സ്വന്തം ലേഖകൻ
തിരൂർ: മലപ്പുറം ജില്ലയുടെ വിവിധ ഭാഗങ്ങളിൽ നിരോധിത നോട്ട് ഇപ്പോഴും സജീവമായി സൂക്ഷിച്ചിരിക്കുന്നതായി റിപ്പോർട്ട്. ഇൻകംടാക്‌സ് ഡിപ്പാർട്ട്‌മെന്റിന്റെ രഹസ്യാന്വേഷണ വിഭാഗം നടത്തിയ അന്വേഷണത്തിലാണ് കേരളത്തെ ഞെട്ടിക്കുന്ന കള്ളനോട്ടിന്റെയും നിരോധിത നോട്ടിന്റെയും വിവരങ്ങൾ പുറത്തു വന്നത്. മലപ്പുറം ജില്ലയിലെ പതിനായിരം വീടുകളിലായാണ് ഇത്തരത്തിൽ വൻ തോതിൽ ഹവാലപ്പണവും നിരോധിച്ച ആയിരം, അഞ്ഞൂറ് നോട്ടുകളുണ്ടെന്നു കണ്ടെത്തിയിരിക്കുന്നത്.
കഴിഞ്ഞ നവംബർ എട്ടിനു രാജ്യത്ത് നോട്ട് നിരോധിച്ച ശേഷം മലപ്പുറത്ത് മാത്രം ഏതാണ്ട് ഒരു മൂന്നര ലക്ഷം കോടി രൂപയുടെ നോട്ട് ബാങ്കുകളിൽ വിനിമയം ചെയ്തിട്ടുണ്ടെന്നാണ് കണ്ടെത്തിയിരിക്കുന്നത്. എന്നാൽ, ഈ പണം കള്ളപ്പണത്തിന്റെ പട്ടികയിലൊന്നും പെട്ടിട്ടില്ലെന്നതാണ് ഏറെ രസകരം. കേന്ദ്ര ഇന്റലിജൻസ് ബ്യൂറോയും, എൻ.ഐ.എയും അന്വേഷണം നടത്തിയിട്ടും ഇതുവരെയും കള്ളപ്പണത്തിന്റെ വിശദാംശങ്ങളൊന്നും കണ്ടെത്താൻ അന്വേഷണ സംഘത്തിനു കഴിഞ്ഞിട്ടില്ല. ഇതിനിടെയാണ് ഇപ്പോൾ മലപ്പുറത്ത് വൻ തോതിൽ നിരോധിത നോട്ട് സൂക്ഷിച്ചിരിക്കുന്നതായുള്ള വാർത്ത പുറത്തു വന്നിരിക്കുന്നത്.
പല വീടുകളിലും 30 മുതൽ 100 കോടി രൂപ വരെ സൂക്ഷിച്ചിട്ടുണ്ടെന്നാണ് സൂചന ലഭിച്ചിരിക്കുന്നത്. ഇതു സംബന്ധുച്ചുള്ള റിപ്പോർട്ടുകൾ ഇന്റലിജൻസ് വിഭാഗം റിസർവ് ബാങ്കിനു നൽകിയിട്ടുണ്ട്. ഇതേ തുടർന്ന് ഇത്തരം വീടുകളുടെ വിശദാംശങ്ങൾ ശേഖരിച്ചു വരികയാണെന്നു റിസർവ് ബാങ്കുമായി ബന്ധപ്പെട്ട വൃത്തങ്ങൾ സൂചന നൽകുന്നു.


