ക്രൈം ഡെസ്‌ക്
മോസ്‌കോ: മുപ്പതോളം ആളുകളെ മയക്കി കൊലപ്പെടുത്തിയ ശേഷം കഷണങ്ങളാക്കി നുറുക്കി പാചകം ചെയ്ത് കഴിച്ച ദമ്പതിമാരെ റഷ്യയിൽ അറസ്റ്റ് ചെയ്തു. മയക്കിക്കിടത്തിയ ശേഷം അറവുകയത്തി ഉപയോഗിച്ചു കഷണങ്ങളാക്കി നുറുക്കിയ ശേഷമാണ് ഇവർ ആളുകളെ പാചകം ചെയ്തിരുന്നത്. മയക്കി കിടത്തി 30ഓളം പേരെ 1999 മുതൽ ദമ്പതികൾ കൊന്നു തിന്നുവെന്നാണ് റഷ്യൻ പോലീസ് സംശയിക്കുന്നത്. ഇവരുടെ വീട്ടിൽ നിന്ന് ഉപ്പിലിട്ട മനുഷ്യ ശരീരഭാഗങ്ങളും പരിസരത്ത് നിന്ന് മനുഷ്യ ശരീരാവശിഷ്ടങ്ങളും കണ്ടെത്തി.
റഷ്യയിലെ ക്രാസ്നൊദാർ മേഖലയിൽ നിന്നാണ് നതാലിയ ബക്ഷീവയെയും 35കാരനായ ഭർത്താവ് ദിമിത്രി ബക്ഷീവയെയും അറസ്റ്റ് ചെയ്തത്.
റോഡിൽ നിന്ന് വഴിയാത്രക്കാരന് ലഭിച്ച മൊബൈൽ ഫോണാണ് ഈ ക്രൂരകൃത്യങ്ങളെ കുറിച്ച് ലോകമറിയാൻ കാരണം. വീണ് കിട്ടിയ ഫോണിലെ നടുക്കുന്ന ദൃശ്യങ്ങൾ ശ്രദ്ധയിൽപെട്ട യാത്രക്കാരൻ ഉടൻ തന്നെ പോലീസിനെ വിവരമറിയിക്കുകയായിരുന്നു.
വെട്ടിമാറ്റിയ മനുഷ്യന്റെ തലയും കൈയ്യും കയ്യിലേന്തിയും വായിൽ വെച്ചും പോസ് ചെയ്തുള്ള ദിമിത്രേവിന്റെ സെൽഫിയടക്കം ഒട്ടേറെ ക്രൂരത വെളിവാക്കുന്ന ചിത്രങ്ങളാണ് ഫോണിലുണ്ടായിരുന്നത്.
ക്രാസ്നദോറിലെ മിലിട്ടറി ഡോർമിറ്ററിയിൽ താമസക്കാരായിരുന്ന ദമ്പതികൾ പട്ടാളക്കാർക്ക് അവരറിയാതെ അവരുടെ ഭക്ഷണത്തിൽ മനുഷ്യമാംസം കലർത്തി നൽകിയിരുന്നെന്നും പോലീസ് പറയുന്നു. മിലിട്ടറി സ്‌കൂളിലെ നഴ്സായി ജോലി ചെയ്യുന്നതിനിടെയാണ് അവരിങ്ങനെ ചെയ്തത്.
ഇതുവരെ പ്രദേശത്ത് നിന്ന് കാണാതായതും മരണപ്പെട്ടതുമായ 30 പേരുടെ മരണത്തിൽ ഇവരുടെ പങ്കുണ്ടെന്ന് പോലീസ് പറയുന്നു. ഈ കൊലപാതകങ്ങളുടെ കുറ്റസമ്മതം ദമ്പതിമാർ നടത്തുകയാണെങ്കിൽ രാജ്യം കണ്ടതിൽ വെച്ച് ഏറ്റവും വലിയ പരമ്പര കൊലയാളികളായിരിക്കും ഇവർ.
ഇവരുടെ ഫോൺ കണ്ടെത്തിയ അതേസമയം തന്നെയാണ് ഏവിയേഷൻ അക്കാദമിയുടെ പരിസരത്ത് വെച്ച് 35കാരിയുടെ ശരീരഭാഗങ്ങൾ പോലീസ് കണ്ടെടുത്തത്. ദമ്പതികൾ താമസിക്കുന്നതിന് അടുത്തായിരുന്നു അക്കാദമി സ്ഥിതി ചെയ്തിരുന്നത്.
തങ്ങൾ 30 ഓളം പേരെ കൊന്നിട്ടുണ്ടെന്ന് ദമ്പതികൾ കുറ്റസമ്മതം നടത്തിയതായി റിപ്പോർട്ട് ചെയ്യുന്നു.
പ്രതികൾ ഇരകളെ തേടിയ രീതിയും കൊലചെയ്ത രീതിയുമൊന്നും ഇതുവരെ പോലീസ് വെളിപ്പെടുത്തിയട്ടില്ല. പക്ഷെ ഇവരുടെ മുറിയിൽ നിന്ന് നിരവധി മനുഷ്യാവശിഷ്ടങ്ങൾ കണ്ടെടുത്തിട്ടുണ്ട്.
ഉപ്പിലിട്ട മനുഷ്യ ശരീരങ്ങളും മറ്റും അടുക്കളയിൽ നിന്ന് കണ്ടെടുത്തു. ഇവരുടെ കൈവശമുള്ള ഫോട്ടോകളിൽ ഭൂരിഭാഗവും മനുഷ്യമാംസങ്ങളുടെ ചിത്രങ്ങളും മനുഷ്യ ശരീരങ്ങളോടൊപ്പമുള്ള സെൽഫികളും ഉൾപ്പെടുന്നു. വെട്ടിമാറ്റപ്പെട്ട തലമുടിയുടെ ശേഖരവും മുറിയിൽ നിന്ന് കണ്ടെടുത്തിട്ടുണ്ട്. ഫ്രീസറിൽ നിന്ന് തലയുടെ അവശിഷ്ടവും കണ്ടെത്തി. വീട്ടിൽ ഒരു ബക്കറ്റിൽ ചോര കലർന്ന വെള്ളമുണ്ടായിരുന്നെന്നും ചില അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ഉപ്പിലിട്ട് സൂക്ഷിച്ച മനുഷ്യന്റെ കൈയടങ്ങിയ ജാർ കണ്ടെടുത്തുവെന്ന് ഒരു ദേശീയ മാധ്യമം റിപ്പോർട്ട് ചെയ്യുന്നു.
റഷ്യൻ പോലീസ് ഇവരുടെ വീട് പരിശോധിക്കുന്നതിന്റെ ദൃശ്യങ്ങൾ പുറത്തുവിട്ടിട്ടുണ്ട്. അലങ്കോലമായി കിടക്കുന്ന മുറി ദൃശ്യങ്ങളിൽ കാണാം. മുറിയിലെ ബെഡ്ഡിൽ ചിത്രങ്ങൾ വാരിവിതറിയിട്ട നിലയിലായിരുന്നു. ഇതിൽ ഒരു ചിത്രത്തിൽ പഴങ്ങൾ കൊണ്ട് ഗാർനിഷ് ചെയ്ത ഒരു മനുഷ്യന്റെ തലയുടെ ദൃശ്യം വ്യക്തമായി കാണാം.


