തിരുവനന്തപുരം: നിയുക്ത പ്രതിപക്ഷ നേതാവ് പിണറായി വിജയനെ സന്ദര്‍ശിച്ച് നിയുക്ത മുഖ്യമന്ത്രി വി ഡി സതീശന്‍. തിരുവനന്തപുരത്തെ പിണറായി വിജയന്റെ വാടക വീട്ടിലെത്തിയായിരുന്നു സന്ദര്‍ശനം.
ബേക്കറി ജംഗ്ഷനിലെ പിണറായിയുടെ വസതിയിലെത്തി കൂടിക്കാഴ്ച നടത്തി. ചായ സത്കാരത്തിന് ശേഷം വി ഡി സതീശൻ മടങ്ങി. അദ്ദേഹത്തിന്റെ പിന്തുണ തേടിയാണ് എത്തിയത്. അദ്ദേഹം കേരളത്തിലെ മുതിർന്ന നേതാവ്. പിണറായി സർക്കാർ തുടങ്ങിവച്ച വികസന പ്രവർത്തനങ്ങൾ തുടരുമെന്ന് വി ഡി സതീശൻ വ്യക്തമാക്കി. പിണറായി വിജയൻ കാര്യങ്ങൾ പിന്നെ പറയാം എന്ന ഒറ്റവരിയിൽ പ്രതികരിച്ചു. ഇനി അദ്ദേഹം രമേശ് ചെന്നിത്തലയെ സന്ദർശിക്കാൻ വസതിയിലേക്ക് പുറപ്പെടും.
മുഖ്യമന്ത്രി പ്രഖ്യാപനം വന്നയുടനെ തന്നെ പിണറായിയെ ഫോണിൽ ബന്ധപ്പെട്ടെങ്കിലും കിട്ടിയിരുന്നില്ല. അതുകൊണ്ടാണ് പിണറായിയെ നേരിൽ കാണാൻ സതീശൻ എത്തുന്നത്. ഉച്ചയോടെ യുഡിഎഫ് യോഗത്തിൽ സതീശൻ പങ്കെടുക്കും. ഇതിന് ശേഷം സതീശൻ തിരുവനന്തപുരം വിമാനത്താവളത്തിൽ നിന്ന് കൊച്ചിയിലേക്ക് പോകും. വൈകിട്ട് 6.30 ഓടെ നെടുമ്പാശേരി വിമാനത്താവളത്തിലെത്തുന്ന വി.ഡി. സതീശന് ഗംഭീര സ്വീകരണമാണ് കോൺഗ്രസ് പ്രവർത്തകർ ഒരുക്കിയിട്ടുള്ളത്.









