കൊച്ചി: എക്സാ ലോജിക്-സിഎംആർഎൽ മാസപ്പടി കേസിൽ, പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ മകൾ വീണ ടി വീണ്ടും ഇ ഡി ഓഫീസിൽ ഹാജരായി. ഈ മാസം 29ന് ഹാജരാകാനായിരുന്നു നിർദേശിച്ചിരുന്നത്. ഇഡി വിളിച്ച് വരുത്തിയതെന്നാണ് വിവരം. കൊച്ചിയിലെ ഓഫീസിലാണ് വീണ എത്തിയത്. അല്‍പ സമയത്തിനകം ചോദ്യം ചെയ്യല്‍ ആരംഭിക്കും. തിങ്കളാഴ്ച ഹാജരാകണമെന്ന് ആവശ്യപ്പെട്ടാണ് വീണയ്ക്ക് ഇ ഡി നോട്ടീസ് നല്‍കിയിരുന്നതെങ്കിലും ഇന്ന് ഹാജരാകുകയായിരുന്നു. വീണയുടെ ആദ്യ ഘട്ട ചോദ്യം ചെയ്യല്‍ ഒമ്പത് മണിക്കൂറോളം നീണ്ടിരുന്നു.
എസ്എഫ്‌ഐഒയില്‍ നിന്നുള്ള രേഖകള്‍ അടക്കം ഇ ഡിക്ക് ലഭിച്ച സാഹചര്യത്തില്‍ ഇന്നത്തെ ചോദ്യം ചെയ്യല്‍ നിര്‍ണാകമാകും. ഈ രേഖകള്‍ ഉള്‍പ്പടെ പരിശോധിച്ച് വിശദമായ ചോദ്യം ചെയ്യല്‍ നടത്താനാണ് ഇ ഡി തീരുമാനിച്ചിരിക്കുന്നതും. സിഎംആര്‍എല്ലില്‍ നിന്ന് കൈപ്പറ്റിയ പണം എന്തിന് വേണ്ടി വിനിയോഗിച്ചു എന്നതില്‍ വ്യക്തത വരുത്താനും നീക്കമുണ്ട്.
എസ്എഫ്ഐഒ കുറ്റപത്രത്തിന്റെ ഭാഗമായുളള 134 രേഖകളാണ് ഇഡിക്ക് കൈമാറിയിരിക്കുന്നത്. പിണറായി വിജയന്റെ മകൾ വീണ ടിയെ അടുത്തഘട്ടത്തിൽ ചോദ്യം ചെയ്യുക എസ്എഫ്‌ഐഒ കൈമാറിയ രേഖകൾ മുൻ നിർത്തിയായിരിക്കുമെന്നാണ് വിവരം. നേരത്തെ കോടതി ഉത്തരവായിരുന്നെങ്കിലും എസ്എഫ്‌ഐഒയിൽ നിന്നും അത് ലഭിക്കാൻ താമസം നേരിട്ടിരുന്നു.
എസ്എഫ്ഐഒ സമര്‍പ്പിച്ച കുറ്റപത്രത്തിന്റെ ഭാഗമായ 134 സുപ്രധാന രേഖകള്‍ ഇന്നലെയാണ് ഇഡിക്ക് ലഭിച്ചത്. സിഎംആര്‍എല്ലുമായി വീണ തൈക്കണ്ടിയിലും എക്സാലോജിക്കും ഒപ്പുവെച്ച കരാറുകള്‍, വീണയുടെ വിശദമായ മൊഴിപ്പകര്‍പ്പ്, ഐടി റിട്ടേണ്‍സ് അടക്കമുള്ള അതീവ രഹസ്യ രേഖകളാണ് ഇപ്പോള്‍ കേന്ദ്ര അന്വേഷണ ഏജന്‍സിയുടെ കൈകളില്‍ എത്തിയിരിക്കുന്നത്.
ജൂണ്‍ 17നായിരുന്നു വീണയുടെ ആദ്യഘട്ട ചോദ്യം ചെയ്യല്‍. കൊച്ചിയിലെ ഇ ഡി ആസ്ഥാനത്ത് തന്നെ നടന്ന ചോദ്യം ചെയ്യല്‍ 9 മണിക്കൂറോളം നീണ്ടു. ഇ ഡി ഡപ്യൂട്ടി ഡയറക്ടറുടെ നേതൃത്വത്തിലായിരുന്നു ചോദ്യം ചെയ്യല്‍. വിശദമായ ചോദ്യാവലിയാണ് ഇ ഡി ചോദ്യം ചെയ്യലിനായി തയ്യറാക്കിയിരുന്നത്. കൈപ്പറ്റിയ പണം വിനിയോഗിച്ചതെങ്ങനെ?, സ്വത്തുക്കള്‍ വാങ്ങിയോ?, നിക്ഷേപങ്ങള്‍ നടത്തിയോ?, എംപവര്‍ ഇന്ത്യ സ്ഥാപനത്തില്‍ നിന്നും 50 ലക്ഷം വായ്പ എടുത്തത് ഏത് സാഹചര്യത്തിലാണ്?, എത്ര തുക തിരിച്ചടച്ചു?
ഈ പണം എന്തിനുവേണ്ടി ഉപയോഗിച്ചു?, ആദ്യതവണ തിരിച്ചടവ് മുടങ്ങിയിട്ടും വീണ്ടും വായ്പ അനുവദിക്കാന്‍ ഉണ്ടായ സാഹചര്യം എന്താണ്?, ഇല്ലാത്ത സേവനത്തിന് വന്‍ തുക കൈപ്പറ്റിയെന്ന എസ്എഫ്ഐഒ കണ്ടെത്തലിലെ പ്രതികരണം, വന്‍ തുക ലഭിക്കാന്‍ സിഎംആര്‍എല്ലുമായുള്ള ബന്ധം, മരവിപ്പിച്ച എച്ചിഡിഎഫ്സി ബാങ്ക് അക്കൗണ്ടിന് പുറമേ എത്ര അക്കൗണ്ടുകള്‍ ഉണ്ട്, അബുദാബിയില്‍ ഉണ്ടായിരുന്ന ബാങ്ക് അക്കൗണ്ട് വഴി ഇടപാടുകള്‍ നടന്നിട്ടുണ്ടോ തുടങ്ങിയ കാര്യങ്ങളാണ് ആദ്യഘട്ട ചോദ്യം ചെയ്യലില്‍ ഇഡി വീണയില്‍ നിന്ന് ചോദിച്ചറിഞ്ഞത്.










