.എസ്.സി പരീക്ഷ ക്രമക്കേടിൽ ഹൈക്കോടതി സ്വാഭാവിക ജാമ്യം നൽകാമെന്ന് കഴിഞ്ഞ ദിവസം ഉത്തരവിറക്കിയത്. യൂണിവേഴ്സിറ്റി കോളേജ് വധശ്രമക്കേസിൽ പോലീസ് ഇതുവരെ കുറ്റപത്രം സമർപ്പിച്ചിട്ടില്ല.
90 ദിവസത്തിനുള്ളിൽ കുറ്റപത്രം സമർപ്പിക്കാതിരുന്നതാണ് ഇത്തരത്തിൽ ജാമ്യം ലഭിക്കാനിടയാക്കിയത്. പി.എസ്.സി തട്ടിപ്പ് കേസിലും സമാനമായ സാഹചര്യമാണുള്ളത്. പ്രതികളിൽ ചിലർകൂടി പിടിയിലാവാനുള്ളതാണ് യൂണിവേഴ്സിറ്റി കോളേജ് വധശ്രമക്കേസിൽ കുറ്റപത്രം സമർപ്പിക്കുന്നത് വൈകാനുള്ള കാരണമെന്നാണ് പോലീസിന്റെ വിശദീകരണം. പി.എസ്.സി കേസിൽ അന്വേഷണം വൈകിയാണ് തുടങ്ങിയതെന്നും അതിനാൽ കുറ്റപത്രം സമർപ്പിക്കാനായിട്ടില്ലെന്നാണ് ക്രൈംബ്രാഞ്ച് പറയുന്നത്.
എല്ലാം സർക്കാരിൻ്റെ സമ്മർദ്ദം മൂലമുള്ള കളിയാണെന്നാണ് ഇതിൽ നിന്നും തെളിയുന്നത്. യൂണിവേഴ്സിറ്റി കോളേജ് വധശ്രമക്കേസിൽ ആകെ 19 പ്രതികളാണുള്ളത്. ഇതിൽ ഒരാൾകൂടെ പിടിയിലാവാനുണ്ടെന്നാണ് പോലീസ് പറയുന്നത്. ഈ കേസിൽ കുറ്റപത്രം സമർപ്പിക്കാത്തത് വലിയ വിമർശങ്ങൾക്ക് കാരണമായിരുന്നു. ഇതിനു പിന്നാലെയാണ് പി.എസ്.സി കേസിലും സമാനമായ സാഹചര്യമുണ്ടായത്. ഇത് വരും ദിവസങ്ങളിൽ വലിയ വിവാദങ്ങൾക്ക് കാരണമായേക്കും.
ഇതിനിടെ ജയിലിൽ റിമാന്‍ഡില്‍ കഴിയുന്നയ നസീമിനെ പാര്‍പ്പിച്ചിരിക്കുന്ന സെന്‍ട്രല്‍ ജയിലിലെ എട്ടാം ബ്ലോക്കില്‍നിന്ന് കഞ്ചാവ് പിടിച്ചെടുത്തിരുന്നു.. നസീമിന്റെ ശരീരത്തില്‍ ഒളിപ്പിച്ച നിലയിലായിരുന്നു കഞ്ചാവ്. നസീമുള്‍പ്പടെ ഏഴ് തടവുകാരില്‍നിന്നാണ് പോലീസ് കഞ്ചാവ് കണ്ടെടുത്തത്. പ്രതികള്‍ കഞ്ചാവും ലഹരിവസ്തുക്കളും ഉപയോഗിക്കുന്നുണ്ടെന്ന വിവരത്തെ തുടര്‍ന്ന് പൂജപ്പുര സെന്‍ട്രല്‍ ജയിലിലെ ബ്ലോക്കുകളില്‍ ഉദ്യോഗസ്ഥര്‍ റെയ്ഡ് നടത്തിയതിനിടെയാണ് നസീം കഞ്ചാവുമായി പിടിയിലായത്. ഇതനിലും കേസൊന്നും എടുത്തിട്ടില്ലെന്നതും വിചിത്രമാണ്. പിണറായി സർക്കാർ തങ്ങളുടെ ഗുണ്ടകൾക്കായി ഏതറ്റംവരെയും പോകുമെന്നതിന് തെളിവാണിത്. വധ ശിക്ഷയെ വരെ എതിർക്കുന്ന ഉന്നത ജനാധിപത്യബോധമുള്ളതെന്നൊക്കെ വെറുതേ തള്ളാൻ കൊള്ളാം കീഴടങ്ങാനെത്തുന്ന വ്യത്യസ്ത രാഷ്ട്രീയം കൈകാര്യം ചെയ്യുന്നവരെ വെടിവച്ചു കൊല്ലുകയും സ്വന്തക്കാരായ കുറ്റവാളികളെ ലക്ഷങ്ങൾ സർക്കാർ ഖജനാവിൽ നിന്നും ചെലവിട്ട് സംരക്ഷിക്കുകയും ചെയ്യുന്ന പിണറായി വിജയൻ സർക്കാരിൻ്റെ ഇരട്ടത്താപ്പ് മറ നീക്ക് പിറത്തുവരികയാണിവിടെ.