ന്യൂഡല്‍ഹി: സണ്ണി ജോസഫ് പുതിയ കെപിസിസി അദ്ധ്യക്ഷന്‍. കോണ്‍ഗ്രസ് ദേശീയ അദ്ധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖര്‍ഗെയാണ് പ്രഖ്യാപനം നടത്തിയത്. നിലവില്‍ സംസ്ഥാന അദ്ധ്യക്ഷനായിരുന്ന കെ സുധാകരനെ കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി സ്ഥിരം ക്ഷണിതാവാക്കും.
കേരളത്തില്‍ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിനെ ശക്തമാക്കാന്‍ ഏല്‍പ്പിച്ചിട്ടുള്ള ചുമതലയാണിതെന്നും വിനയത്തോടെ ഏറ്റെടുക്കുന്നുവെന്നും പുതിയ കെപിസിസി അധ്യക്ഷന്‍ സണ്ണി ജോസഫ്. ഈ ദൗത്യത്തിന്റെ പൂര്‍ത്തീകരണത്തിന് കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ്, കേരളത്തിലെ മുതിര്‍ന്ന നേതാക്കന്‍മാര്‍, സഹപ്രവര്‍ത്തകര്‍, ണികള്‍ അനുഭാവികള്‍, തുടങ്ങിയ എല്ലാവരുടെയും പിന്തുണയും അദ്ദേഹം അഭ്യര്‍ത്ഥിച്ചു.
അടൂര്‍ പ്രകാശിനെ യുഡിഎഫ് കണ്‍വീനറായും തിരഞ്ഞെടുത്തു. പി സി വിഷ്ണുനാഥ്, എ പി അനില്‍കുമാര്‍, ഷാഫി പറമ്പില്‍ എന്നിവരെ പുതിയ വര്‍ക്കിംഗ് പ്രസിഡന്റുമാരായി നിയമിച്ചു. നിലവിലെ യുഡിഎഫ് കണ്‍വീനറായ എം എം ഹസ്സനെയും വര്‍ക്കിംഗ് പ്രസിഡന്റുമാരായ കൊടിക്കുന്നില്‍ സുരേഷ്, ടി എന്‍ പ്രതാപന്‍, ടി സിദ്ധീഖ് എന്നിവരെ പദവിയില്‍ നിന്നൊഴിവാക്കി.
പുതിയ വര്‍ക്കിംഗ് പ്രസിഡന്റായി നിയമിതനായ പി സി വിഷ്ണുനാഥിനെ എഐസിസി സെക്രട്ടറി പദവിയില്‍ നിന്നു നീക്കി. ബിഹാറിലെ മുന്‍ പിസിസി അദ്ധ്യക്ഷന്‍ ഡോ. അഖിലേഷ് പ്രസാദ് സിങും പ്രവര്‍ത്തക സമിതിയിലെ സ്ഥിരം ക്ഷണിതാവായിരിക്കുമെന്ന് എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍ അറിയിച്ചു.
ഏറ്റവും മെച്ചപ്പട്ടൊരു ടീമിനെയാണ് അഖിലേന്ത്യ കോണ്‍ഗ്രസ് നേതൃത്വം കേരളത്തില്‍ ഇപ്പോള്‍ നിയോഗിച്ചിട്ടുള്ളത്. അടൂര്‍ പ്രകാശിനെ യുഡിഎഫ് കണ്‍വീനറായും വിഷ്ണുനാഥും ഷാഫിയും അനില്‍ കുമാറുമായിട്ടുള്ള ഈ ടീം അതിശക്തമായ മുന്നേറ്റത്തിന് തയാറാണ്. കൂട്ടായ നേതൃത്വത്തിന്റെ ശക്തിയായ പ്രവര്‍ത്തനം ഞങ്ങള്‍ കാഴ്ച വെക്കും – അദ്ദേഹം വ്യക്തമാക്കി.
സഭയുടെ ഭാഗത്ത് നിന്നുള്ള സമ്മര്‍ദത്തിന്റെ ഭാഗമായിട്ടാണ് കെപിസിസി പ്രസിഡന്റായി തന്നെ നിയോഗിച്ചതെന്ന ആരോപണങ്ങള്‍ക്കും അദ്ദേഹം മറുപടി പറഞ്ഞു. താനൊരു മതേതര പ്രസ്ഥാനത്തിന്റെ പ്രവര്‍ത്തകനാണെന്നും എല്ലാ മതവിശ്വാസികളും തന്നെ പിന്തുണയ്ക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. പ്രത്യേകിച്ച് ഏതെങ്കിലും ഒരു സഭയുടെ പ്രതിനിധിയല്ല ഞാന്‍. സഭാ നേതൃത്വം തന്നെ അത് വ്യക്തമാക്കിയിട്ടുണ്ട് – അദ്ദേഹം വ്യക്തമാക്കി.
കെ സുധാകരന്‍ തന്നെ വിളിച്ചുവെന്നും എല്ലാ പിന്തുണയും അനുഗ്രഹവും പ്രഖ്യാപിച്ചുവെന്നും അദ്ദേഹം പറഞ്ഞു. മുന്നോട്ട് പോകാന്‍ നിര്‍ദേശിച്ചു. അദ്ദേഹം എല്ലാകാലത്തും ഞങ്ങളുടെ പ്രിയങ്കരനായ, ബഹുമാന്യനായ, കരുത്തനായ നേതാവാണ്. അദ്ദേഹമിപ്പോള്‍ മലപ്പട്ടത്തൊരു പരിപാടിയിലാണ്. ഞാന്‍ അദ്ദേഹത്തെ കാണുന്നതിന് വേണ്ടി കണ്ണൂര്‍ ഡിസിസി ഓഫീസിലേക്ക് പൊയ്‌ക്കൊണ്ടിരിക്കുകയാണ്











