സ്വാഭാവിക നീതി നിഷേധിക്കപ്പെട്ടു!!പുതിയ പദവി ഏറ്റെടുക്കില്ല;സി.ബി.ഐ ഡയറക്ടര്‍ സ്ഥാനത്തു നിന്നും നീക്കിയ അലോക് വര്‍മ രാജിവെച്ചു

ന്യൂഡല്‍ഹി: സിബിഐ മുന്‍ ഡയറക്ടര്‍ അലോക് വര്‍മ്മ സര്‍വീസില്‍ നിന്ന് രാജിവെച്ചു.സി.ബി.ഐ ഡയറക്ടര്‍ സ്ഥാനത്ത് നിന്ന് ഒഴിവാക്കിയപ്പോഴാണ് അലോക് വര്‍മ രാജിവെച്ചത് . ഫയര്‍ സര്‍വീസ് ഡയറക്ടര്‍ ജനറലിന്റെ ചുമതല ഏറ്റെടുക്കാന്‍ അലോക് വര്‍മ്മയോട് ആവശ്യപ്പെട്ടിരുന്നെങ്കിലും അദ്ദേഹം വിസമ്മതം അറിയിച്ചിരുന്നു.തന്നെ നീക്കാന്‍ നടപടിക്രമങ്ങള്‍ അട്ടിമറിച്ചെന്ന് വര്‍മ്മ ആരോപിച്ചു. സ്വാഭാവിക നീതി നിഷേധിച്ചെന്നും അലോക് ആരോപിച്ചു.

സെന്‍ട്രല്‍ വിജിലന്‍സ് കമ്മീഷന് മുമ്പാകെ തന്റെ ഭാഗം വിശദീകരിക്കാന്‍ അവസരം ലഭിച്ചില്ലെന്നും സ്വാഭാവിക നീതി നിഷേധിക്കപ്പെട്ടുവെന്നും അലോക് വര്‍മ്മ കത്തില്‍ പറയുന്നുണ്ട്. തന്നെ സി.ബി.ഐ ഡയറക്ടര്‍ സ്ഥാനത്തു നിന്നും മാറ്റുകയെന്ന ലക്ഷ്യത്തില്‍ എല്ലാ നടപടി ക്രമങ്ങളും കീഴ്‌മേല്‍ മറിക്കുകയായിരുന്നു. സി.ബി.ഐ കേസെടുത്തിട്ടുള്ള ഒരാളുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് സി.വി.സി റിപ്പോര്‍ട്ട് എന്നത് സെലക്ഷന്‍ കമ്മറ്റി പരിഗണിച്ചില്ല.

കേന്ദ്ര സര്‍ക്കാര്‍ നടപടിക്കെതിരെ രൂക്ഷ വിമര്‍ശം ഉന്നയിച്ചതിന് പിന്നാലെയാണ് രാജി. സിബിഐയില്‍ ബാഹ്യഇടപെടലുകള്‍ ഉണ്ടായെന്ന ആരോപണം അടക്കമുള്ള അദ്ദേഹം ഉന്നയിച്ചിരുന്നു. തുടര്‍ന്നാണ് രാജി. സ്വയം വിരമിക്കാൻ അനുമതി നൽകണമെന്നാവശ്യപ്പെട്ട് കേന്ദ്ര പേഴ്സണൽ മന്ത്രാലയ സെക്രട്ടറി സി ചന്ദ്രമൗലിക്ക് കത്ത് നൽകി. ഇത് ഒരു രാജിക്കത്തിന് സമാനമാണെന്നാണ് ഉന്നതവൃത്തങ്ങൾ നൽകുന്ന സൂചന. ഈ ആവശ്യം കേന്ദ്രസർക്കാർ അംഗീകരിച്ചേക്കും.

തന്റെ ഭാഗം വിശദീകരിക്കാനുള്ള അവസരം സെലക്ഷൻ കമ്മിറ്റി തന്നില്ലെന്ന് കത്തിൽ അലോക് വർമ്മ പറയുന്നുണ്ട്. ‘സ്വാഭാവികനീതി തനിക്ക് നിഷേധിക്കപ്പെട്ടു. എന്നെ പുറത്താക്കണമെന്ന് തന്നെ കണക്കൂകൂട്ടിക്കൊണ്ടുള്ള നീക്കങ്ങളാണ് നടന്നത്. സിബിഐയുടെ തന്നെ അന്വേഷണം നേരിടുന്ന ഒരാളുടെ ആരോപണങ്ങളുടെ അടിസ്ഥാനത്തിലാണ് സിവിസിയുടെ റിപ്പോർട്ട് എന്നത് സെലക്ഷൻ കമ്മിറ്റി പരിഗണിച്ചിട്ടുപോലുമില്ല. ജൂലൈ 31-ന് എന്‍റെ വിരമിക്കൽ പ്രായം പിന്നിട്ടതാണ്. സിബിഐ ഡയറക്ടർ പദവി തന്ന് എന്റെ കാലാവധി നീട്ടുക മാത്രമാണ് ചെയ്തത്. ഫയർ സർവീസസ് ഡിജി പദവി ഏറ്റെടുക്കാൻ എന്റെ പ്രായപരിധി തടസ്സമാണ്. അതിനാൽ എന്നെ സ്വയം വിരമിക്കാൻ അനുവദിക്കണം.” വർമ കത്തിൽ കുറിച്ചു.alok verma resign

അലോക് വർമ്മയുടെ കഴിഞ്ഞ രണ്ടു ദിവസത്തെ ഉത്തരവുകൾ ഇന്ന് സിബിഐ ഇടക്കാല ഡയറക്ടര്‍ എം നാഗേശ്വര റാവു റദ്ദാക്കിയിരുന്നു. സിബിഐയുടെ ഇടക്കാല ഡയറക്ടറായി ഇന്നലെ രാത്രി ചുമതലയേറ്റതിന് പിന്നാലെയാണ് നാഗേശ്വര റാവു അലോക് വര്‍മ്മയുടെ ഉത്തരവുകള്‍ റദ്ദാക്കിയത്. ഉദ്യോഗസ്ഥരുടെ സ്ഥലം മാറ്റ ഉത്തരവുകളാണ് നാഗേശ്വര റാവു റദ്ദാക്കിയത്. ജനുവരി എട്ടാംതീയതിയിലെ സ്ഥിതി എന്താണോ അത് നിലനിര്‍ത്തണമെന്നാണ് എം നാഗേശ്വര റാവുവിന്‍റെ തീരുമാനം.

പ്രധാനമന്ത്രിയുടെ വീട്ടിൽ ചേർന്ന സെലക്ഷൻ കമ്മിറ്റി യോഗത്തിന്റെ തീരുമാന പ്രകാരമാണ് സിബിഐ ഡയറക്ടർ സ്ഥാനത്ത് നിന്നും അലോക് വർമ്മയെ മാറ്റി ഇടക്കാല മേധാവിയായി എം നാഗേശ്വര റാവുവിനെ നിയമിച്ചത്. വീണ്ടും ചുമതലയേറ്റ് 36 മണിക്കൂറിനുള്ളിലാണ് അലോക് വർമ്മയ്ക്ക് സിബിഐ ഡയറക്ടർ സ്ഥാനം നഷ്ടപ്പെട്ടത്.

ഇതിനിടെ നാഗേശ്വർ റാവുവിനെ സിബിഐ ഇടക്കാല ഡയറക്ടറായി നിയമിച്ച തീരുമാനത്തെ ചോദ്യം ചെയ്ത് പ്രശാന്ത് ഭൂഷൻ സുപ്രീംകോടതിയെ സമീപിക്കും. ഹർജി ഉടൻ ഫയൽ ചെയ്യുമെന്ന് പ്രശാന്ത് ഭൂഷൻ പറഞ്ഞു.

സിബിെഎ തലപ്പത്തുനിന്ന് മാറ്റിയ നടപടിക്കെതിരെ കേന്ദ്രസര്‍ക്കാരിനെ പ്രതിസ്ഥാനത്ത് നിര്‍ത്തി തിരിച്ചടിച്ച് അലോക് വര്‍മ്മ രാവിലെ രംഗത്തെത്തിയിരുന്നു. സിബിഐയെ തകര്‍ക്കാന്‍ ശ്രമങ്ങള്‍ നടന്നിരുന്നുവെന്നും പരമോന്നത അന്വേഷണ ഏജന്‍സിയുടെ വിശ്വാസ്യത ഉയര്‍ത്തിപ്പിടിക്കാനാണ് താന്‍ ശ്രമിച്ചതെന്നും അലോക് വര്‍മ പ്രതികരിച്ചു. സിബിഐ മേധാവി സ്ഥാനത്തുനിന്നും തന്നെ നീക്കിയ ഉന്നതാധികാരസമിതി തീരുമാനം ശരിയായില്ലെന്നാണ് അലോക് വര്‍മ്മയുടെ പ്രതികരണം. സിബിഐയില്‍ പുറമേ നിന്ന് സ്വാധീനമുണ്ടായി. തന്നോട് ശത്രുതയുള്ള ഉദ്യോഗസ്ഥന്റെ പരാതിയിലാണ് നടപടിയെടുത്തത്. വിശദീകരണം നല്‍കാന്‍ അവസരം ലഭിച്ചില്ലെന്നും അലോക് വര്‍മ്മ പറയുന്നു. അലോക് വര്‍മ്മയെ പിന്തുണച്ച് ബിജെപി നേതാവ് സുബ്രഹ്മണ്യന്‍ സ്വാമിയും രംഗത്തുവന്നു. എന്നാല്‍ ഉന്നതാധികാരസമിതി യോഗത്തിന്റെ തീരുമാനത്തെ വര്‍മ്മ ചോദ്യം ചെയ്യുന്നത് ശരിയല്ലെന്നും തര്‍ക്കങ്ങള്‍ സിബിഐയുടെ സല്‍പ്പേര് കളങ്കപ്പെടുത്തിയെന്നും മുന്‍ അറ്റോര്‍ണി ജനറല്‍ മുകുള്‍ റോഹ്തഗി പ്രതികരിച്ചു.

Latest
Widgets Magazine