ലൈംഗിക ബന്ധത്തിനിടെ കാമുകി ശ്വാസംമുട്ടി മരിച്ചു: 23കാരനെതിരെ കേസ്

മുംബൈ: ലൈംഗിക ബന്ധത്തിനിടെ കാമുകി ശ്വാസം മുട്ടി മരിച്ച കേസില്‍ കാമുകനെതിരെ മുംബൈ പൊലീസ് കേസെടുത്തു. 23കാരനായ ഇസ്രയേലി സ്വദേശി ഒരിറോണ്‍ യാക്കോവിനെതിരെയാണ് കേസെടുത്തത്. കഴിഞ്ഞ വര്‍ഷമാണ് 20കാരിയായ പെണ്‍കുട്ടി മുംബൈയിലെ ഹോട്ടലില്‍ ശ്വാസം മുട്ടി മരിച്ചത്. പെണ്‍കുട്ടിയും ഇസ്രയേല്‍ സ്വദേശിനിയാണ്.

ഫൊറന്‍സിക് പരിശോധനയിലാണ് ലൈംഗിക ബന്ധത്തിനിടയിലാണ് പെണ്‍കുട്ടി മരിച്ചതെന്ന് വ്യക്തമായത്. കഴിഞ്ഞ വര്‍ഷം മാര്‍ച്ചിലാണ് കേസിന് ആസ്പദമായ സംഭവം നടന്നത്. യാക്കോവും കാമുകിയും സന്ദര്‍ശക വിസയിലാണ് ഇന്ത്യയിലെത്തിയത്. ദക്ഷിണ മുംബൈയിലെ കൊലാബ പ്രദേശത്തെ ഹോട്ടലിലാണ് ഇരുവരും താമസിച്ചത്. ഹോട്ടല്‍ മുറിയില്‍ വച്ച് ഇരുവരും ലൈംഗികബന്ധത്തില്‍ ഏര്‍പ്പെടുമ്പോള്‍ യുവതിയുടെ കഴുത്തില്‍ യാക്കോവ് ശക്തമായി സമ്മര്‍ദ്ദം ചെലുത്തുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.

പെണ്‍കുട്ടി ചലനമറ്റത് കണ്ട യാക്കോവ് ഉടന്‍ തന്നെ ഹോട്ടല്‍ ജീവനക്കാരെ വിവരം അറിയിക്കുകയായിരുന്നു. തുടര്‍ന്ന് ഹോട്ടല്‍ ജീവനക്കാര്‍ എത്തി പരിശോധിച്ച് പെണ്‍കുട്ടിയെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ഹോട്ടല്‍ മുറിയില്‍ വച്ച് തന്നെ 20കാരി മരിച്ചതായി ഡോക്ടര്‍മാര്‍ പറഞ്ഞു. യുവതിയുടെ മരണകാരണം വ്യക്തമാവാത്തത് കൊണ്ട് അപകട മരണത്തിനായിരുന്നു അന്ന് കേസ് റജിസ്റ്റര്‍ ചെയ്തത്.

തുടര്‍ന്ന് പെണ്‍കുട്ടിയുടെ കുടുംബം മൃതദേഹം ഇസ്രയേലിലേക്ക് കൊണ്ടുപോയി അടക്കം ചെയ്തു. തുടര്‍ന്ന് കഴിഞ്ഞ ദിവസമാണ് പൊലീസിന് ഫൊറന്‍സിക് പരിശോധനാഫലം ലഭ്യമായത്. ഇതിലാണ് പെണ്‍കുട്ടി ശ്വാസം മുട്ടി മരിച്ചതാണെന്ന് വ്യക്തമാക്കുന്നത്. നിലവില്‍ ഇസ്രയേലിലാണ് യാക്കോവ് ഉളളത്. സംഭവത്തില്‍ കൂടുതല്‍ പരിശോധന നടത്തി നടപടി എടുക്കുമെന്ന് പൊലീസ് പറഞ്ഞു.

Latest
Widgets Magazine