സര്‍ക്കാരിന്റെ പതിനാറടിയന്തരം നടത്തി പന്തലും പൊളിച്ചിട്ടേ ഇവര്‍ അടങ്ങൂ; എസ്എഫ്‌ഐക്കെതിരെ വിമര്‍ശനവുമായി അഡ്വ. ജയശങ്കര്‍ –

തിരുവനന്തപുരം: എസ്.എഫ്.ഐക്കെതിരെ രൂക്ഷവിമര്‍ശനവുമായി രാഷ്ട്രീയനിരീക്ഷകന്‍ അഡ്വ. ജയശങ്കര്‍. വിവാഹവീട്ടില്‍ ചെന്ന് കശപിശയുണ്ടാക്കുകയും മുറ്റത്തു കിടന്ന കാര്‍ അടിച്ചു തകര്‍ക്കുകയും ചെയ്ത സംഭവത്തില്‍ എസ്.എഫ്.ഐ കോട്ടയം ജില്ലാ സെക്രട്ടറിയെ അറസ്റ്റ് ചെയ്തതുമായി ബന്ധപ്പെട്ടാണ് ജയശങ്കറിന്റെ വിമര്‍ശനം.

1980 മുതല്‍ ഓരോ തവണയും ഇടതുപക്ഷ സര്‍ക്കാരുകളുടെ പ്രതിച്ഛായ തകര്‍ത്തത് സി.ഐ.ടി.യുക്കാരായിരുന്നെന്നും എന്നാല്‍ ഇപ്പോള്‍ അവര്‍ ശാന്തരായെന്നും അവര്‍ക്ക് പകരം ആ ഭാരിച്ച ഉത്തരവാദിത്തം എസ്.എഫ്.ഐ സഖാക്കള്‍ ഏറ്റെടുത്തിരിക്കുകയുമാണെന്ന് ജയശങ്കര്‍ ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നു. ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം കല്യാണവീട്ടില്‍ ചെന്നു കശപിശയുണ്ടാക്കുകയും മുറ്റത്തു കിടന്ന കാര്‍ അടിച്ചു തകര്‍ക്കുകയും ചെയ്ത എത്തപ്പൈ കോട്ടയം ജില്ലാ സെക്രട്ടറിയെ പോലീസ് അറസ്റ്റു ചെയ്തു.

1980 മുതലിങ്ങോട്ട് ഓരോ തവണയും ഇടതുപക്ഷ സര്‍ക്കാരുകളുടെ പ്രതിച്ഛായ തകര്‍ത്തത് സി.ഐ.ടി.യുക്കാരാണ്, പ്രത്യേകിച്ച് ചുമട്ടു തൊഴിലാളികള്‍. ഇത്തവണ അവര്‍ ശാന്തരാണ്. നോക്കുകൂലിയെ കുറിച്ചൊന്നും കേള്‍ക്കാനില്ല. ഭാരിച്ച ആ ഉത്തരവാദിത്തം എത്തപ്പെ സഗാക്കള്‍ ഏറ്റെടുത്തിരിക്കയാണ്. സര്‍ക്കാരിന്റെ പതിനാറടിയന്തരം നടത്തി പന്തലും പൊളിച്ചിട്ടേ അവര്‍ അടങ്ങൂ. മടപ്പളളി ഗവ.കോളേജില്‍, പാലക്കാട് വിക്ടോറിയയില്‍, തൃശൂര്‍ കേരള വര്‍മയില്‍, എറണാകുളം മഹാരാജാസില്‍, തൊടുപുഴ ന്യൂമാന്‍സില്‍, തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജില്‍- എല്ലായിടത്തും ഗംഭീര പെര്‍ഫോമന്‍സ് ആയിരുന്നു. സംസ്ഥാന പ്രസിഡന്റും സെക്രട്ടറിയും നേരിട്ടു ചെന്നാണ് കറ്റാനം എഞ്ചിനീയറിങ് കോളേജ് തച്ചുതകര്‍ത്തത്. ലാ അക്കാദമിയില്‍ മാത്രമാണ് ഒരല്പം മങ്ങിപ്പോയത്. അതു പിന്നെ ബ്രിട്ടാസിനു വേണ്ടിയുള്ള ചെറിയൊരു വിട്ടുവീഴ്ച മാത്രമായിരുന്നു. സ്വാതന്ത്ര്യം, ജനാധിപത്യം, സോഷ്യലിസം! സഗാക്കളേ, സഗികളേ മുന്നോട്ട്

Top