മല്യയെ എളുപ്പത്തില്‍ കിട്ടില്ലെന്ന് നിയമവിദഗ്ധര്‍; നിയമനടപടി വര്‍ഷങ്ങള്‍ നീണ്ടേക്കും.ഇന്ത്യന്‍ മാധ്യമങ്ങളെ പരിഹസിച്ച് മല്യ

ലണ്ടന്‍: ബ്രിട്ടണില്‍ സ്കോ‌ട്‌ലന്‍ഡ് യാര്‍ഡിന്‍റെ പിടിയിലായ വിജയ് മല്യയെ അത്രയെളുപ്പം വിട്ടുകിട്ടില്ലെന്നു നിയമവിദഗ്ധര്‍ .സാധാരണഗതിയില്‍ ഏതെങ്കിലും രാജ്യം ഒരാള്‍ക്കെതിരായി നാടുകടത്തലിന് അപേക്ഷ സമര്‍പ്പിച്ചിട്ടുണ്ടെങ്കില്‍ അറസ്റ്റ് ചെയ്ത് അറുപതു ദിവസത്തിനു ശേഷം മാത്രമേ അയാള്‍ക്കു ജാമ്യം നല്‍കാറുള്ളു. എന്നാല്‍ മല്യയെ അറസ്റ്റ് ചെയ്തു മണിക്കൂറുകള്‍ക്കുള്ളില്‍ ബ്രിട്ടീഷ് കോടതി ജാമ്യം അനുവദിച്ചത് ഇന്ത്യക്കു കാര്യങ്ങള്‍ അത്രയെളുപ്പമാവില്ലെന്നതിന്റെ സൂചനയാണെന്ന് മുതിര്‍ന്ന അഭിഭാഷകരായ കെടിഎസ് തുള്‍സി, ദുഷ്യന്ത് ദാവെ എന്നിവര്‍ അഭിപ്രായപ്പെട്ടു.
അതേസമയം വിജയ് മല്യ ഇന്ത്യ മാധ്യമങ്ങളെ പരിഹസിച്ച് ട്വിറ്റ് ചെയ്തു. ഇന്ത്യന്‍ മാധ്യമങ്ങള്‍ അമിത ആവേശം തുടങ്ങിയെന്നും എന്നാല്‍ തന്നെ ഇന്ത്യയ്ക്കു കൈമാറാനുള്ള വാദം കോടതിയില്‍ ഇന്ന് ആരംഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം ട്വിറ്ററില്‍ കുറിച്ചു.
ബ്രിട്ടനിലെ കോടതികള്‍ ഏറെ സ്വതന്ത്രമായി പ്രവര്‍ത്തിക്കുന്നവയാണെന്നും പെട്ടെന്നൊന്നും നാടുകടത്തല്‍ അനുവദിക്കില്ലെന്നും അവര്‍ വ്യക്തമാക്കി. മല്യക്കെതിരായ തെളിവുകള്‍ ഇന്ത്യന്‍ സര്‍ക്കാര്‍ ബ്രിട്ടീഷ് കോടതിക്കു കൈമാറിയിട്ടുണ്ടെങ്കില്‍ അവര്‍ അതു സ്വതന്ത്രമായി വിലയിരുത്തിയതിനു ശേഷം മാത്രമേ അന്തിമതീരുമാനമെടുക്കുകയുള്ളു. മുമ്പ് ഇന്ത്യ ഇത്തരത്തില്‍ സമര്‍പ്പിച്ച അമ്പതോളം അപേക്ഷകളില്‍ ഒരെണ്ണം മാത്രമാണ് ബ്രിട്ടനിലെ കോടതി അനുവദിച്ചതെന്നും നിയമവിദഗ്ധര്‍ വ്യക്തമാക്കി.deepika-padukone-with-vijay-mallya-jpg
നാടുകടത്തല്‍ അപേക്ഷയില്‍ വാദം കേള്‍ക്കുമ്പോള്‍ മല്യയുടെ സാന്നിധ്യം കോടതിയില്‍ ഉറപ്പിക്കുക മാത്രമാണ് ബ്രിട്ടീഷ് അധികൃതര്‍ ചെയ്തതെന്നും അറസ്റ്റിന് അത്രയേറെ പ്രധാന്യം നല്‍കേണ്ടതില്ലെന്നും മുതിര്‍ന്ന അഭിഭാഷകനായ വികാസ് സിങ് അഭിപ്രായപ്പെട്ടു.
ഇതിനു പുറമേ ബ്രിട്ടനില്‍ നാടുകടത്തലിനായി ഏറെ നീണ്ട നിയമനടപടികളാണുള്ളത്. ബ്രിട്ടീഷ് ക്രൗണ്‍ പ്രോസിക്യൂഷന്‍ സര്‍വീസ് പ്രകാരം എല്ലാ കുറ്റകൃത്യങ്ങളും നാടുകടത്തലിനുള്ള കാരണമായി ബ്രിട്ടന്‍ അംഗീകരിക്കുന്നില്ല. ഇന്ത്യ ആദ്യ പടിയെന്ന നിലയില്‍ മജിസ്‌ട്രേറ്റ് കോടതിയില്‍ നാടുകടത്തലിനുള്ള അപേക്ഷയാണു നല്‍കിയിരിക്കുന്നത്. കൂടാതെ ഇത്തരത്തില്‍ അപേക്ഷ സമര്‍പ്പിക്കുന്ന രാജ്യങ്ങളുടെ പട്ടികയില്‍ രണ്ടാം വിഭാഗത്തില്‍ മാത്രമാണ് ഇന്ത്യയെ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ആദ്യ പട്ടികയിലുള്ള രാജ്യങ്ങള്‍ക്കു നല്‍കുന്ന മുന്‍ഗണന രണ്ടാമത്തെ പട്ടികയിലുള്ള രാജ്യങ്ങള്‍ക്കുണ്ടാവില്ല.vijaymalya4
ഇന്ത്യയുടെ അപേക്ഷയനുസരിച്ചത് മല്യയെ കോടതിയിലെത്തിച്ചു നാടുകടത്തലുമായി ബന്ധപ്പെട്ട വിചാരണ ആരംഭിക്കുക മാത്രമാണു ചെയ്തിരിക്കുന്നത്. ഇനി രണ്ടു മാസത്തിനുള്ളില്‍ ഒരു ദിവസം വീണ്ടും വിചാരണ നടത്തും. ഈ വിചാരണയ്ക്കിടെ വിദേശകാര്യമന്ത്രാലയം സമര്‍പ്പിച്ചിരിക്കുന്ന രേഖകള്‍ നാടുകടത്തലിന് പര്യാപ്തമാണെന്നു ബോധ്യപ്പെട്ടാല്‍ കോടതി ഇതിന് അനുമതി നല്‍കും. തുടര്‍ന്നു രണ്ടു മാസത്തിനുള്ളില്‍ പ്രതിയെ നാടുകടത്താന്‍ സ്‌റ്റേറ്റ് സെക്രട്ടറി ഉത്തരവിറക്കുകയാണു ചെയ്യുക.
ഇന്ത്യന്‍ ബാങ്കുകളില്‍നിന്നെടുത്ത കോടികളുടെ വായ്പ തിരിച്ചടയ്ക്കാത്തതുമായി ബന്ധപ്പെട്ട് ഇന്നു രാവിലെയാണ് വിജയ് മല്യയെ ബ്രിട്ടീഷ് പൊലീസ് അറസ്റ്റ് ചെയ്തത്. വെസ്റ്റ്മിന്‍സ്റ്റര്‍ കോടതി മണിക്കൂറുകള്‍ക്കുള്ളില്‍ മല്യക്കു ജാമ്യം അനുവദിക്കുകയും ചെയ്തു. മല്യക്കു പുറമേ ഇന്ത്യ വിട്ടുനല്‍കണമെന്ന് ആവശ്യപ്പെട്ട നിരവധി പേരാണു ബ്രിട്ടനിലുള്ളത്. സാമ്പത്തിക തട്ടിപ്പുമായി ബന്ധപ്പെട്ട് ലളിത് മോദി, ഇന്ത്യന്‍ നാവികസേനാ രഹസ്യങ്ങള്‍ ചോര്‍ത്തിയെന്ന ആരോപണം നേരിടുന്ന രവി ശങ്കരന്‍, ഗുല്‍ഷന്‍ കുമാര്‍ വധക്കേസിലെ പ്രതി നദീം സെയ്ഫി, ഗുജറാത്ത് സ്‌ഫോടനക്കേസ് പ്രതി ടൈഗര്‍ ഹനീഫ് തുടങ്ങിയവര്‍ പട്ടികയിലെ ചിലര്‍ മാത്രം. ഗുജറാത്ത് കലാപവുമായി ബന്ധപ്പെട്ട സമിര്‍ഭായി വിനുഭായ് പട്ടേലെന്ന ആളെ മാത്രമാണ് ഇതുവരെ നാടുകടത്തിയിരിക്കുന്നത്.

1992-ല്‍ എസ്.ബി. ചവാന്‍ ആഭ്യന്തരമന്ത്രിയായിരിക്കുമ്പോഴാണ് ബ്രിട്ടനുമായി കുറ്റവാളികളെ കൈമാറാനുള്ള കരാര്‍ ഒപ്പുവച്ചത്. 1993-ല്‍ ഇതു പ്രാബല്യത്തില്‍ വച്ചു. എന്നാല്‍ തെളിവുകള്‍ ഹാജരാക്കുന്നതിലെ വീഴ്ചകളും രേഖകളിലെ അവ്യക്തതയും മൂലം ഇന്ത്യയുടെ അപേക്ഷകളെല്ലാം ബ്രിട്ടീഷ് കോടതികളില്‍ പരാജയപ്പെടുകയാണ് ചെയ്യാറുള്ളത്.സ്കോട്‌ലന്‍ഡ് യാര്‍ഡിന്‍റെ പിടിയിലായ വിജയ് മല്യക്കു ഏതാനും മണിക്കൂറുകള്‍ക്കു ശേഷം കോടതി ജാമ്യം അനുവദിച്ചു. വെസ്റ്റ്മിന്‍സ്റ്റര്‍ കോടതിയാണ് മല്യക്ക് ജാമ്യം അനുവദിച്ചത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top