തിരുവനന്തപുരം: ആം ആദ്മി പാര്‍ട്ടി ദേശീയ തലത്തില്‍ വലിയ ചര്‍ച്ചയാകുകയും ഡല്‍ഹിയില്‍ അധികാരം പിടിക്കുകയും ചെയ്‌തെങ്കിലും കേരളത്തില്‍ പാര്‍ട്ടിയ്ക്ക് നല്ല വേരോട്ടമുണ്ടാക്കാന്‍ കഴിഞ്ഞിരുന്നില്ല. കേരളത്തില്‍ പാര്‍ട്ടിയുടെ നേതൃത്വത്തില്‍ വന്നവരുടെ രാഷ്ട്രീയ രംഗത്തെ പ്രവര്‍ത്തന പോരായ്മയാണ് ഇതിന് കാരണം. എന്നാല്‍ ആ പ്രശ്‌നത്തിന് പരിഹാരവുമായി ഉയര്‍ത്തെഴുന്നേല്‍ക്കാനുള്ള തയ്യാറെടുപ്പിലാണ് പാര്‍ട്ടി.
ആംആദ്മി പാര്‍ട്ടിയുടെ കേരള ഘടകത്തിന്റെ നേതൃത്വം ഇനി ഈ ഇരുപത്തിയൊമ്പതുകാരനില്‍. ദേശീയ തലത്തില്‍ ശ്രദ്ധേയനായ മലയാളി മാധ്യമ പ്രവര്‍ത്തകന്‍ തുഫൈല്‍ പി.ടി.യെയാണ് കേരള ഘടകത്തെ നയിക്കാന്‍ നിയോഗിച്ചത്. എഎപി കഴിഞ്ഞ ദിവസം നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് ആംആദ്മി സംസ്ഥാന സെക്രട്ടറിയായി തുഫൈലിനെ പ്രഖ്യാപിച്ചത്.
കോഴിക്കോട് സ്വദേശിയായ തുഫൈല്‍ ചെന്നൈ ഏഷ്യന്‍ കോളേജ് ഓഫ് ജേര്‍ണലിസത്തില്‍ നിന്നാണ് വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയത്. തെഹല്‍ക്കയിലുടെ മാധ്യമരംഗത്ത് രംഗപ്രവേശം ചെയ്ത തുഫൈല്‍ ദേശീയ മാസികയായ ഔട്ട്ലുക്കില്‍ സീനിയര്‍ എഡിറ്ററായി പ്രവര്‍ത്തിച്ചു വരികയാണ്. ജയരാജിന്റെ ഒറ്റാല്‍ എന്ന സിനിമയില്‍ സഹസംവിധായകനായി പ്രവര്‍ത്തിച്ചിട്ടുണ്ട്. പാര്‍ട്ടിയെ ശക്തിപ്പെടുത്താനുള്ള പ്രവര്‍ത്തനങ്ങളുമായി മുന്നോട്ടു പോകുമെന്ന് തുഫൈല്‍ വ്യക്തമാക്കി. നിലവില്‍ തലസ്ഥാനനഗരിയില്‍ മാത്രമാണ് അരവിന്ദ് കെജ്രിവാളിന്റെ നേതൃത്വത്തില്‍ ആംആദ്മി അധികാരത്തിലുള്ളത്.