എം.കെ രാഘവനെ പിന്തുണച്ചുകൊണ്ട് മുന്‍ എം.പി സമ്പത്തിനെതിരായ കുറിപ്പ് പിന്‍വലിച്ച് വി.ടി ബല്‍റാം !

കോഴിക്കോട്:വി.ടി ബല്‍റാം മുന്‍ എം.പി സമ്പത്തിനെതിരായ ഫെയ്‌സ്ബുക്ക് പോസ്റ്റ് പിൻവലിച്ചു .എന്നാ പോസ്റ്റ് പിന് വെളിച്ചത്തിനു പിന്നാലെ എം.കെ രാഘവന്‍ എം.പിയെ ന്യായീകരിച്ചുകൊണ്ട് ബല്‍റാം എം.എല്‍.എ രംഗത്ത് വരുകയും ചെയ്തു . ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ സമയത്ത് എം.കെ രാഘവനെതിരെ ഉയര്‍ന്നു വന്ന കോഴ ആരോപണത്തെ ഉയര്‍ത്തിപ്പിടിച്ചാണ് ബല്‍റാമിന്റെ ന്യായീകരണം.
കോഴ ആരോപണത്തെ ഏറ്റുപിടിച്ച സി.പി.ഐ.എമ്മുക്കാര്‍ അത് വ്യാജമാണെന്ന് തെളിഞ്ഞിട്ടും തിരുത്താന്‍ തയ്യാറായില്ലെന്നും ബല്‍റാം പറഞ്ഞു.

മുന്‍ എം.പിയുടെ കാറിനെ സംബന്ധിച്ച വാര്‍ത്തകള്‍ വ്യാജമാണെന്ന് ശ്രദ്ധയില്‍പ്പെട്ടത് കൊണ്ടാണ് ഫേസ്ബുക്ക് പോസ്റ്റ് പിന്‍വലിച്ചതെന്നും ബല്‍റാം പറഞ്ഞു. എന്നാല്‍ വാഹനത്തിന്റെ രണ്ട് ഫോട്ടോകളില്‍ ഏതാണ് ഒറിജിനല്‍ ഏതാണ് ഫോട്ടോഷോപ്പ് എന്നത് ഇനിയും വ്യക്തമാക്കേണ്ടതുണ്ടെന്നും ബല്‍റാം പറഞ്ഞു.ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

പോസ്റ്റിന്റെ പൂര്‍ണരൂപം

ഒരു മുന്‍ എം.പിയുടെ കാറിനേ സംബന്ധിച്ച വാര്‍ത്തകള്‍ പല മാധ്യമങ്ങളും പ്രസിദ്ധീകരിച്ചതിനും സാമൂഹ്യ മാധ്യമങ്ങളിലെ വ്യാപക പ്രചരണത്തിനും ശേഷമാണ് ശ്രദ്ധയില്‍ പെട്ടത്. അതിനോടുള്ള പ്രതികരണവും ആ വാര്‍ത്തകളുടെ സ്വാധീനത്തിലാണ്. പാലക്കാട്ടെ പരാജയപ്പെട്ട എം.പിയുടെ സമീപ ദിവസങ്ങളിലെ പ്രതികരണങ്ങളിലെ അപഹാസ്യതയുടെ കൂടി പശ്ചാത്തലത്തിലാണ് പുതിയ വാര്‍ത്തക്കും പ്രാധാന്യം കൈവരുന്നത്. ജനങ്ങള്‍ നല്‍കിയ തോല്‍വിയെ അംഗീകരിക്കാന്‍ കഴിയാത്ത സി.പി.ഐ.എം നേതാക്കളോടുള്ള രാഷ്ട്രീയ വിമര്‍ശനം തന്നെയായിരുന്നു പോസ്റ്റിന്റെ കാതല്‍. ഒരു ഫോട്ടോയുടെ ആധികാരികത ഈ വിമര്‍ശനത്തിന്റെ പ്രസക്തിയെ ഇല്ലാതാക്കുന്നില്ല.

അതിന്റെ മറുവശമെന്നോണം മറ്റ് ചിത്രങ്ങളും വിശദീകരണങ്ങളും ഇപ്പോള്‍ പുറത്തു വരുന്നുണ്ട്. എന്നാല്‍ ബന്ധപ്പെട്ട മുന്‍ എം.പിയുടെ നേരിട്ടുള്ള നിഷേധക്കുറിപ്പ് ഇതുവരെ കാണാന്‍ കഴിഞ്ഞിട്ടില്ല. ചിത്രം വ്യാജമാകാം എന്ന് മാത്രമേ അദ്ദേഹവും പറയുന്നതായി കാണുന്നുള്ളൂ. അത്തരത്തിലുള്ള ഒരു സംശയത്തിന്റെ സാഹചര്യത്തിലാണ് ആദ്യ പോസ്റ്റ് പിന്‍വലിക്കുന്നത്. പ്രചരിക്കപ്പെടുന്ന രണ്ട് ഫോട്ടോകളില്‍ ഏതാണ് ഒറിജിനല്‍ ഏതാണ് ഫോട്ടോഷോപ്പ് എന്നത് ഇനിയും വ്യക്തമാകേണ്ടതുണ്ട്.

തെരഞ്ഞെടുപ്പ് പ്രചരണത്തിന്റെ മൂര്‍ദ്ധന്യത്തില്‍ കോഴിക്കോട് എം.കെ രാഘവന്‍ എം.പിക്കെതിരെ ഒരു ഉത്തരേന്ത്യന്‍ മാധ്യമം വ്യാജവാര്‍ത്ത നല്‍കിയപ്പോള്‍ അത് ആഘോഷിച്ചവരാണ് ഇവിടത്തെ സി.പി.ഐ.എമ്മുകാര്‍. പാര്‍ട്ടിയുടെ സംസ്ഥാന സെക്രട്ടറി വരെയുള്ളവര്‍ അന്ന് എംകെ രാഘവനെതിരെ നടത്തിയ അധിക്ഷേപങ്ങളൊന്നും പിന്നീട് ആ വിഡിയോ വ്യാജമായിരുന്നു എന്ന് വ്യക്തമായിട്ടും ഒരക്ഷരം തിരുത്തിയിട്ടില്ല.വ്യക്തി തര്‍ക്കങ്ങളില്‍ പെട്ട് മരണമടയുന്നവരെപ്പോലും രാഷ്ട്രീയ രക്തസാക്ഷികളാക്കി കോണ്‍ഗ്രസിനെ അക്രമ രാഷ്ട്രീയക്കാരാക്കി ചിത്രീകരിക്കാന്‍ സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി നടത്തിയ നിരവധി വ്യാജപ്രചരണങ്ങളുടെ കാര്യത്തിലും മറിച്ച് തെളിയിക്കപ്പെട്ടിട്ടും ഒന്നുപോലും തിരുത്താന്‍ അദ്ദേഹമോ പാര്‍ട്ടിയോ തയ്യാറായിട്ടില്ല.പ്രതികരണങ്ങള്‍ അതത് സമയത്ത് മുന്നില്‍ വരുന്ന വാര്‍ത്തകളോടാണ്. മറിച്ചുള്ള വസ്തുതകള്‍ ബോധ്യപ്പെട്ടാല്‍ തിരുത്തുന്നതിന് മടിയോ ദുരഭിമാനമോ ഇല്ല.

അതേസമയം മുന്‍ എം.പി എ സമ്പത്തിന്റെ കാറില്‍ എക്‌സ് എം.പി ബോര്‍ഡ് വച്ചു എന്ന സോഷ്യല്‍ മീഡിയ പ്രചാരണത്തില്‍ സമ്പത്തിന് പിന്തുണയുമായി കോണ്‍ഗ്രസ് എം.എല്‍.എ കെ.എസ് ശബരീനാഥന്‍ രംഗത്ത് വന്നിരുന്നു .ആറ്റിങ്ങല്‍ എം.പിയായിരുന്ന സമ്പത്തിന്റെ വാഹനത്തിന്റെ ഒരു ഫോട്ടോ രാവിലെ മുതല്‍ പ്രചരിക്കുകയാണ്. അത് കണ്ടപ്പോഴേ സാമാന്യയുക്തിക്ക് ചേരാത്തതാണെന്ന് തോന്നിയിരുന്നുവെന്നാണ് ശബരീനാഥന്‍ ഫേസ്ബുക്കില്‍ കുറിച്ചത്.

താനടക്കമുള്ള രാഷ്ട്രീയപ്രവര്‍ത്തകര്‍ ഇത്തരത്തിലുള്ള വ്യാജ പ്രചാരണങ്ങള്‍ക്ക് നിരന്തരം ഇരയാകാറുണ്ടെന്നും ഈ ചിത്രം ഫോട്ടോഷോപ്പ് ചെയ്തതാണെന്ന് ഇപ്പോള്‍ അറിയുന്നുവെന്നും ശബരീനാഥ് കൂട്ടി ചേര്‍ത്തു.ഇത്തരം വിഷയങ്ങളൊക്കെ പൊളിറ്റിക്കലായി ചര്‍ച്ച ചെയ്യാമെന്നും ഇത്തരത്തിലുള്ള കാര്യങ്ങള്‍ ശരിയാണോ എന്ന് ഉറപ്പുവരുത്താതെ പ്രചരിപ്പിക്കുന്നത് നമുക്കാര്‍ക്കും ഭൂഷണമല്ലെന്നും എം.എല്‍.എ ഫേസ്ബുക്ക് പോസ്റ്റില്‍ കുറിച്ചു.

വിഷയത്തില്‍ തൃത്താല എം.എല്‍.എ വി.ടി ബല്‍റാം ഫേസ് ബുക്കില്‍ പോസ്റ്റ് ഇടുകയും പിന്നാലെ അത് പിന്‍വലിക്കുകയും ചെയ്തിരുന്നു.

കാറിന്റെ ഉടമ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ നേതാവാണെന്നാണ് വി.ടി ബല്‍റാം ആരോപിച്ചത്.

‘കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ നേതാക്കള്‍, പ്രത്യേകിച്ചും താരതമ്യേന പുതിയ തലമുറയില്‍പ്പെട്ടവര്‍, എത്രത്തോളം ‘പാര്‍ലമെന്ററി വ്യാമോഹ’ങ്ങള്‍ക്ക് അടിമപ്പെട്ടവരാണ് എന്ന് തെളിയിക്കുന്നതാണ് തെരഞ്ഞെടുപ്പില്‍ തോറ്റമ്പിയ പല തോറ്റ എം.പിമാരുടേയും അതിനുശേഷമുള്ള രോദനങ്ങളും പ്രവൃത്തികളും’- എന്നായിരുന്നു ബല്‍റാം ഫേസ്ബുക്കില്‍ കുറിച്ചത്. കാറിന്റെ ചിത്രവും പോസ്റ്റ് ചെയ്തിട്ടുണ്ടായിരുന്നു.

ശബരീനാഥിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം;

ആറ്റിങ്ങൽ എംപിയായിരുന്ന ശ്രീ സമ്പത്തിന്റെ വാഹനത്തിന്റെ ഒരു ഫോട്ടോ രാവിലെ മുതൽ പ്രചരിക്കുകയാണ്. അത് കണ്ടപ്പോഴേ സാമാന്യയുക്തിക്ക് ചേരാത്തതാണെന്ന് തോന്നിയിരുന്നു. ഈ ചിത്രം ഫോട്ടോഷോപ്പ് ചെയ്തതാണെന്ന് ഇപ്പോൾ അറിയുന്നു.

ഞാനടക്കമുള്ള രാഷ്ട്രീയപ്രവർത്തകർ ഇത്തരത്തിലുള്ള വ്യാജ പ്രചാരണങ്ങൾക്ക് നിരന്തരം ഇരയാകാറുണ്ട്, അതിന്റെ വിഷമം ഉള്ളിലൊതുക്കി പോവുകയാണ് പലപ്പോഴും ചെയ്യുന്നത്.നമുക്ക് വിഷയങ്ങൾ പൊളിറ്റിക്കലായി ചർച്ച ചെയ്യാം, അതിൽ തെറ്റില്ല. പക്ഷേ ഇത്തരത്തിലുള്ള കാര്യങ്ങൾ ശരിയാണോ എന്ന് ഉറപ്പുവരുത്താതെ പ്രചരിപ്പിക്കുന്നത് നമുക്കാർക്കും ഭൂഷണമല്ല.

Responsible driving എന്നതുപോലെ Responsible social media എന്നൊരു ക്യാമ്പയിൻ തുടങ്ങുന്നത് നല്ലതായിരിക്കും.

Top