സ്വയം തീരുമാനങ്ങളെടുക്കുന്നു; തച്ചങ്കരിയെ സ്ഥാനത്തുനിന്ന് മാറ്റണമെന്ന് എകെ ശശീന്ദ്രന്‍ മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടു

തിരുവനന്തപുരം: സര്‍ക്കാരിന് തുടര്‍ച്ചയായി തലവേദനയുണ്ടാക്കുന്ന സാഹചര്യത്തില്‍ ട്രാന്‍സ്പോര്‍ട്ട് കമ്മീഷണര്‍ സ്ഥാനത്തുനിന്ന് ടോമിന്‍ ജെ തച്ചങ്കരിയെ മുഖ്യമന്ത്രി മാറ്റാന്‍ സാധ്യത. തച്ചങ്കരിയെ മാറ്റണമെന്നാവശ്യപ്പെട്ട് ഗതാഗത മന്ത്രി എ കെ ശശീന്ദ്രന്‍ മുഖ്യമന്ത്രിക്ക് കത്തും അയച്ചു.

അടുത്ത മന്ത്രിസഭാ യോഗം ഇക്കാര്യം പരിഗണിക്കും. തച്ചങ്കരിയുമായുള്ള ഭിന്നത രൂക്ഷമായ സാഹചര്യത്തിലാണ് അദ്ദേഹത്തെ മാറ്റണമെന്ന ആവശ്യവുമായി ഗതാഗതമന്ത്രി രംഗത്തെത്തിയിരിക്കുന്നത്. മന്ത്രിയുടെ ആവശ്യത്തെ പിന്തുണച്ച് എന്‍സിപി രംഗത്തെത്തി. മന്ത്രിയുടെ ആവശ്യം ന്യായമാണെന്ന് പാര്‍ട്ടി സംസ്ഥാന പ്രസിഡന്റ് ഉഴവൂര്‍ വിജയന്‍ അഭിപ്രായപ്പെട്ടു. ആവശ്യം പരിഗണിക്കപ്പെടേണ്ടതാണെന്നും അദ്ദേഹം പറഞ്ഞു.

തച്ചങ്കരി വകുപ്പ് മന്ത്രിയെ അവഗണിച്ച് മുന്നോട്ടുപോകുന്നതായി എന്‍സിപിക്കും മന്ത്രി എ കെ ശശീന്ദ്രനും പരാതി ഉണ്ട്. തച്ചങ്കരിയുടെ പലനിലപാടുകളും സര്‍ക്കാരിനും ഗതാഗത വകുപ്പിനും തലവേദന ഉണ്ടാക്കുകയാണ്. മന്ത്രിപോലും അറിയാതെ പല തീരുമാനങ്ങളും നടപ്പിലാക്കാന്‍ ഉത്തരവിറക്കുന്നതും വിവാദമായ തീരുമാനങ്ങളിലൂടെ സര്‍ക്കാരിന്റെ പ്രതിച്ഛായ നഷ്ടപ്പെടുന്നതും മന്ത്രി ചൂണ്ടിക്കാട്ടുന്നുണ്ട്. അടുത്തിടെ ഹെല്‍മെറ്റ് ഇല്ലാത്തവര്‍ക്ക് പെട്രോള്‍ നല്‍രുതെന്ന് തച്ചങ്കരി ഉത്തരവിട്ടിരുന്നു. എന്നാല്‍ ഇതിനെതിരെ മന്ത്രി പരസ്യമായി രംഗത്തെത്തി.

കഴിഞ്ഞയാഴ്ച തന്റെ പിറന്നാള്‍ ദിനം ആഘോഷിക്കണമെന്ന് ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ട് തച്ചങ്കരി സര്‍ക്കുലര്‍ ഇറക്കിയതും മന്ത്രിക്ക് അതൃപ്തി ഉണ്ടാക്കിയിരുന്നു. ഇക്കാര്യത്തില്‍ മന്ത്രി വിശദീകരണം ആവശ്യപ്പെടുകയും ചെയ്തിരുന്നു.

Latest
Widgets Magazine