കൊല്ലം കുളത്തൂപുഴയില്‍ ഏഴുവയസുകാരിയെ ബന്ധു പീഢിപ്പിച്ചു കൊന്ന സംഭവത്തില്‍ സ്ഥലം എസ്‌ഐക്കെതിരെ നടപടി. സ്ഥലം എസ്‌ഐ ലിസിക്ക് കേസന്വേഷണത്തില്‍ വീഴ്ചപറ്റിയെന്ന വിലയിരുത്തലിനെ തുടര്‍ന്നാണ് നടപടി. ഏരൂര്‍ സ്‌റ്റേഷന്‍ ചുമതല എസ് ഐ ഗോപകുമാറിന് നല്‍കി. കേസില്‍ കുട്ടിയുടെ അമ്മയുടെ സഹോദരിയുടെ രണ്ടാം ഭര്‍ത്താവ് രാജേഷ് നേരത്തെ അറസ്റ്റിലായിരുന്നു. ബുധനാഴ്ച രാവിലെ കാണാതായ പെണ്‍കുട്ടിയെക്കുറിച്ച് അന്വേഷിക്കുന്നതില്‍ പൊലീസിന്റെ ഭാഗത്തു നിന്നുണ്ടായ വീഴ്ചയാണ് മരണത്തിന് കാരണമായതെന്ന ആരോപമുയര്‍ന്നിരുന്നു. ബുധനാഴ്ച പത്ത് മണിയോടെ ഏരൂര്‍ പൊലീസ് സ്റ്റേഷനില്‍ ബന്ധുക്കള്‍ പരാതി നല്‍കിയെങ്കിലും അന്വേഷണം വൈകിയതാണ് ദുരന്തത്തിന് കാരണമായതെന്നും നാട്ടുകാര്‍ പറയുന്നു. കുറ്റം സമ്മതിച്ച പ്രതിയെ വിശദമായി ചോദ്യം ചെയ്ത് വരികയാണ്. സംഭവത്തില്‍ ബാലാവകാശ കമ്മീഷന്‍ സ്വമേധയാ കേസെടുത്തു.



