ന്യൂഡല്‍ഹി: ഇന്നലെ ലോക ശുചിമുറി ദിനമായിരുന്നു. ഇന്ത്യയിലെ ശൗചാലയങ്ങളെക്കുറിച്ചുള്ള റിപ്പോര്‍ട്ട് പുറത്ത് വന്നു. രാജ്യത്തെ ശൗചാലയ സൗകര്യമില്ലാത്ത ആളുകളെ നിരത്തി നിര്‍ത്തിയാല്‍ അത് ഭൂമിയെ നാല് തവണ വട്ടം ചുറ്റും. നമ്മള്‍ വിചാരിക്കുന്നതിനേക്കാള്‍ കൂടുതല്‍ ആളുകള്‍ തുറസായ സ്ഥലത്ത് മലമൂത്ര വിസര്‍ജ്ജനം നടത്തുന്നവരാണെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ട്. രാജ്യത്തെ 73.2 കോടി ജനങ്ങള്‍ക്ക് ശൗചാലയങ്ങള്‍ ഇല്ലെന്ന് ഇന്റര്‍നാഷണല്‍ ചാരിറ്റി വാട്ടര്‍ എയ്ഡിന്റെ റിപ്പോര്‍ട്ട്.
ലോകത്തിന് മുന്നില്‍ രാജ്യത്തെ തലകുനിപ്പിക്കുന്നതാണ് വേള്‍ഡ് ടോയ്‌ലറ്റ് ഡേയുടെ ഭാഗമായി പുറത്തുവിട്ട റിപ്പോട്ട്. രാജ്യത്തെ ശുചിത്വത്തിന് പ്രാധാന്യം നല്‍കിക്കൊണ്ട് മോദി സര്‍ക്കാര്‍ സ്വച്ഛ് ഭാരത് പദ്ധതി കൊണ്ടുവന്നെങ്കിലും ഇതിന്റെ പ്രവര്‍ത്തനവും കാര്യക്ഷമമായിട്ടല്ലെന്നാണ് പുതിയ റിപ്പോര്‍ട്ടുകളിലൂടെ വ്യക്തമാകുന്നത്.
സ്ത്രീകളുടേയും പെണ്‍കുട്ടികളുടേയും അവസ്ഥ വളരെ മോശമാണ്. 35 കോടി പെണ്‍ജനങ്ങള്‍ക്കാണ് പ്രാഥമിക ആവശ്യങ്ങള്‍ക്കായുള്ള സൗകര്യങ്ങള്‍ പോലുമില്ലാത്തത്. 2019 ഒക്‌റ്റോബര്‍ 2 ആവുമ്പോഴേക്കും തുറസായ സ്ഥലത്ത് മലമൂത്ര വിസര്‍ജ്ജനം നടത്തുന്നത് 100 ശതമാനം ഇല്ലാതാക്കും എന്ന ലക്ഷ്യത്തോടെയാണ് സ്വച്ഛ് ഭാരത് ആവിഷ്‌കരിച്ചത്. 2014ല്‍ ആരംഭിച്ച പദ്ധത് മൂന്ന് വര്‍ഷം പൂര്‍ത്തിയായെങ്കിലും പകുതി ആളുകളിലേക്ക് പോലും ഗുണഫലം എത്തിക്കാനായിട്ടില്ല.
2017 ഒക്‌റ്റോബര്‍ മുതല്‍ 2019 വരെ 12 കോടി പുതിയ ശൗചാലയങ്ങള്‍ നിര്‍മിക്കാനാണ് പദ്ധതിയിട്ടിരിക്കുന്നത്. നവംബര്‍ 2017 വരെ 5.38 കോടി ടോയലറ്റുകള്‍ പദ്ധതിയുടെ കീഴില്‍ നിര്‍മിച്ചു. എന്നാല്‍ എല്ലാവര്‍ക്കും ശൗചാലയ സൗകര്യം ഒരുക്കുക എന്ന ലക്ഷ്യം സാക്ഷാത്കരിക്കാന്‍ രാജ്യത്തിന് ബഹുദൂരം മുന്നോട്ടു പോകേണ്ടതുണ്ട്.