ബൈക്കിന്റെ ഫുട്ട് റെസ്റ്റില്‍ കാല്‍ ചവിട്ടിയതിന്  പ്ലസ് ടു വിദ്യാര്‍ഥികളെ കുത്തിവീഴ്ത്തിയ ബി.എസ്.എന്‍.എല്‍. താല്‍ക്കാലിക ജീവനക്കാരന്‍ അറസ്റ്റില്‍; രണ്ടാം പ്രതി ഒളിവിൽ

മല്ലപ്പള്ളി: ബൈക്കിന്റെ ഫുട്ട് റെസ്റ്റില്‍ കാല്‍ ചവുട്ടി നിന്ന പ്ലസ് ടു വിദ്യാര്‍ഥികളെ കുത്തി പരുക്കേല്‍പ്പിച്ച ശേഷം ഒളിവില്‍ പോയ പ്രതി പിടിയില്‍.

കുന്നന്താനം വള്ളമല കാലായില്‍ അഭിലാഷ് കുമാറാ(39)ണ് കീഴ്‌വായ്പ്പൂര്‍ പോലീസിന്റെ പിടിയിലായത്. ഇയാളുടെ സഹായി അനീഷ് ഒളിവിലാണ്. ഇരുവരും കുന്നന്താനം ബി.എസ്.എന്‍.എല്‍ എക്‌സ്‌ചേഞ്ചിലെ താല്‍കാലിക ജീവനക്കാരാണ്. ശനിയാഴ്ച രാവിലെ 11.30 ന് കുന്നന്താനം ബി.എസ്.എന്‍.എല്‍ ഓഫീസിനു മുന്നിലാണ് സംഭവം.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ട്യൂഷന്‍ കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങാന്‍ ബസ് കാത്തു നിന്ന കുട്ടികളെയാണ് കുത്തിയത്.  കുന്നന്താനം എന്‍.എസ്.എസ് എച്ച്.എസ്.എസ് വിദ്യാര്‍ഥികളായ വൈശാഖ്, എല്‍ബിന്‍, സുജിത്ത് എന്നിവര്‍ക്കാണ് കുത്തേറ്റത്.

ഇവിടെ വച്ചിരുന്ന ബൈക്കിന്റെ ഫുട്ട് റെസ്റ്റില്‍ കാല്‍ വച്ചുനിന്ന വൈശാഖിന്റെ അടുക്കലെത്തി അഭിലാഷ് കുമാര്‍ അസഭ്യം വിളിക്കുകയും രണ്ടാം പ്രതി അനീഷ് വൈശാഖിന്റെ കൂട്ടുകാരനായ സുജിത്തിനെ പിടിച്ചുതള്ളുകയും ചെയ്തു. അഭിലാഷ്, വൈശാഖിന്റെ മറ്റൊരു സുഹൃത്തായ എല്‍ബിന് നേരേ കത്തി വീശുന്നതു കണ്ട്, പിടിച്ചു മാറ്റുന്നതിനിടയ്ക്കാണ് നെഞ്ചിനു കുത്തേറ്റത്.

എല്‍ബിന്റെ ഇടതു നെഞ്ചിലും കത്തികൊണ്ട് മുറിവുപറ്റി. സുജിത്തിന്റെ ഇടതു കൈക്കാണ് മുറിവേറ്റത്. വൈശാഖിന്റെ നെഞ്ചില്‍ 17 തുന്നലിടേണ്ടി വന്നു. സംഭവം കണ്ട് അടുത്ത കടയിലെ ബിബിന്‍ ഓടിയെത്തി അഭിലാഷിനെ പിടിച്ചു മാറ്റുകയായിരുന്നു. മറ്റ് കൂട്ടുകാര്‍ ചേര്‍ന്ന് ഉടനെതന്നെ വിദ്യാര്‍ഥികളെ മല്ലപ്പള്ളി താലൂക്ക് ആശുപത്രിയില്‍ എത്തിച്ചു. രണ്ടാം പ്രതി അനീഷ് ഒളിവിലാണ്.

കീഴ്‌വായ്പ്പൂര്‍ പോലീസ് ഇന്‍സ്‌പെക്ടര്‍ വിപിന്‍ ഗോപിനാഥിന്റെ നേതൃത്വത്തിലുള്ള അന്വേഷണസംഘത്തില്‍ എസ് ഐ ആദര്‍ശ്, എ എസ് ഐ ഉണ്ണികൃഷ്ണന്‍, എസ് സി പി ഒ അന്‍സിം, സി പി ഓമാരായ ടോജോ, ജെയ്‌സണ്‍ എന്നിവരാണ് ഉണ്ടായിരുന്നത്

Top