തൊടുപുഴ വാസന്തി എന്ന നടി ഒരുകാലത്ത് മലയാള സിനിമാ ലോകത്ത് നിറസാന്നിധ്യമായിരുന്നു. സിനിമയുടെ വെള്ളിവെളിച്ചത്തില്‍ മാത്രം നാം കണ്ടിട്ടുള്ള ഈ നടിയുടെ അവസ്ഥ ഇന്ന് ആരെയും ഞെട്ടിക്കും. രോഗബാധിതയായി കിടപ്പിലായ വാസന്തിയുടെ അവസ്ഥ ദയനീയമാണ്. അവരുടെ വിഷയം ഏറ്റെടുക്കാന്‍ ശ്രമിക്കുകയാണ് സിനിമയിലെ വനിതാ കൂട്ടായ്മയായ വിമണ്‍ ഇന്‍ സിനിമാ കളക്ടീവ്. കാല് നഷ്ടപ്പെട്ട്, കാന്‍സര്‍ ബാധിച്ച്, വൃക്ക തകരാറിലായി നരകയാതന അനുഭവിക്കുകയാണ് നടി. സിനിമാ ലോകത്ത് നിന്ന് ഇതുവരെ കാര്യമായ സഹായ ഹസ്തങ്ങള്‍ വാസന്തിക്ക് നേരെ തിരിഞ്ഞിട്ടില്ല. ഈ സാഹചര്യത്തിലാണ് വനിതാ കൂട്ടായ്മ രംഗത്തിറങ്ങുന്നത്. രോഗം തളര്‍ത്തിയ വാസന്തിക്ക് വേണ്ടി കൈകോര്‍ക്കുകയാണിപ്പോള്‍ വിമണ്‍ ഇന്‍ സിനിമാ കളക്ടീവ്. വാസന്തിയുടെ നരകതുല്യ ജീവിതം സംബന്ധിച്ച വാര്‍ത്തകള്‍ കഴിഞ്ഞദിവസം പുറത്തുവന്നിരുന്നു. വാര്‍ത്തകളിലൂടെയാണ് പുറംലോകം വാസന്തിയുടെ അവസ്ഥ അറിഞ്ഞത്. സിനിമാക്കാരും അങ്ങനെ തന്നെ. 450 ലധികം സിനിമകളില്‍ വേഷമിട്ട നടിയാണ് വാസന്തി. പ്രമേഹം മൂര്‍ഛിച്ചതിനെ തുടര്‍ന്ന് വാസന്തിയുടെ വലതുകാല്‍ മുറിച്ചുമാറ്റിയിട്ടുണ്ട്. തൊണ്ടയിലാണ് കാന്‍സര്‍. അതുകൊണ്ടുതന്നെ വെള്ളം കുടിക്കാന്‍ അവര്‍ക്കാകുന്നില്ല.
20 റേഡിയേഷന് കഴിഞ്ഞു. ഇനി കീമോ ചെയ്യേണ്ടി വരുമെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചിട്ടുണ്ട്. ഇപ്പോള്‍ തുടര്‍ ചികില്‍സക്കുള്ള എല്ലാ വഴികളും വാസന്തിക്ക് മുമ്പില്‍ അടഞ്ഞിരിക്കുകയാണെന്ന് വിമണ്‍ ഇന്‍ സിനിമാ കളക്ടീവിന്റെ ഫേസ്ബുക്ക് പോസ്റ്റില്‍ വിശദീകരിക്കുന്നു.

പ്രമേഹവും കാന്‍സറും വൃക്ക തകരാറും മാത്രമല്ല, കേള്‍വിക്കുറവും വാസന്തി നേരിടുന്ന പ്രധാന പ്രശ്നമാണ്. തുടര്‍ചികില്‍സയ്ക്ക് കുറഞ്ഞത് ഏഴ് ലക്ഷം രൂപ വേണമെന്നാണ് കണക്കാക്കുന്നത്. 2007 വരെ ദിവസവും ഒന്നിലധികം സിനിമകളില്‍ അഭിനയിച്ചിരുന്ന വ്യക്തിയാണ് വാസന്തി. നാടകാഭിനയത്തിന് സംസ്ഥാന സര്‍ക്കാരിന്റെ പുരസ്കാരവും ഇവര്‍ക്ക് ലഭിച്ചിട്ടുണ്ട്.


