തിരുവനന്തപുരം:യുഡിഎഫ് സര്‍ക്കാറിന്റെ ദിശ കൃത്യമായ രീതിയില്‍ വ്യക്തമാകുന്ന നില പുറത്തുവന്നെന്ന് എം സ്വരാജ്. സത്യപ്രതിജ്ഞ ചടങ്ങില്‍ വന്ദേമാതരം പാടിയപ്പോള്‍ തന്നെ നയം വ്യക്തമായിരുന്നുവെന്നും നിയമസഭയിലും ആദ്യമായി പൂര്‍ണ്ണമായ വന്ദേമാതരം മുഴങ്ങിയെന്നും അദ്ദേഹം പറഞ്ഞു. സംഘപരിവാര്‍ അനുകൂല നിലപാട് സ്വീകരിച്ച തെരഞ്ഞെടുപ്പ് കമ്മീഷന് നല്‍കിയ നിയമനവും നാം കണ്ടു. എംജി സര്‍വ്വകലാശാല ആര്‍എസ്എസ് ശാഖയാക്കി ഗവര്‍ണര്‍ മാറ്റിയപ്പോള്‍ നേരിയ ഒരു വിമര്‍ശനം പോലും മുഖ്യമന്ത്രിയും ഉന്നത വിദ്യാഭ്യാസ മന്ത്രിയും നടത്തിയില്ലെന്നും അദ്ദേഹം വിമര്‍ശിച്ചു. തുടര്‍ച്ചയായ സംഘപരിവാര്‍ വിധേയത്വം വ്യക്തമാണെന്നും എം സ്വരാജ് പറഞ്ഞു
പിഎം ശ്രീ പദ്ധതിയുമായി മുന്നോട്ടുപോകുമെന്ന് സര്‍ക്കാര്‍ വ്യക്തമാക്കിയതിനേയും എം സ്വരാജ് വിമര്‍ശിച്ചു. യുഡിഎഫ് നേതാക്കള്‍ ഊഴമിട്ടാണ് കഴിഞ്ഞ സര്‍ക്കാരിന്റെ സമയത്ത് പദ്ധതിയെ എതിര്‍ത്തത്. തങ്ങള്‍ അധികാരത്തില്‍ വന്നാല്‍ പിഎം ശ്രീ പദ്ധതി നിര്‍ത്തലാക്കുമെന്ന് കുഞ്ഞാലിക്കുട്ടിയും പറഞ്ഞിരുന്നുവെന്നും കഴിഞ്ഞ സര്‍ക്കാരിന്റെ സമയത്ത് എന്തൊക്കെ കോലാഹലങ്ങളാണ് യുഡിഎഫ് നടത്തിയതെന്നും അദ്ദേഹം ചോദിച്ചു.
എല്‍ഡിഎഫ് സര്‍ക്കാര്‍ ഉപേക്ഷിച്ചതും നിര്‍ത്തിവെച്ചതുമായ പദ്ധതി വലിച്ചെടുത്ത് തലയില്‍ വച്ച കാഴ്ചയാണ് ഇപ്പോള്‍ കാണുന്നതെന്നും അദ്ദേഹം പറഞ്ഞു. പിഎം ശ്രീ പദ്ധതിപ്രകാരം ഒരു നയാപൈസ കേരളം കൈപ്പറ്റിയിട്ടില്ല.ഏതൊക്കെ സ്‌കൂളുകളില്‍ വേണം പദ്ധതി നടപ്പിലാക്കേണ്ടത് എന്നതും തീരുമാനിച്ചിട്ടില്ലെന്നും സ്വരാജ് പറഞ്ഞു.
പദ്ധതി നിര്‍ത്തി വയ്ക്കുന്നു എന്നത് രേഖാമൂലം കത്ത് നല്‍കിയതാണ്. പിഎം ശ്രീയില്‍ ഒപ്പിട്ടില്ല എന്നതുകൊണ്ടാണ് എസ്എസ്‌കെ ഫണ്ട് പോലും മരവിപ്പിച്ചതെന്നും അദ്ദേഹം പറഞ്ഞു. എസ്എസ്‌കെയുടെ ആ തടഞ്ഞുവെച്ച ഫണ്ടിന്റെ ഒരു തുക അനുവദിച്ചതിനെയാണ് പിഎം ശ്രീ ഫണ്ട് എന്ന് ഇപ്പോള്‍ യുഡിഎഫ് വ്യാഖ്യാനിക്കുന്നതെന്നും സ്വരാജ് ചൂണ്ടിക്കാണിച്ചു. മണ്ണിട്ടുമൂടിയ ഒരു പദ്ധതിയെ കുഴിമാന്തി എടുത്തു തലയില്‍ വെച്ചിരിക്കുകയാണ് യുഡിഎഫെന്നും അദ്ദേഹം പറഞ്ഞു.
കേരള ജനതയോട് സര്‍ക്കാര്‍ മാപ്പ് പറയണമെന്നും സ്വരാജ് പറഞ്ഞു. പി എം ശ്രീ പദ്ധതിയില്‍ നിന്ന് സര്‍ക്കാര്‍ പിന്നോട്ട് പോകണം. പിഎം ശ്രീ പദ്ധതി കേരളം നടപ്പാക്കുന്നില്ല എന്നത് ഔദ്യോഗികമായി കത്ത് നല്‍കിയും മന്ത്രി നേരിട്ട് ചെന്നും കേന്ദ്രത്തെ അറിയിച്ചതാണെന്നും അദ്ദേഹം പറഞ്ഞു. എസ്എസ്‌കെ ഫണ്ട് മരവിപ്പിച്ചപ്പോള്‍ വലിയ പ്രതിസന്ധിയിലായെന്നും അപ്പോഴാണ് എംഒയു ഒപ്പിട്ടതെന്നും അദ്ദേഹം വ്യക്തമാക്കി. പദ്ധതി നടപ്പാക്കാം എന്ന് പറഞ്ഞിട്ടില്ലെന്നും എസ്എസ്‌കെ ഫണ്ട് ലഭിക്കുന്നതിനുവേണ്ടിയാണ് ഒപ്പിട്ടതെന്നും ആ പദ്ധതി നടപ്പാക്കില്ല എന്ന് പറയാന്‍ രാഷ്ട്രീയ ആര്‍ജ്ജവം വേണമെന്നും സ്വരാജ് പറഞ്ഞു. അത് തങ്ങള്‍ കാണിച്ചെന്നും സ്വരാജ് വ്യക്തമാക്കി.
രണ്ട് സര്‍ക്കാര്‍ വച്ച ഉപസമിതികളും ഒന്നല്ല. എല്‍ഡിഎഫ് സര്‍ക്കാര്‍ വെച്ച ഉപസമിതി പദ്ധതി നടപ്പിലാക്കാതിരിക്കാന്‍ വേണ്ടിയുള്ളതാണ്.
യുഡിഎഫ് സര്‍ക്കാര്‍ വച്ച ഉപസമിതി പദ്ധതി നടപ്പിലാക്കാന്‍ വേണ്ടിയാണെന്നും അദ്ദേഹം പറഞ്ഞു.


