കൊച്ചി: കടം വാങ്ങിയ പണം തിരികെ കൊടുക്കാന്‍ കഴിയാത്ത നാണക്കേടില്‍ നിന്ന് രക്ഷപ്പെടാന്‍ കഥ മെനഞ്ഞു. കഥയുടെ കാഠിന്യം കാരണം പോലീസ് പിടിയിലുമായി. കൊച്ചിയിലെ സ്വകാര്യ സ്ഥാപനത്തില്‍ എയര്‍ലൈന്‍ കോഴ്‌സിന് പഠിക്കുന്ന പാലക്കാട് സ്വദേശിനിയായ വിദ്യാര്‍ത്ഥിനിയാണ് പോലീസ് പിടിയിലായത്. തന്നെ തട്ടിക്കൊണ്ട് പോയെന്ന് അധ്യാപികയ്ക്ക് അയച്ച മെസേജാണ് വിനയായത്. സുഹൃത്തിനോട് കടം വാങ്ങിയ പണം തിരികെ നല്‍കാന്‍ കഴിയാതെ വന്നപ്പോഴാണ് നാലംഗസംഘം തട്ടിക്കൊണ്ടുപോയി കൊള്ളയടിച്ചെന്ന് കഥയുണ്ടാക്കിയത്. ഇത് പൊലീസിനെ മണിക്കൂറുകളോളം വട്ടംകറക്കി. 10 മണിക്കൂറോളം നീണ്ട നാടകത്തിനൊടുവില്‍ സ്വയം വീട്ടിലെത്തിയ വിദ്യാര്‍ത്ഥിനിയെ എറണാകുളം നോര്‍ത്ത് പൊലീസ് പാലക്കാട്ടു ചെന്ന് കസ്റ്റഡിയിലെടുക്കുകയായിരുന്നു.
സുഹൃത്തിനോടു കടംവാങ്ങിയ 30,000 രൂപ തിരികെക്കൊടുക്കാന്‍ കഴിയാതെ വന്നതോടെയാണ് തട്ടിക്കൊണ്ടുപോയി കവര്‍ച്ചയെന്ന കള്ളക്കഥ മെനഞ്ഞത്. എയര്‍െലെന്‍ കോഴ്‌സിനു പഠിക്കുന്ന വിദ്യാര്‍ത്ഥിനിക്ക് ഇന്നലെ പരീക്ഷയായിരുന്നു. രാവിലെ ഹോസ്റ്റലില്‍ നിന്ന് ഇറങ്ങിയ വിദ്യാര്‍ത്ഥിനി തന്നെ ചിലര്‍ തട്ടിക്കൊണ്ടുപോയെന്ന് അദ്ധ്യാപികയുടെ ഫോണിലേക്ക് മെസേജ് അയച്ചു. ഒരു സ്ത്രീയുള്‍പ്പെട്ട നാലംഗസംഘം തട്ടിക്കൊണ്ടുപോയെന്നും കൈയിലുണ്ടായിരുന്ന 30,000 രൂപ തട്ടിയെടുത്തെന്നുമായിരുന്നു സന്ദേശം. പരീക്ഷയായതിനാല്‍ ഓഫാക്കി വച്ചിരുന്ന മൊബൈല്‍ ഫോണ്‍ അദ്ധ്യാപിക ഇടവേള സമയത്ത് ഓണാക്കിയപ്പോഴാണ് സന്ദേശം കണ്ടത്.
വിദ്യാര്‍ത്ഥിനി അപകടത്തില്‍പ്പെട്ടെന്നു ഭയന്ന് ഇക്കാര്യം ഉടന്‍ മറ്റ് അദ്ധ്യാപകരെ അറിയിച്ചു. കൊച്ചി സിറ്റി പൊലീസിനെ വിവരമറിയിക്കുകയും ചെയ്തു.പെണ്‍കുട്ടി അടുപ്പക്കാരനായ ഒരു യുവാവിനെ ഫോണ്‍ ചെയ്തതായി മൊെബെല്‍ ഫോണ്‍ കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണത്തില്‍ കണ്ടെത്തി. അതിരപ്പിള്ളിയില്‍ ചെന്നിരുന്നെന്നും അവിടെ ടൂറിസ്റ്റ് പൊലീസിന്റെ പക്കല്‍നിന്ന് 100 രൂപ വാങ്ങിയെന്നും മനസിലായി. തുടര്‍ന്ന് അന്വേഷണം ഊര്‍ജിതമാക്കുന്നതിനിടെയാണ് പെണ്‍കുട്ടി വീട്ടിലെത്തിയതായി സന്ദേശം ലഭിച്ചത്.


