കെ.സി വേണുഗോപാലിൻ്റെ ഏകാധിപത്യ നിലപാടിൽ മനംനൊന്ത് നേതാക്കൾ.കെ.സി വേണുഗോപാലിനെ മാറ്റി സച്ചിൻ പൈലറ്റിനെ എ.ഐ.സി.സിയുടെ സംഘടനാ ജനറൽ സെക്രട്ടറിയാക്കും?.സി.പി.എം പച്ചക്കൊടി കാട്ടിയാൽ കുറെ മുതിർന്ന നേതാക്കൾ പാർട്ടിയിൽ ചേരും !പുനഃസംഘടനയിൽ അവഗണിച്ചെന്ന് വിഡി സതീശനും എ’ ഗ്രുപ്പും .സെക്രട്ടറിമാരുടെ എണ്ണം 118 ആക്കി മയപ്പെടുത്താൻ നീക്കം

എറണാകുളം :കേരളത്തിലെ കോൺഗ്രസിൽ സർവാധിപത്യം സ്ഥാപിച്ച് വേണുഗോപാൽ അനുകൂലികളെ മാത്രം തിരുകി കയറ്റുന്നതിൽ കോൺഗ്രസിൽ വലിയ പൊട്ടിത്തെറി .സമസ്ത മേഖലയിലും പാർട്ടി പിടിച്ചെടുക്കുന്ന കെ.സിയുടെ നീക്കത്തിൽ പ്രതിഷേധിച്ച് മുതിർന്ന കോൺഗ്രസ് നേതാക്കൾ ഉൾപ്പെടെയുള്ളവർ കോൺഗ്രസ് വിടാൻ ഒരുങ്ങുകയാണ്. സി.പി.എം പച്ചക്കൊടി കാട്ടിയാൽ കോൺഗ്രസ് രണ്ടോ അതല്ലെങ്കിൽ മൂന്നോ ആയി പിളരുമെന്നാണ് മുതിർന്ന നേതാക്കൾ തന്നെ നൽകുന്ന സൂചന.

വഴിവിട്ട പ്രീണനത്തിലൂടെ രാഹുൽ ഗാന്ധിയുടെ ഇഷ്ടക്കാരനായി മാറുകയും അതുവഴി ഒറ്റയടിക്ക് എ.ഐ.സി.സിയുടെ സംഘടനാ ജനറൽ സെക്രട്ടറി സ്ഥാനത്ത് എത്തുകയും ചെയ്ത കെ.സി വേണുഗോപാൽ, ഇപ്പോൾ എ- ഐ ഗ്രൂപ്പുകളെ വെട്ടിനിരത്തി കേരളത്തിലെ പാർട്ടിയിൽ ആധിപത്യം പുലർത്താനാണ് ശ്രമിക്കുന്നത്. ഇതിന് അദ്ദേഹം സ്വീകരിച്ചിരിക്കുന്ന വഴി, വലിയ ഒരു പിളർപ്പിലേക്ക് തന്നെയാണ് കോൺഗ്രസിനെ കൊണ്ടുചെന്നെത്തിക്കുവാൻ പോകുന്നത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

മുതിർന്ന കോൺഗ്രസ് നേതാക്കൾ ഉൾപ്പെടെയുള്ളവർ, സമസ്ത മേഖലയിലും പാർട്ടി പിടിച്ചെടുക്കുന്ന കെ.സിയുടെ നീക്കത്തിൽ പ്രതിഷേധിച്ച് കോൺഗ്രസ് വിടാൻ ഒരുങ്ങുകയാണ്. പാർട്ടിയെ പിളർത്തി മറ്റൊരു പാർട്ടിയായി ഇടതുപക്ഷത്ത് ബർത്ത് സംഘടിപ്പിക്കാനാണ് നീക്കം. സി.പി.എം പച്ചക്കൊടി കാട്ടിയാൽ കോൺഗ്രസ് രണ്ടോ അതല്ലെങ്കിൽ മൂന്നോ ആയി പിളരുമെന്നാണ് മുതിർന്ന നേതാക്കൾ തന്നെ നൽകുന്ന സൂചന.

ബിഹാർ നിയമസഭാ തിരഞ്ഞെടുപ്പിന് ശേഷം, കെ.സി വേണുഗോപാലിനെ മാറ്റി പകരം രാജസ്ഥാനിൽ നിന്നുള്ള സച്ചിൻ പൈലറ്റിനെ എ.ഐ.സി.സിയുടെ സംഘടനാ ജനറൽ സെക്രട്ടറിയാക്കുമെന്ന അഭ്യൂഹം ശക്തമായിരിക്കെയാണ് കേരളത്തിൽ കേന്ദ്രീകരിക്കാൻ കെ.സി നീക്കം ശക്തമാക്കിയിരിക്കുന്നത്. ഇതിന് രാഹുൽ ഗാന്ധിയുടെ ആശീർവാദവും ഉള്ളതിനാലാണ്, ഇനി പാർട്ടിയിൽ തുടർന്നിട്ട് കാര്യമില്ലെന്ന നിലപാടിൽ എ – ഐ ഗ്രൂപ്പുകളിലെ പ്രമുഖ നേതാക്കൾ എത്തിച്ചേർന്നിരിക്കുന്നത്. ഇതിൽ ഒരു വിഭാഗം ഇടതുപക്ഷത്ത് എത്താനാണ് ശ്രമിക്കുന്നതെങ്കിൽ, മറുവിഭാഗം ബി.ജെ.പി മുന്നണിയാണ് ലക്ഷ്യമിടുന്നത്.

കോണ്‍ഗ്രസില്‍ പ്രതിപക്ഷ നേതാവ് വിഡി സതീശനും അതൃപ്തന്‍. കെപിസിസി പുനസംഘടനയുമായി നിസ്സഹകരിക്കാനാണ് എ ഗ്രൂപ്പ് തീരുമാനം. പരിഹാരമുണ്ടായില്ലെങ്കില്‍ ലഭിച്ച സ്ഥാനങ്ങള്‍ ഏറ്റെടുക്കേണ്ടെന്ന ചിന്ത എ ഗ്രൂപ്പിലുണ്ട്. കടുത്ത നിലപാട് എടുക്കുമെന്ന് കോണ്‍ഗ്രസ് ഹൈക്കമാണ്ടിനെ അവര്‍ അറിയിച്ചിട്ടുണ്ട്. കെ. മുരളീധരന്‍, ചാണ്ടി ഉമ്മന്‍ എന്നിവരുമായി ബന്ധപ്പെട്ട് ഉയര്‍ന്ന പരാതികള്‍ക്കു പുറമെയാണ് ഇത്.

 

പ്രതിപക്ഷ നേതാവ് വി.ഡി. സതീശനും പട്ടികയില്‍ തൃപ്തനല്ല. കോട്ടയം ഡിസിസി പ്രസിഡന്റ്സ്ഥാനത്തേക്ക് അദ്ദേഹം നിര്‍ദേശിച്ച ഫില്‍സണ്‍ മാത്യൂസിനെ ജനറല്‍ സെക്രട്ടറിയാക്കിയതിലൂടെ ജില്ലാ അധ്യക്ഷനായി പരിഗണിക്കില്ലെന്ന സന്ദേശമാണ് നല്‍കുന്നത്. തന്റെ നിര്‍ദ്ദേശങ്ങള്‍ അവഗണിച്ചുവെന്ന തോന്നല്‍ സതീശനുണ്ട്. വിവിധ സഭാവിഭാഗങ്ങളും പരാതിയുയര്‍ത്തിയിട്ടുണ്ട്. ഈ സാഹചര്യത്തില്‍ ഹൈക്കമാണ്ട് നിര്‍ണ്ണായക തീരുമാനങ്ങളെടുക്കും. കെപിസിസി സെക്രട്ടറിയായി കൂടുതല്‍ പേരെ ഉള്‍പ്പെടുത്തും. പുനഃസംഘടനയ്ക്കുശേഷമുള്ള ആദ്യ നേതൃയോഗം വ്യാഴാഴ്ച ചേരും. കെപിസിസി ഭാരവാഹികള്‍, ഡിസിസി പ്രസിഡന്റുമാര്‍ എന്നിവരുടെ യോഗമാണ് വിളിച്ചിരിക്കുന്നത്. ഈ യോഗത്തില്‍ സതീശന്‍ അടക്കമുള്ളവര്‍ പ്രതിഷേധിക്കും.

എഗ്രൂപ്പ് കടുത്ത നിരാശയിലാണ്. ഡിസിസി പ്രസിഡന്റുമാരും കെപിസിസി ഭാരവാഹികളുമായിരുന്ന ചില നേതാക്കന്മാരുടെ പേര് വിവിധ സ്ഥാനങ്ങളിലേക്ക് എ ഗ്രൂപ്പ് നല്‍കിയിരുന്നു. കെ.പി. ധനപാലന്‍, അബ്ദുറഹ്‌മാന്‍ ഹാജി, കെ.സി. അബു എന്നിവര്‍ക്ക് എ ഗ്രൂപ്പ് മുന്‍ഗണനനല്‍കിയിരുന്നു. മുന്‍പ് കെപിസിസി സെക്രട്ടറിയായിരുന്ന റിങ്കു ചെറിയാന്റെ പേരും മുന്നോട്ടുവെച്ചു. എന്നാല്‍, ഇവരൊന്നും പരിഗണിക്കപ്പെട്ടില്ല. ഇതിലെ അതൃപ്തി എഐസിസിയെ എ ഗ്രൂപ്പ് അറിയിച്ചു. ഉമ്മന്‍ചാണ്ടിയുടെ വിയോഗ ശേഷം എ ഗ്രൂപ്പിനെ തടയുന്നു. കെ സി വേണുഗോപാല്‍ സ്വന്തം താല്‍പ്പര്യം വച്ച് സ്ഥാനമാനങ്ങള്‍ തട്ടിയെടുക്കുന്നുവെന്നാണ് ആരോപണം. മറ്റ് ഗ്രൂപ്പുകളെ ദുര്‍ബലമാക്കാന്‍ വേണ്ടിയാണ് ഇതെന്നാണ് സൂചന.

മുൻപ് കോൺഗ്രസിൽ മൂന്നാം ഗ്രൂപ്പ് ഉണ്ടാക്കിയ രമേശ് ചെന്നിത്തലക്ക് കീഴിൽ ആ ഗ്രൂപ്പിൽ പ്രവർത്തിച്ചവരാണ് വി.ഡി. സതീശനും കെ.സി. വേണുഗോപാലും. പാർട്ടി നേതൃത്വത്തിൽ തന്നേക്കാൾ ഏറെ ജൂനിയറായ ഇവർ ഇപ്പോൾ തലയ്ക്ക് മീതെ വന്നതിൽ രമേശ് ചെന്നിത്തല വളരെ അസ്വസ്ഥനാണ്. യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡൻ്റ് സ്ഥാനത്തേക്ക് ചെന്നിത്തല ശുപാർശ ചെയ്ത അബിൻ വർക്കിയെ ദേശീയ നേതൃത്വം പരിഗണിക്കാതിരുന്നത് 2026 ലേക്കുള്ള ഒരു സൂചനയായാണ് ഐ ഗ്രൂപ്പും കാണുന്നത്.

അതായത്, അഥവാ യു.ഡി.എഫിന് ഇനി ഭരണം ലഭിച്ചാൽ പോലും, രമേശ് ചെന്നിത്തലയെ മുഖ്യമന്ത്രി സ്ഥാനാർത്ഥിയായി എന്തായാലും ഹൈക്കമാൻ്റ് പരിഗണിക്കില്ലെന്നത് ഉറപ്പാണ്. വി.ഡി സതീശനോടുള്ള സംസ്ഥാനത്തെ കോൺഗ്രസ് ഗ്രൂപ്പുകളുടെ എതിർപ്പ് ആളിക്കത്തിച്ച്, ഒരു സമവായ മുഖ്യമന്ത്രി സ്ഥാനാർത്ഥിയായി കേരളത്തിൽ ലാൻഡ് ചെയ്യാനുള്ള കെ.സി വേണുഗോപാലിൻ്റെ പദ്ധതിയെ, അതുകൊണ്ടുതന്നെ തന്നെ തകർക്കുക എന്നതാണ് ഐ ഗ്രൂപ്പിൻ്റെ ലക്ഷ്യം. യു.ഡി.എഫ് കൺവീനർ സ്ഥാനം പോലും ലഭിക്കാത്തതിനാൽ ഇടഞ്ഞ് നിൽക്കുന്ന ബെന്നി ബെഹന്നാൻ്റെ നേതൃത്വത്തിലുള്ള എ ഗ്രൂപ്പും, പാർട്ടിയിൽ അന്തിമ പോരാട്ടത്തിനാണ് ഇപ്പോൾ തയ്യാറെടുത്തിരിക്കുന്നത്.

യൂത്ത് കോൺഗ്രസ് തലപ്പത്ത് കൂടി ആധിപത്യം പുലർത്തിയതോടെ, സംസ്ഥാനത്തെ കോൺഗ്രസിന്റെ പോഷക സംഘടനകളിൽ, എല്ലാ പ്രധാനപ്പെട്ട സ്ഥാനങ്ങളിലും നിലവിൽ കെ സി വേണുഗോപാൽ പക്ഷക്കാരാണുള്ളത്.

കെ.എസ്.യു സംസ്ഥാന അധ്യക്ഷനായി അലോഷ്യസ് സേവ്യർ വന്നത് എ ഗ്രൂപ്പുകാരനായാണെങ്കിലും, അയാളും ഇപ്പോൾ കെ.സി വേണുഗോപാൽ പക്ഷക്കാരനായി മാറിക്കഴിഞ്ഞു. മഹിളാ കോൺഗ്രസ് അധ്യക്ഷ ജെബി മേത്തറും നിലവിൽ കെ.സി പക്ഷക്കാരിയാണ്. ഇതിനുപിന്നാലെയാണ് യൂത്ത് കോൺഗ്രസ് അധ്യക്ഷനായും വർക്കിങ് പ്രസിഡന്റായും ആയും കെ.സി ഗ്രൂപ്പുകാരെത്തിയിരിക്കുന്നത്. അധ്യക്ഷ സ്ഥാനത്തിനൊപ്പം ഇതുവരെയില്ലാത്ത വർക്കിങ് പ്രസിഡന്റ് പദവി കൂടി സൃഷ്ടിച്ചെടുത്ത് നൽകിയതോടെ, കെ.സി സംസ്ഥാനത്തെ ഗ്രൂപ്പുകളെയാകെ വാഷ് ഔട്ട് ആക്കിയിരിക്കുകയാണ്. നേരത്തെ തന്നെ, എ-ഐ ഗ്രൂപ്പുകളിൽ കത്തി നിന്നിരുന്ന പല പ്രധാന ഗ്രൂപ്പ് പോരാളികളെയും മറുകണ്ടം ചാടിക്കാൻ കെ.സിക്ക് കഴിഞ്ഞിരുന്നു.

ഉമ്മൻ ചാണ്ടിക്ക് ശേഷം എ ഗ്രൂപ്പ് നാഥനില്ലാത്ത അവസ്ഥയിലാണ് നിലവിലുള്ളത്. ഇപ്പോഴും താഴെ തട്ടിൽ സംഘടനാ ശക്തിയുള്ളത് നാഥനില്ലെങ്കിലും ഈ എ ഗ്രൂപ്പിന് തന്നെയാണ്. പി.സി. വിഷ്ണുനാഥ് ഈ ഗ്രൂപ്പിൻ്റെ പ്രധാന മുഖമായാണ് വിലയിരുത്തപ്പെടുന്നത്.

രമേശ് ചെന്നിത്തല നയിക്കുന്ന ഐ ഗ്രൂപ്പും, കെ.സി ഗ്രൂപ്പ് വന്നതോടെ, വലിയ ക്ഷീണത്തിലാണ്. ചെന്നിത്തല എടുക്കുന്ന നിലപാടിന് ഒപ്പം നിൽക്കുമെന്ന സൂചനയാണ് ഐ ഗ്രൂപ്പിലെ പ്രമുഖർ ഇപ്പോൾ നൽകുന്നത്.

യൂത്ത് കോൺഗ്രസ് ഭാരവാഹികളുടെ നിയമനം ഉയർത്തി കെ.സി വേണുഗോപാലിനെതിരെ എ ഗ്രൂപ്പും ഐ ഗ്രൂപ്പും സംയുക്തമായാണ് പുതിയ പോർമുഖം തുറന്നിരിക്കുന്നത്. കേരളത്തിലെ ജനങ്ങൾക്കിടയിലും പ്രവർത്തകർക്കിടയിലും സ്വാധീനമില്ലാത്ത കെ.സി വേണുഗോപാലിനെ തുറന്ന് കാട്ടാൻ തന്നെയാണ് തീരുമാനം.

യൂത്ത് കോൺ​ഗ്രസിന്റെ പുതിയ സംസ്ഥാന പ്രസിഡന്റിന് എതിരായ ഫണ്ട് വെട്ടിപ്പ് ആരോപണം ഇതിന്റെ തുടർച്ചയാണ്. പുതിയ സംസ്ഥാന പ്രസിഡന്റായി നിയമിക്കപ്പെട്ട ഒ.ജെ. ജനീഷിനെതിരെ 18 ലക്ഷം രൂപയുടെ തിരിമറി ആരോപണമാണ് കോൺഗ്രസിനകത്ത് നിന്നുതന്നെ ഉയർന്നിരിക്കുന്നത്. ജനീഷ് നടത്തിയ ഫണ്ട് തിരിമറിയിൽ നടപടി ആവശ്യപ്പെട്ട് എ.ഐ.സി.സി. ജനറൽ സെക്രട്ടറി ദീപാദാസ് മുൻഷിക്ക് തൃശൂർ ഡി.സി.സി. അം​ഗമായ ജെലിൻ ജോർജാണ് പരാതി നൽകിയിരിക്കുന്നത്.

ജനീഷ് തൃശൂർ ജില്ലാ യൂത്ത് കോൺ​ഗ്രസ് പ്രസിഡന്റായിരിക്കെയാണ് വയനാട് ദുരന്തബാധിതർക്കെന്ന പേരിൽ സമ്മാനക്കൂപ്പൺ അച്ചടിച്ച് പണപ്പിരിവ് നടത്തിയതെന്നാണ് ആരോപണം. പിരിച്ചെടുത്ത തുകയ്ക്ക് കൃത്യമായ കണക്കില്ലെന്നും, നിയമസഹായത്തിനായി ശേഖരിച്ച പണം ദുരുപയോഗം ചെയ്തുവെന്നും പരാതിയിൽ ചൂണ്ടിക്കാണിച്ചിട്ടുണ്ട്.

പിരിച്ചെടുത്ത പണം എവിടെപ്പോയി എന്നത് ആർക്കും അറിയില്ലത്രെ. ജില്ലാ യൂത്ത് കോൺ​ഗ്രസ് വൈസ് പ്രസിഡന്റായിരിക്കെ താനുൾപ്പെടെയുള്ള പ്രവർത്തകർ നിരന്തരം ആവശ്യപ്പെട്ടിട്ടും ഒരു പൈസപോലും ദുരന്തബാധിതർക്കായി നൽകാൻ ജനീഷ് തയ്യാറായില്ലെന്നാണ് പരാതിക്കാരൻ ആരോപിക്കുന്നത്. പിരിച്ചെടുത്ത പണം ജനീഷ് വ്യക്തിപരമായ ആവശ്യങ്ങൾക്ക് ദുരുപയോ​ഗിച്ചു എന്നത് വ്യക്തമാണെന്നാണ് അദ്ദേഹത്തിൻ്റെ വാദം. ഈ തുക എത്രയും വേ​ഗം തിരിച്ചുപിടിച്ച് കേസുകൾ നടത്തുന്നതിന് പണമില്ലാത്ത പ്രവർത്തകർക്ക് വിതരണം ചെയ്തില്ലെങ്കിൽ, നിയമപരമായി നീങ്ങുമെന്നാണ് ജെലിൻ ജോർജ് വ്യക്തമാക്കിയിരിക്കുന്നത്. ഇക്കാര്യം ഹൈക്കമാൻ്റിനെ അറിയിച്ചിട്ടും ജനീഷിനെ തന്നെ യൂത്ത് കോൺഗ്രസ്സ് അദ്ധ്യക്ഷ സ്ഥാനത്ത് പ്രതിഷ്ഠിച്ചത് ഗ്രൂപ്പ് നേതാക്കളെ ശരിക്കും ഞെട്ടിച്ചിട്ടുണ്ട്.

മുൻപ് നടന്ന യൂത്ത് കോൺ​ഗ്രസ് അധ്യക്ഷ സ്ഥാനത്തേക്കുള്ള തെരഞ്ഞെടുപ്പിൽ നാലാം സ്ഥാനത്താണ് ജനീഷ് എത്തിയിരുന്നത്. ആ തെരഞ്ഞെടുപ്പിൽ 1.70 ലക്ഷം വോട്ട് അബിൻ വർക്കി നേടിയപ്പോൾ 19,000 വോട്ട് മാത്രമാണ് ജനീഷിന് ലഭിച്ചിരുന്നത്. ന്യായമായും അബിൻ വർക്കി ഇരിക്കേണ്ട കസേരയിൽ ജനീഷിനെ ഇരുത്തി എന്നു മാത്രമല്ല, ബിനു ചുള്ളിയിലിനെ വർക്കിങ് പ്രസിഡന്റായി നിയമിച്ചും കെ.സി. വേണുഗോപാൽ കേരളത്തിലെ എ.ഐ. ഗ്രൂപ്പുകളെയാണിപ്പോൾ വെല്ലുവിളിച്ചിരിക്കുന്നത്. ഇതിന്റെ പരിണിത ഫലം ഇനി അനുഭവിക്കാൻ പോകുന്നത് കേരളത്തിലെ യു.ഡി.എഫ്. എന്ന സംവിധാനമാണ്. അങ്ങനെയങ്ങ് കെ.സി. ഭരിക്കണ്ട എന്ന നിലപാടിലേക്ക് കോൺഗ്രസ് നേതാക്കളുടെയും വലിയ വിഭാഗം പ്രവർത്തകരുടെയും മനോനില ഇതിനകം തന്നെ മാറിക്കഴിഞ്ഞിട്ടുണ്ട്.

Top