ബി.ജെ.പി എം.പിയും നടിയുമായ കങ്കണ റണാവത്ത് നഴ്സുമാരെക്കുറിച്ച് നടത്തിയ അത്യന്തം അപലപനീയവും അധിക്ഷേപകരവുമായ പ്രസ്താവന പിന്‍വലിച്ച് പരസ്യമായി മാപ്പുപറയണമെന്ന് മഹാരാഷ്ട്ര പ്രദേശ് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി ജോജോ തോമസ് ആവശ്യപ്പെട്ടു. നഴ്സിംഗ് ഒരു ശാസ്ത്രീയവും സേവനാധിഷ്ഠിതവുമായ മേഖലയായിരിക്കെ, അതിനെ ഒരു ‘സെക്ഷ്വലൈസ്ഡ് പ്രൊഫഷന്‍’ (Sexualised Profession) എന്ന് വിശേഷിപ്പിച്ചത് വഴി സമൂഹത്തിന് മുന്നില്‍ രാപ്പകലില്ലാതെ കഷ്ടപ്പെടുന്ന ലക്ഷക്കണക്കിന് ആരോഗ്യപ്രവര്‍ത്തകരുടെ ആത്മാഭിമാനത്തെയാണ് അവര്‍ ചോദ്യം ചെയ്തിരിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.
കോവിഡ് മഹാമാരിയുടെ ഇരുണ്ട നാളുകളിലും, പ്രതിസന്ധി ഘട്ടങ്ങളിലും സ്വന്തം ജീവന്‍ പോലും പണയംവെച്ചാണ് രാജ്യത്തെ നഴ്സുമാര്‍ രോഗികളെ പരിചരിച്ചത്. അവരുടെ ആ ത്യാഗം സമൂഹം ഇന്നും വലിയ ആദരവോടെയാണ് ഓര്‍ക്കുന്നത്. ഇത്തരം മഹനീയമായ ഒരു തൊഴില്‍ സമൂഹത്തെക്കുറിച്ച് ഒരു ജനപ്രതിനിധി തന്നെ ബഹുമാനരഹിതവും തെറ്റിദ്ധരിപ്പിക്കുന്നതുമായ പരാമര്‍ശങ്ങള്‍ നടത്തുന്നത് അത്യന്തം ദൗര്‍ഭാഗ്യകരമാണ്. നിരന്തരം വിവാദ പ്രസ്താവനകള്‍ നടത്തി ജനശ്രദ്ധ നേടാനുള്ള വിലകുറഞ്ഞ പ്രവണതയുടെ ഭാഗമായാണ് കങ്കണയുടെ ഈ വാക്കുകളെ കാണാന്‍ കഴിയുകയെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
ഇന്ത്യന്‍ നഴ്സുമാര്‍ വിദേശ രാജ്യങ്ങളില്‍ തൊഴില്‍ തേടുന്നത് അവരുടെ കഴിവിന്റെ കുറവുകൊണ്ടല്ല, മറിച്ച് സ്വന്തം നാട്ടില്‍ അര്‍ഹമായ വേതനമോ സുരക്ഷിതമായ തൊഴില്‍ സാഹചര്യങ്ങളോ ലഭിക്കാത്തതുകൊണ്ടാണ്. കഴിഞ്ഞ പത്ത് വര്‍ഷമായി എത്രത്തോളം നഴ്സുമാരാണ് രാജ്യം വിട്ട് വിദേശത്തേക്ക് പോയതെന്നും, അതിന് കാരണമെന്താണെന്നും പഠിച്ച് പരിഹാരം കാണുകയാണ് ഒരു ഭരണകക്ഷി എം.പി ചെയ്യേണ്ടത്. നഴ്സുമാരുടെ അമിതമായ ജോലിഭാരം, സ്റ്റാഫ് കുറവ്, കുറഞ്ഞ ശമ്പളം,
ഉയര്‍ന്ന മാനസിക സമ്മര്‍ദ്ദം, സുരക്ഷാ പ്രശ്‌നങ്ങള്‍ എന്നിവയാണ് ഇന്ന് രാജ്യം അടിയന്തരമായി പരിഗണിക്കേണ്ട വിഷയങ്ങള്‍.
കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ കീഴിലുള്ള ആശുപത്രികളില്‍ പോലും നഴ്സിംഗ് മേഖല വലിയ പ്രതിസന്ധികള്‍ നേരിടുന്നുണ്ട്. കേന്ദ്ര സര്‍ക്കാരിന്റെ നയവൈകല്യങ്ങളെയാണ് കങ്കണ വിമര്‍ശിക്കേണ്ടതെന്നും, മറിച്ച് നിസ്വാര്‍ത്ഥ സേവനം ചെയ്യുന്ന നഴ്സുമാരെ അല്ലെന്നും ജോജോ തോമസ് ഓര്‍മ്മിപ്പിച്ചു. ഈ യഥാര്‍ത്ഥ പ്രശ്‌നങ്ങളെ കണ്ടില്ലെന്ന് നടിച്ചാണ് അവര്‍ ഇത്തരം വാക്കുകളിലൂടെ നഴ്സുമാരെ അപമാനിക്കുന്നത്.
നഴ്സിംഗ് സമൂഹത്തെ വികൃതമായി ചിത്രീകരിച്ച പ്രസ്താവന കങ്കണ റണാവത്ത് ഉടനടി പിന്‍വലിക്കുകയും, രാജ്യത്തെ ‘മാലാഖമാരോട്’ പരസ്യമായി ക്ഷമാപണം നടത്തുകയും വേണം. അതോടൊപ്പം, ഈ വിഷയത്തില്‍ കേന്ദ്ര സര്‍ക്കാര്‍ അടിയന്തരമായി ഇടപെടണമെന്നും, നഴ്സുമാരുടെ തൊഴില്‍ സുരക്ഷയും ശമ്പളനിലവാരവും മെച്ചപ്പെടുത്താന്‍ സമഗ്രമായ നിയമനിര്‍മ്മാണം നടത്തണമെന്നും ജോജോ തോമസ് ശക്തമായി ആവശ്യപ്പെട്ടു.


