പിണറായി വിജയൻ നവോത്ഥാന നായകനെങ്കിൽ മകളെ പട്ടികജാതിക്കാരനെ കൊണ്ട് വിവാഹം കഴിപ്പിക്കണമായിരുന്നു: ഇടത് സംഘടനകള്‍ പോലും ആ വിവാഹം ചര്‍ച്ച ചെയ്തിരുന്നു: കൊടിക്കുന്നില്‍ സുരേഷ്

തിരുവനന്തപുരം: പിണറായി വിജയനും മകൾക്കുമെതിരെ വിവാദ പരാമര്‍ശങ്ങളുമായി മാവേലിക്കര എംപിയും കെപിസിസി വര്‍ക്കിംഗ് പ്രസി‍ഡൻ്റുമായ കൊടിക്കുന്നിൽ സുരേഷ്. മുഖ്യമന്ത്രി നവോത്ഥാന നായകനായിരുന്നുവെങ്കിൽ സ്വന്തം മകളെ ഒരു പട്ടികജാതിക്കാരന് കൊണ്ട് വിവാഹം കഴിപ്പിക്കണമായിരുന്നുവെന്ന് കൊടിക്കുന്നിൽസുരേഷ് .അയ്യങ്കാളി ജയന്തിയുടെ ഭാഗമായി സംഘടിപ്പിച്ച ചടങ്ങിലായിരുന്നു കൊടിക്കുന്നിലിന്റെ പ്രതികരണം. എസ്സ്സി എസ്സ്ടി ഫണ്ട് തട്ടിപ്പില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ടായിരുന്നു കൊടിക്കുന്നില്‍ സുരേഷ് എംപിയുടെ നേതൃത്വത്തില്‍ ദളിത് ആദിവാസി നേതാക്കളുടെ പ്രതിഷേധം സംഘടിപ്പിച്ചത്.

‘പട്ടികജാതിക്കാരോട് കടുത്ത അവഗണനയാണ് മുഖ്യമന്ത്രി കാണിക്കുന്നത്. ശബരിമല വിവാദങ്ങൾക്ക് ശേഷം അദ്ദഹം നവോത്ഥാന നായകനാണെന്നാണ് പറയുന്നത്. അദ്ദേഹമൊരു നവോത്ഥാന നായകനായിരുന്നുവെങ്കിൽ മകളെ ഒരു പട്ടികജാതിക്കാരന് വിവാഹം ചെയ്തു കൊടുക്കണമായിരുന്നു. ഈ നവോത്ഥാനമൊക്കെ തട്ടിപ്പാണ്. എത്രയോ നല്ല പട്ടികജാതിക്കാരായ ചെറുപ്പക്കാര്‍ സിപിഎമ്മിലുണ്ട്. പിണറായി വിജയൻ നവോത്ഥാനം പറയുന്നത് അധികാരക്കസേര ഉറപ്പിക്കാൻ വേണ്ടി മാത്രമാണ്. രണ്ടാം പിണറായി സര്‍ക്കാര്‍ അധികാരത്തിൽ വന്നിട്ട് മന്ത്രിമാരെ തീരുമാനിച്ചത് തന്നെ കടുത്ത വിവേചനമല്ല. രാധാകൃഷ്ണൻ മന്ത്രിക്ക് ദേവസ്വം കൊടുത്ത് നവോത്ഥാനം നടത്തി എന്നാണ് പറയുന്നത്. ദേവസ്വം വകുപ്പിൽ എന്ത് നവോത്ഥാനമാണുള്ളത്.’ എന്നാണ് കൊടിക്കുന്നിലിൻ്റെ വാക്കുകൾ .

അതേസമയം മുഖ്യമന്ത്രി പിണറായി വിജയനെതിരായ പരാമര്‍ശത്തില്‍ ഉറച്ച് കൊടിക്കുന്നില്‍ സുരേഷ്. മുഖ്യമന്ത്രിക്കെതിരായ പരാമർശങ്ങൾ വിവാദമായതിന് പിന്നാലെ മാധ്യമങ്ങളെ കണ്ട കൊടിക്കുന്നിൽ സുരേഷ് പറഞ്ഞതിൽ ഉറച്ചു നിൽക്കുകയാണെന്ന് വ്യക്തമാക്കി. നവോത്ഥാനം സ്വന്തം കുടുംബത്തിൽ നടപ്പാക്കി കാണിക്കണമായിരുന്നു എന്നാണ് പറഞ്ഞത്. ഈ വിഷയം കേരളം നേരത്തേ ചർച്ച ചെയ്തതാണ്. മറ്റു രീതിയിൽ അതിനെ വ്യാഖ്യാനിക്കേണ്ടതില്ല. മുഖ്യമന്ത്രിയെ നവോഥാന നായകൻ എന്നു പറയുന്നതിലെ ആത്മാർത്ഥതയെയാണ് താൻ ചോദ്യം ചെയ്തതെന്നും കൊടിക്കുന്നിൽ വിശദീകരിച്ചു. അതേസമയം കൊടിക്കുന്നിലിനെതിരെ ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി എ.എ.റഹീം രംഗത്തെത്തി. കേരളത്തെ പുറകോട്ടടിപ്പിക്കുന്ന പ്രസ്താവനയാണ് കൊടിക്കുന്നിലിൽ നിന്നുണ്ടായതെന്നും തീർത്തും അപരിഷ്കൃതമായ പ്രതികരണമാണിതെന്നും എ.എ.റഹീം പ്രതികരിച്ചു.

നവോത്ഥാന നായകനെന്ന പ്രചാരണം മുഖ്യമന്ത്രി നടത്തുമ്പോള്‍ അത് സ്വന്തം കുടുംബത്തില്‍ നിന്നു തന്നെ തുടങ്ങേണ്ടിയിരുന്നുവെന്ന ചര്‍ച്ച ഇടതുപക്ഷ സംഘനകള്‍ക്കുള്ളില്‍ തന്നെ ഉണ്ടായിരുന്നു, അത് ആവര്‍ത്തിക്കുകയാണ് താന്‍ ചെയ്തതെന്നാണ് കൊടിക്കുന്നില്‍ സുരേഷിന്റെ വിശദീകരണം. പറഞ്ഞതിനെ മറ്റൊരു തരത്തില്‍ വ്യാഖ്യാനിക്കേണ്ടതില്ലെന്നും കൊടിക്കുന്നില്‍ സുരേഷ് പറഞ്ഞു. മന്ത്രിമാരെ നിയമിച്ചത് മുതല്‍ കടുത്ത അവഗണനയാണ് പിന്നാക്ക സമുദായങ്ങളോട് നിലനില്‍ക്കുന്നതെന്നും കൊടിക്കുന്നില്‍ സുരേഷ് കൂട്ടിചേര്‍ത്തു.

അത് കേരളത്തിന്റെ പൊതുസമൂഹം ചര്‍ച്ച ചെയ്യപ്പെട്ട വിഷയമാണ്. സാന്ദര്‍ഭികമായി ചൂണ്ടികാണിച്ചുവെന്നേയുള്ളൂ. സാമൂഹിക പരിഷ്‌കര്‍ത്ഥാവ് അയ്യന്‍ങ്കാളിയുടെ ജയന്തി ആഘോഷം നടക്കുന്ന ഘട്ടത്തില്‍ നടക്കുന്ന പ്രസംഗത്തില്‍ പറഞ്ഞ ഭാഗമാണിത്. നവോത്ഥാനത്തിന് മുന്‍കൈ എടുത്തയാളാണ് മുഖ്യമന്ത്രി. ഇതിനായി ഒരു പട്ടികജാതി സംഘടനകളേയും പിന്നാക്ക സംഘടനകളേയും വിളിച്ചുവരുത്തി നവോത്ഥാന സമിതിയുണ്ടാക്കി. അതിന് ശേഷമാണ് അദ്ദേഹത്തിന്റെ മകളുടെ വിവാഹം നടന്നത്. അന്ന് കേരളത്തിന്റെ പൊതുസമൂഹത്തില്‍ ചര്‍ച്ച ചെയ്യപ്പെട്ട വിഷയമാണ് താന്‍ ആവര്‍ത്തിച്ചത്. നവോത്ഥാന മുന്നേറ്റത്തില്‍ മുഖ്യമന്ത്രിക്ക് ആത്മാര്‍ത്ഥതയുണ്ടായിരുന്നുവെങ്കില്‍ അത് മുഖ്യമന്ത്രി ആദ്യം കുടുംബത്തില്‍ നടപ്പാക്കേണ്ടതായിരുന്നുവെന്ന ചര്‍ച്ച ഇടതുപക്ഷ പാര്‍ട്ടികള്‍ക്കിടയില്‍ പോലും ഉണ്ടായിരുന്നു. അത് ഇവിടെ സൂചിപ്പിച്ചെന്നേയുള്ളു. മന്ത്രിമാരെ നിയമിച്ചത് മുതല്‍ കടുത്ത അവഗണനയാണ് നിലനില്‍ക്കുന്നത്. നവാത്ഥാന നായകനായി പ്രചാരണം നടക്കുമ്പോള്‍ അത് കുടുംബത്തില്‍ നിന്നും തുടങ്ങേണ്ടിയിരുന്നുവെന്ന ചര്‍ച്ച പൊതുസമൂഹത്തില്‍ നിലനിന്നിരുന്നുവെന്നാണ് പറഞ്ഞത്. അതിനെ മറ്റൊരു തരത്തില്‍ വ്യാഖ്യാനിക്കേണ്ടതില്ല. പറയുന്നത് പ്രവര്‍ത്തിക്കാനും ആര്‍ജ്ജവമുണ്ടാവണം.’ കൊടിക്കുന്നില്‍ സുരേഷ് വിശദീകരിച്ചു.

മുഖ്യമന്ത്രിയുടെ നവോത്ഥാന പ്രസംഗം തട്ടിപ്പാണെന്ന പരാമര്‍ശത്തോടെ ആയിരുന്നു കൊടിക്കുന്നില്‍ സുരേഷിന്റെ ആക്ഷേപം. ശബരിമലയ്്ക്ക് ശേഷം അദ്ദേഹം നവോത്ഥാന നായകനായി. എന്ത് നവോത്ഥാനം, നവോത്ഥാന നായകനായിരുന്നു എങ്കില്‍ അദ്ദേഹം മകളെ ഒരു പട്ടിക ജാതിക്കാരന് കെട്ടിച്ച് കൊടുക്കണമായിരുന്നു. പാര്‍ട്ടിയില്‍ പട്ടികജാതിക്കാരായ എത്രയോ നല്ല ചെറുപ്പക്കാരുണ്ടെന്നും അദ്ദേഹം പ്രസംഗത്തില്‍ കൂട്ടിച്ചേര്‍ത്തു. അതേസമയം, പട്ടിക ജാതിക്കാരനായ മന്ത്രിയെ നിയന്ത്രിക്കാന്‍ മുഖ്യമന്ത്രി തന്റെ മനസാക്ഷി സൂക്ഷിപ്പുകാരനെ നിയമിച്ചെന്നും കൊടിക്കുന്നില്‍ ആരോപിച്ചു. മറ്റു മന്ത്രിമാരുടെ ഓഫീസുകളില്‍ അത്തരം നിയന്ത്രണം ഇല്ല. രണ്ടാം പിണറായി സര്‍ക്കാറില്‍ കെ രാധാകൃഷ്ണനെ ദേവസ്വം മന്ത്രിയാക്കി നിയമിച്ചത് വലിയ നവോത്ഥാനമാക്കി ഉയര്‍ത്തിക്കാട്ടിയെന്നും അദ്ദേഹം കുറ്റപ്പെടുത്തി. സംസ്ഥാനത്തെ പട്ടികജാതി പട്ടിക വര്‍ഗ വിഭാഗങ്ങള്‍ വലിയ തോതില്‍ പീഡിപ്പിക്കപ്പെട്ട കാലമായിരുന്നു കഴിഞ്ഞ ഒന്നാം പിണറായി സര്‍ക്കാര്‍ എന്നും അദ്ദേഹം കുറ്റപ്പെടുത്തി.

Top