യുഎസ്‌ ഓപ്പണില്‍ ഫ്‌ളാവിയ പെനേറ്റയ്ക്ക്‌

ന്യൂയോര്‍ക്ക്: യു.എസ് ഓപണ്‍ ടെന്നീസ് വനിതാ സിംഗിള്‍സ് കിരീടം ഇറ്റലിയുടെ ഫ്ളാവിയ പെന്നേറ്റ സ്വന്തമാക്കി. നാട്ടുകാരിയും കൂട്ടുകാരിയുമായ റോബര്‍ട്ട വിന്‍സിയെ നേരിട്ടുള്ള സെറ്റുകള്‍ക്ക് പരാജയപ്പെടുത്തിയാണ് 33കാരിയായ പെന്നേറ്റ കിരീടം ചൂടിയത്. ആദ്യസെറ്റ് കടുത്ത പോരാട്ടത്തിനൊടുവിലാണ് പെന്നേറ്റ സ്വന്തമാക്കിയത്. എന്നാല്‍ രണ്ടാം സെറ്റില്‍ വിന്‍സി പൊരുതാന്‍ മിനക്കെടാതെ പരാജയം സമ്മതിക്കുകയായിരുന്നു. സ്കോര്‍: 7^6 (4), 6^2.

ഇതോടെ യു.എസ് ഓപണ്‍ നേടുന്ന പ്രായം കൂടിയ താരമെന്ന റെക്കോര്‍ഡും പെന്നേറ്റക്കു സ്വന്തമായി. നേരത്തെ വമ്പന്‍ അട്ടിമറികള്‍ നടത്തിയാണ് ഇറ്റാലിയന്‍ കൂട്ടുകാരികള്‍ ഫൈനലിലെ ത്തിയത്. ലോക ഒന്നാം നമ്പര്‍ താരം സെറീന വില്യംസിനെ വിന്‍സി സെമിയില്‍ മറിച്ചപ്പോള്‍ പെന്നേറ്റ ലോക രണ്ടാം നമ്പര്‍ താരം സിമോണ ഹാലപ്പിനെ നേരിട്ടുള്ള സെറ്റിന് പരാജയപ്പെടുത്തിയാണ് ഫൈനലില്‍ പ്രവേശിച്ചത്.

പുരസ്കാരദാന ചടങ്ങില്‍ ഏവരെയും ഞെട്ടിച്ചു കൊണ്ട് തന്‍െറ വിരമിക്കല്‍ തീരുമാനം പെന്നേറ്റ പ്രഖ്യാപിക്കുകയായിരുന്നു. മത്സരം കാണാനത്തെിയ ഇറ്റാലിയന്‍ പ്രധാനമന്ത്രി മറ്റയോ രെന്‍സിയെയടക്കം വിരമിക്കല്‍ വാര്‍ത്ത കേട്ട് ആശ്ചര്യനായി. യു.എസ് ഓപണ്‍ ടൂര്‍ണമെന്‍റിനു മുമ്പേ വിരമിക്കല്‍ തീരുമാനമെടുത്തിരുന്നതായി പെന്നേറ്റ വ്യക്തമാക്കി. എന്‍െറ ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട തീരുമാനമായിരുന്നു അത്. ഇതുതന്നെയാണ് വിരമിക്കാനുള്ള ഏറ്റവും ഉചിതമായ വേദി-പെന്നേറ്റ പറഞ്ഞു.

യു.എസ് ഓപണ്‍ പുരുഷ സിംഗ്ള്‍സ് ഫൈനലില്‍ ലോക ഒന്നാം നമ്പര്‍ നൊവാക് ദ്യോകോവിച്ചും രണ്ടാം നമ്പര്‍ റോജര്‍ ഫെഡററും ഇന്ന് ഏറ്റുമുട്ടും.

Top