തിരുവനന്തപുരം: അമ്പലമുക്ക് വിനീത കൊലക്കേസിലെ പ്രതി രാജേന്ദ്രന് വധശിക്ഷ വിധിച്ച് കോടതി. തൂക്കുകയറല്ലാതെ മറ്റൊരു ശിക്ഷയും വിധിക്കാനാവില്ല എന്നാണ് വിധിപ്രസ്താവനയ്ക്കിടെ ജഡ്ജി വ്യക്തമാക്കിയത്. കന്യാകുമാരി തോവാള വെള്ളമഠം രാജീവ് നഗര്‍ സ്വദേശി രാജേന്ദ്രനെയാണ് തിരുവനന്തപുരം ഏഴാം അഡീഷണല്‍ ജില്ലാ സെഷന്‍സ് ജഡ്ജി പ്രസൂണ്‍ മോഹന്‍ ശിക്ഷിച്ചത്.
നേരത്തെ പ്രതി കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തിയിരുന്നു. തുടര്‍ന്ന് പ്രതിയെ സംബന്ധിച്ചുള്ള ഏഴ് റിപ്പോര്‍ട്ടുകള്‍ ഹാജരാക്കാന്‍ കോടതി നിര്‍ദേശിച്ചു. പ്രതിയുടെ മാനസികനില ഉള്‍പ്പെടെ പരിശോധിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് കോടതി ആവശ്യപ്പെട്ടത്. ഈ റിപ്പോര്‍ട്ടുകളും പരിഗണിച്ചശേഷമാണ് കോടതി പ്രതിക്ക് വധശിക്ഷ വിധിച്ചത്.
തോവാള വെള്ളമഠം സ്വദേശിയും കസ്റ്റംസിലെ ഉദ്യോഗസ്ഥനുമായ സുബ്ബയ്യ, ഭാര്യ വാസന്തി, വളര്‍ത്തു മകള്‍ 13-കാരിയായ അഭിശ്രീ എന്നിവരെ കൊലപ്പെടുത്തിയ കേസില്‍ ജാമ്യത്തില്‍ കഴിയവേയാണ് പ്രതി വിനീതയെ കൊലപ്പെടുത്തിയത്. ഈ സാഹചര്യം കൂടി കണക്കിലെടുത്താണ് വധശിക്ഷ.പ്രോസിക്യൂഷനുവേണ്ടി സ്പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ എം. സലാഹുദ്ദീനാണ് കോടതിയില്‍ ഹാജരായത്. പ്രതിക്ക് വധശിക്ഷ നൽകാനുള്ള എല്ലാ കാരണങ്ങളും ഉണ്ടെന്ന് പറഞ്ഞ കോടതി പ്രതി സാധാരണ ജീവിതത്തിലേക്ക് മടങ്ങി വരില്ലെന്നാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത് എന്നും ചൂണ്ടിക്കാട്ടി.
പ്രതിയായ രാജേന്ദ്രൻ കൊടും കുറ്റവാളിയാണന്നും കവർച്ചക്കിടെ തമിഴ്നാട്ടിലും കേരളത്തിലും നടത്തിയ നാലു കൊലപാതകങ്ങളിൽ മൂന്നു പേരും സ്ത്രീകളെന്നുമായിരുന്നു എന്നും സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ എം.സലാഹുദീൻ കോടതിയിൽ വാദിച്ചിരുന്നു. പ്രതിയുടെ പ്രവൃത്തി അതിക്രൂരവും മനസ്സാക്ഷിയെ ഞെട്ടിക്കുന്നതുമാണ്. ജീവപര്യന്തം ശിക്ഷ നൽകിയൽ ശിക്ഷാ ഇളവ് നേടി പ്രതി സമാനമായ കുറ്റകൃത്യങ്ങളിൽ ഏർപ്പെടില്ലെന്ന് ഉറപ്പ് പറയാനാകില്ല. അതിനാൽ വധശിക്ഷ തന്നെ നൽകണമെന്ന് പ്രോസിക്യൂഷൻ വാദിച്ചു.
കേസ് അപൂർവ്വങ്ങളിൽ അപൂർവ്വമാണന്നുള്ള പ്രോസിക്യൂഷൻ വാദത്തെ തുടർന്ന് പ്രതിയുടെ മാനസിക നില പരിശോധന റിപ്പോർട്ട് അടക്കം 11 റിപ്പോർട്ടുകൾ കോടതി നിർദ്ദേശ പ്രകാരം ഹാജരാക്കിരുന്നു. ജില്ലാ കളക്ടർ, പോലീസ്, ജയിൽ അധികൃതർ അടക്കമുള്ളവരുടെ റിപ്പോർട്ടുകൾ പ്രതിയ്ക്ക് എതിരായിരുന്നു. കൊടും കുറ്റവാളിയായ രേജേന്ദ്രന് മാനസിക പരിവർത്തന സാധ്യത ഇല്ലെന്നായിരുന്നു പൊലീസ് അറിയിച്ചത്.



