ഇന്ത്യൻ സൈന്യം യുദ്ധത്തിന് തയാർ’! ചൈനയ്ക്ക് മുന്നറിയിപ്പുമായി അമിത് ഷാ.

ന്യൂഡൽഹി: ഇന്ത്യൻ സൈന്യം ഏത് സമയത്തും യുദ്ധത്തിന് തയാറാണെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷാ. കിഴക്കൻ ലഡാക്കിലെ സംഘർഷങ്ങൾക്കിടെ യുദ്ധത്തിന് തയാറാകണമെന്ന് ചൈനീസ് പ്രസിഡന്റ് ഷി ചിൻപിങ് ചൈനീസ് സൈന്യത്തോട് ഏതാനും ദിവസങ്ങൾക്ക് മുൻപ് ആവശ്യപ്പെട്ടതിനു പിന്നാലെ ഇന്ത്യയുടെ ഭാഗത്ത് നിന്നുണ്ടായ ആദ്യപ്രതികരണമാണിത്. ഇന്ത്യയുടേതായ “ഒരിഞ്ച്” സ്ഥലം പോലും ചൈനയ്ക്ക് വിട്ടുകൊടുക്കില്ലെന്നും  അമിത് ഷാ വ്യക്തമാക്കി.

“എല്ലാ രാജ്യങ്ങളും ഒരു യുദ്ധത്തിന് എപ്പോഴും തയ്യാറാണ്. സൈന്യങ്ങളെ പരിപാലിക്കുന്നതു തന്നെ ഏത് തരത്തിലുള്ള ആക്രമണത്തോടും പ്രതികരിക്കാണ്. ആരുടെയെങ്കിലും പ്രത്യേക അഭിപ്രായങ്ങളെ പരാമർശിച്ചല്ല ഞാൻ ഇത് പറയുന്നത്. പക്ഷേ ഒരു യുദ്ധത്തിന് ഇന്ത്യൻ സേന എപ്പോഴും തയാറാണ്” – അമിത് ഷാ പറഞ്ഞു.

അതേസമയം, ഇരു രാജ്യങ്ങളിലെയും സൈനികർ പരസ്പരം സംസാരിക്കുന്നുണ്ടെന്നും ആശയവിനിമയ നയതന്ത്ര മാർഗങ്ങൾ തുറന്നിരിക്കുകയാണെന്നും ഷാ കൂട്ടിച്ചേർത്തു. “രാജ്യത്തെ ആഭ്യന്തരമന്ത്രിയെന്ന ഇക്കാര്യത്തിൽ ഞാൻ പറയന്ന അഭിപ്രായം പ്രസക്തമല്ല. എന്നാൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വാക്കുകൾ ഞാൻ ആവർത്തിക്കും. ഞങ്ങൾ എപ്പോഴും ജാഗ്രതയിലാണ്. ഞങ്ങളുടെ ഒരിഞ്ച് സ്ഥലം പോലും തട്ടിയെടുക്കാൻ ആർക്കും കഴിയില്ല”- അദ്ദേഹം പറഞ്ഞു.

ജൂണിലുണ്ടായ സംഘർഷത്തിൽ 20 സൈനികർ ഇന്ത്യൻ സൈനികർ വീരമൃത്യു വരിച്ചതിന് പിന്നാലെ ഇരുരാജ്യങ്ങളിലെയും നയതന്ത്ര, സൈനിക ഉദ്യോഗസ്ഥർ ഒക്ടോബർ 13 ന് ഏഴാം വട്ട ചർച്ച നടത്തിയിരുന്നു.

എന്നാൽ ചൈനീസ് പ്രസിഡ‍ന്റെ അടുത്ത കാലത്ത് നടത്തിയ ചില പരാമർശങ്ങൾ ഇരു രാജ്യങ്ങൾക്കും ഇടയിലുള്ള ശത്രുത വർധിപ്പിച്ചു. യുദ്ധത്തിന് തയാറെടുക്കാൻ ചൈനീസ് സൈന്യത്തോട് പ്രസിഡന്റ് ഷി ചിൻപിങ് ആഹ്വാനം ചെയ്തതും ഇരുരാജ്യങ്ങളെയും കൂടുതൽ അകറ്റി.

Top