അലോക് വര്‍മ്മയെ സി.ബി.ഐ ഡയറക്ടര്‍ സ്ഥാനത്തു നിന്നും മാറ്റി.തീരുമാനം മോദി അധ്യക്ഷനായ സമിതിയുടേത്

ന്യുഡൽഹി:സി.ബി.ഐ ഡയറക്ടര്‍ സ്ഥാനത്തു നിന്നും അലോക് വര്‍മ്മയെ മാറ്റി. സുപ്രീം കോടതി അലോക് വര്‍മ്മയെ സി.ബി.ഐ ഡയറക്ടര്‍ ആയി നിയമിച്ചതിനു പിന്നാലെയാണ് സെലക്ഷന്‍ കമ്മിറ്റി അദ്ദേഹത്തെ പുറത്താക്കിക്കൊണ്ട് ഉത്തരവിറക്കിയത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വസതിയില്‍ ചേര്‍ന്ന യോഗത്തിലാണ് നിര്‍ണ്ണായക തീരുമാനം. പ്രധാനമന്ത്രിയും പ്രതിപക്ഷ നേതാവും സുപ്രീംകോടതി ചീഫ് ജസ്റ്റിസും അംഗമായ കമ്മറ്റിയെ സുപ്രീം കോടതിയാണ് നിയോഗിച്ചത്.

77 ദിവസത്തെ നിര്‍ബന്ധിത അവധിക്ക് ശേഷം സുപ്രീംകോടതി ഉത്തരവിനെ തുടര്‍ന്നാണ് അലോക് വര്‍മ്മ സി.ബി.ഐ ഡയറക്ടര്‍ സ്ഥാനത്തേക്ക് തിരിച്ചെത്തിയത്. ഉന്നതാധികാര സമിതി അനുകൂലമായ തീരുമാനമെടുക്കുകയെന്നത് മാത്രമായിരുന്നു അലോക് വര്‍മ്മക്ക് സ്ഥാനത്ത് തുടരാനുള്ള ഏക മാര്‍ഗ്ഗം. കേന്ദ്ര വിജിലന്‍സ് കമ്മീഷന്‍ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ കേന്ദ്ര സര്‍ക്കാരാണ് അലോക് വര്‍മ്മയെ സി.ബി.ഐ ഡയറക്ടര്‍ സ്ഥാനത്തു നിന്നും നീക്കിയത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

അതിനെതിരെ അലോക് വര്‍മ്മ സുപ്രീംകോടതിയെ സമീപിക്കുകയായിരുന്നു. സി.ബി.ഐ ഡയറക്ടറെ നീക്കിയ നടപടി ചട്ടവിരുദ്ധമാണെന്ന് വ്യക്തമാക്കിയ സുപ്രീംകോടതി പ്രധാനമന്ത്രിയും ചീഫ് ജസ്റ്റിസും പ്രതിപക്ഷ നേതാവും അംഗമായ സമിതിക്ക് മാത്രമേ അത്തരം തീരുമാനമെടുക്കാനാകൂ എന്നും പറഞ്ഞു. ഇതോടെയാണ് പ്രധാനമന്ത്രിയുടെ വസതിയില്‍ ഉന്നതാധികാര സമിതി ചേര്‍ന്നത്.

നേരത്തെ തന്നെ പ്രതിപക്ഷ നേതാവ് മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗ്ഗെ അലോക് വര്‍മ്മയെ നീക്കുന്നതിനെ എതിര്‍ത്തിരുന്നു. അതോടെയാണ് ചീഫ് ജസ്റ്റിസിന്റെ പ്രതിനിധിയായ ജസ്റ്റിസ് സിക്രിയുടെ തീരുമാനം നിര്‍ണ്ണായകമായത്. അദ്ദേഹം പ്രധാനമന്ത്രിക്ക് അനുകൂലമായ തീരുമാനമെടുക്കുകയും അലോക് വര്‍മ്മയെ നീക്കം ചെയ്യുന്നതിനോട് യോജിക്കുകയും ചെയ്തുവെന്നാണ് കരുതപ്പെടുന്നത്.

അലോക് വര്‍മ്മയെ മാറ്റിയതില്‍ മല്ലികാര്‍ജുന ഖാര്‍ഗെ എതിര്‍പ്പ് അറിയിച്ചു. പ്രധാനമന്ത്രി അധ്യക്ഷനായ സമിതിയിലെ പോരായ്മകള്‍ ചൂണ്ടിക്കാട്ടി ഖാര്‍ഗെ നേരത്തെ രംഗത്തെത്തിയിരുന്നു.നേരത്തെ ഡയരക്ടര്‍ സ്ഥാനത്ത് തിരിച്ചെത്തിയതിന് പിന്നാലെ സി.ബി.ഐ. ഇടക്കാല ഡയറക്ടര്‍ നാഗേശ്വര്‍ റാവു നടത്തിയ ട്രാന്‍സ്ഫറുകള്‍ അലോക് വര്‍മ്മ റദ്ദാക്കിയിരുന്നു . സി.ബി.ഐയിലെ രണ്ടാമനായ രാകേഷ് അസ്താനയ്ക്കെതിരായ അഴിമതി ആരോപണങ്ങള്‍ അന്വേഷിക്കുന്ന സംഘത്തിലെ ഉദ്യോഗസ്ഥരെയാണ് അലോക് വര്‍മ്മ തിരിച്ചെടുത്തത്.ഈ സംഘത്തിലുള്‍പ്പെട്ട പത്ത് ഓഫീസര്‍മാരെ സ്ഥലം നാഗേശ്വര്‍ റാവു നേരത്തെ സ്ഥലം മാറ്റിയിരുന്നു.

സി.ബി.ഐ സ്‌പെഷ്യല്‍ ഡയരക്ടറും നരേന്ദ്ര മോദിയുടെ അടുപ്പക്കാരുനുമായ രാകേഷ് ആസ്താനയ്‌ക്കെതിരെ അലോക് വര്‍മ്മ അഴിമതിക്കേസില്‍ നടപടി എടുക്കാന്‍ ശ്രമിച്ചതിനെ തുടര്‍ന്നുണ്ടായ തര്‍ക്കങ്ങള്‍ക്കൊടുവിലാണ് ഇരുവരെയും താല്‍കാലികമായി സി.ബി.ഐയില്‍ നിന്നും മാറ്റി നിര്‍ത്തിയത്.മോയിന്‍ ഖുറേഷി എന്ന വ്യവസായിയില്‍ നിന്നും 5 കോടി രൂപ വാങ്ങി എന്നായിരുന്നു രാകേഷ് ആസ്താനയ്‌ക്കെതിരെയുള്ള പരാതി.

Top