തിരുവനന്തപുരം: സത്യപ്രതിജ്ഞാ വിവാദത്തിന് പിന്നാലെ തിരുവനന്തപുരം കോര്‍പറേഷന്‍ ഭരണം പ്രതിസന്ധിയിലേക്ക്. മേയര്‍, ഡെപ്യൂട്ടി മേയര്‍ തെരഞ്ഞെടുപ്പ് അസാധുവാക്കണമെന്നാവശ്യപ്പെട്ട് കോടതിയെ സമീപിക്കാന്‍ എല്‍ഡിഎഫ്. തെരഞ്ഞെടുപ്പ് വീണ്ടും നടത്തണമെന്ന് ആവശ്യം. നിയമപരമല്ലാതെ സത്യപ്രതിജ്ഞത ചെയ്ത അംഗങ്ങളുടെ വോട്ട് അസാധുവെന്ന് ചൂണ്ടിക്കാട്ടും. കോടതി വിധി എല്‍ഡിഎഫിന് അനുകൂലമായാല്‍ ബിജെപി ഭരണത്തിന് തന്നെ തിരിച്ചടിയാകും.
ബിജെപി കൌണ്‍സിലര്‍ ആര്‍.സുഗതന്‍ ജയിലിലായതിനാല്‍ ബിജെപിക്ക് കേവല ഭൂരിപക്ഷം നഷ്ടമാകും. സത്യപ്രതിജ്ഞ ചട്ടം ലംഘിച്ചുവെന്ന് ആരോപിച്ചും കൗണ്‍സിലറായ ആര്‍. സുഗതന്റെ രാജി ആവശ്യപ്പെട്ടും തിരുവനന്തപുരം മേയര്‍ക്കെതിരെ എല്‍ഡിഎഫ് നടത്തിയ ഓഫിസ് ഉപരോധം സംഘര്‍ഷത്തില്‍ കലാശിച്ചിരുന്നു. കയ്യാങ്കളിയില്‍ മേയറെയും മുന്‍മന്ത്രിമാരെയും പ്രതി ചേര്‍ത്ത് കേസെടുത്തു. മേയര്‍ ഓഫിസിലേക്ക് പ്രവേശിക്കാന്‍ ശ്രമിച്ചതിനെ തുടര്‍ന്ന് ഉന്തും തള്ളലുമുണ്ടായി. എല്‍ഡിഎഫ് കൗണ്‍സിലര്‍മാരുടെ ആക്രമത്തില്‍ പരിക്കേറ്റെന്ന് വി.വി രാജേഷ് പറഞ്ഞു. സംഘര്‍ഷത്തില്‍ ബിജെപി കൗണ്‍സിലര്‍മാര്‍ക്കും എല്‍ഡിഎഫ് കൗണ്‍സിലര്‍മാര്‍ക്കും പരിക്കേറ്റിട്ടുണ്ട്. ഒരു പൊലീസ് ഉദ്യോഗസ്ഥക്കും പരിക്കുണ്ട്.
വി. ശിവന്‍കുട്ടി, കടകംപള്ളി സുരേന്ദ്രന്‍, വി. ജോയ് അടക്കമുള്ള സിപിഎം നേതാക്കള്‍ നഗരസഭയിലെത്തിയിരുന്നു. പ്രതിഷേധത്തില്‍ നിന്ന് പിന്നോട്ടില്ലെന്ന് എല്‍ഡിഎഫ് കൗണ്‍സിലര്‍മാര്‍ പറഞ്ഞു. അതേസമയം, മേയറെ എല്‍ഡിഎഫ് കൗണ്‍സിലര്‍മാര്‍ ആക്രമിക്കാന്‍ ശ്രമിച്ചെന്ന് ബിജെപി ആരോപിച്ചു.
അതേസമയം, ആര്‍. സുഗതനെതിരെ കാപ്പ ചുമത്താനുള്ള നടപടികള്‍ക്ക് സര്‍ക്കാര്‍ അംഗീകാരം നല്‍കി. ആഭ്യന്തരവകുപ്പ് സെക്രട്ടറിയാണ് ഇതുസംബന്ധിച്ച ഫയലില്‍ ഒപ്പുവെച്ചത്. വട്ടിയൂര്‍ക്കാവിനടുത്തുള്ള ക്ഷേത്രോത്സവത്തിനിടെയുണ്ടായ സംഘര്‍ഷത്തില്‍ ഒരാളെ കൊലപ്പെടുത്താന്‍ ശ്രമിച്ച കേസിലാണ് സുഗതനെ പൊലീസ് അറസ്റ്റ് ചെയ്തത്. ഒളിവിലായിരുന്ന സുഗതനെ, ആകാശത്തേക്ക് വെടിവെച്ചാണ് വട്ടിയൂര്‍ക്കാവ് എസ്എച്ച്ഒയും സംഘവും കസ്റ്റഡിയിലെടുത്തത്. 2023ലും 2025ലും പൊലീസ് ഇയാളെ റൗഡി ലിസ്റ്റില്‍ ഉള്‍പ്പെടുത്തിയിരുന്നു. റൗഡി ലിസ്റ്റില്‍ ഉള്‍പ്പെട്ടതിന് ശേഷവും ക്രിമിനല്‍ പ്രവര്‍ത്തനങ്ങള്‍ തുടര്‍ന്നു എന്ന് പൊലീസ് സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പറയുന്നു.










