തൊടുപുഴ: വെള്ളത്തില്‍ വീണ ചെരുപ്പെടുക്കാന്‍ ശ്രമിച്ച വൃദ്ധ ഉഴുകിപ്പോയി. രണ്ടര കിലോമീറ്റര്‍ ഒഴുകിപ്പോയ സ്ത്രീയെ സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ സാഹസികമായി രക്ഷപ്പെടുത്തി. മുട്ടം മലങ്കര പാറക്കല്‍ സുഹറാബീവിയാണ് അപകടത്തില്‍പ്പെട്ടത്.
ഈസമയം പുഴയില്‍ കുളിച്ചുകൊണ്ടിരുന്ന അജിന്‍, അഭിജിത്ത്, അക്ഷയ്, മിഥുന്‍, നിഥിന്‍, അശ്വിന്‍ എന്നിവര്‍ചേര്‍ന്ന് ഇവരെ രക്ഷിക്കുകയായിരുന്നു.
ഞായറാഴ്ച ഉച്ചയ്ക്ക് മലങ്കരയില്‍ സുഹറയുടെ വീടിനുസമീപത്തായിരുന്നു അപകടം. കുളികഴിഞ്ഞ് പുഴയില്‍നിന്ന് കയറുന്നതിനിടെ സുഹറയുടെ ചെരിപ്പ് പുഴയില്‍ വീണു. ഇതെടുക്കാന്‍ ശ്രമിക്കുമ്പോള്‍ കാല്‍വഴുതി സുഹറയും വെള്ളത്തിലേക്ക് പതിച്ചു. കുത്തൊഴുക്കുള്ള ഇവിടെനിന്ന് സുഹറ പുഴയുടെ നടുവിലേക്ക് നീങ്ങി. ചെറിയതോതില്‍ നീന്തല്‍ വശമുണ്ടായിരുന്നെങ്കിലും ചെരിപ്പ് കൈയില്‍ കുടുങ്ങിക്കിടന്നതിനാല്‍ തുഴയാനായില്ല.
രണ്ടരക്കിലോമീറ്ററോളം ഒഴുകി തെക്കുംഭാഗം കമ്പിപ്പാലത്തിന് സമീപത്തെത്തിയപ്പോഴാണ് വിദ്യാര്‍ഥികള്‍ സുഹറയെ കാണുന്നത്. ഉടന്‍ അജിനും അഭിജിത്തും അക്ഷയും ചേര്‍ന്ന് പുഴയുടെ നടുവില്‍നിന്ന് സുഹറയെ വലിച്ച് മറുകരയിലെത്തിച്ചു. മിഥുനും നിഥിനും അശ്വിനും ഇവരെ സഹായിച്ചു.
പുഴയില്‍ ഈഭാഗത്ത് 16 അടിയിലധികം ആഴമുണ്ടെന്ന് സമീപവാസികള്‍ പറഞ്ഞു. സുഹറയെ കരയില്‍ക്കയറ്റി കിടത്തിയ ഉടന്‍ മിഥുന്‍ സമീപത്തെ വീട്ടിലെത്തി ഫോണ്‍വാങ്ങി ഫയര്‍ഫോഴ്‌സിനെ വിവരമറിയിച്ചു. വെള്ളം കുടിച്ച് തണുത്തുമരവിച്ച് അവശയായ സുഹറയെ തൊടുപുഴ ജില്ലാ ആശൂപത്രിയിലെത്തിച്ചു. വിവരമറിഞ്ഞ് മക്കളും ബന്ധുക്കളുമെത്തി. ഞായറാഴ്ച വൈകീട്ടോടെ ഇവര്‍ ആശുപത്രി വിട്ടു. ജീവിതത്തിലേക്ക് കൈപിടിച്ചുകയറ്റിയ വിദ്യാര്‍ഥികള്‍ക്ക് വിറയാര്‍ന്ന വാക്കുകളില്‍ നന്ദിപറയുകയാണ് സുഹറ.