വിശ്വാസം മാത്രം അടിസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന സമാന്തര സമ്പദ്ഘടന ഗുജറാത്തില്‍. ഒരു ദിവസം മാത്രം 50 കോടിയോളം രൂപ. ഞെട്ടിക്കുന്ന ഈ പണം ഇടപാടില്‍ ഒരു രസീത് പോലും വാങ്ങാതെയാണ് ഇവിടത്തെ വ്യാപാരികള്‍ ലക്ഷങ്ങള്‍ കൈമാറുന്നത്. അനധികൃതമായി പ്രവര്‍ത്തിക്കുന്ന ബാങ്കിംഗ് സംവിധാനത്തിന്റെ പേരാണ് ‘ആംഗഡിയ’. കോടികളാണ് ഇതു വഴി ഒഴുകുന്നതെന്ന് പേര് വെളിപ്പെടുത്താന്‍ ആഗ്രഹിക്കാത്ത ഒരു ആംഗഡിയ സ്ഥാപനത്തിലെ ജീവനക്കാരന്‍തന്നെ സമ്മതിക്കുന്നു. കള്ളപ്പണം തടയാന്‍ നോട്ട് അസാധുവാക്കല്‍ ഉള്‍പ്പെടെ നടപ്പാക്കിയ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ഗുജറാത്തിലാണ് ഈ സമാന്തര സമ്പദ്ഘടന പ്രവര്‍ത്തിക്കുന്നതെന്നതാണ് ശ്രദ്ധേയം.
രാജഭരണകാലത്ത് തുടങ്ങിയതാണ് ആംഗഡിയ എന്ന സമ്പ്രദായം. സ്വര്‍ണവും വജ്രങ്ങളും വ്യാപാരികള്‍ പരസ്പരം കൈമാറാന്‍ ഉപയോഗിച്ചിരുന്നതാണിത്. ഒരു സ്ഥലത്തു നിന്നു മറ്റൊരു സ്ഥലത്തേക്ക് ആംഗഡിയകളാണ് സ്വര്‍ണവും വജ്രങ്ങളും കൊണ്ടുപോയിരുന്നത്. പിന്നീട് എപ്പോഴോ പണം കൈമാറുന്നതും ആംഗഡിയകള്‍ ഏറ്റെടുത്തു. അഹമ്മദാബാദില്‍ മാത്രം 200ഓളം ആംഗഡിയ സ്ഥാപനങ്ങളാണ് ബോര്‍ഡ് വച്ച് പ്രവര്‍ത്തിക്കുന്നത്. തിരഞ്ഞെടുപ്പു കാലത്ത് ചെറിയ തോതില്‍ ഇവരുടെ പ്രവര്‍ത്തനങ്ങള്‍ക്ക് നിയന്ത്രണം വരാറുണ്ടെങ്കിലും ഇത്തവണ അതുമുണ്ടായിട്ടില്ല.
ജാംഗനറില്‍ കഴിഞ്ഞ 40 വര്‍ഷമായി ടയര്‍ ബിസിനസ് നടത്തുന്ന തിരുവനന്തപുരം കല്ലറ സ്വദേശിയായ മോഹന്‍ നായര്‍ ആംഗഡിയകളെക്കുറിച്ച് പറയുന്നത് ഇങ്ങനെ: ഇത് ഇന്നോ ഇന്നലെയോ തുടങ്ങിയതല്ല. 40 വര്‍ഷം മുന്‍പ് ഇവിടെ വരുമ്പോള്‍ ഇത് അതിശയമായിരുന്നു. ഇപ്പോള്‍ അത് മാറി. ഗുജറാത്തില്‍ എവിടെ വേണമെങ്കിലും ആംഗഡിയകളിലൂടെ പണം അയയ്ക്കാം. എവിടേക്കെങ്കിലും പണം അയയ്ക്കാനുണ്ടെങ്കില്‍ ആംഗഡിയ സ്ഥാപനത്തില്‍ നല്‍കിയാല്‍ മതി. പണം നല്‍കുന്നവരുടെയും കൈപ്പറ്റുന്നവരുടെയും വിവരങ്ങള്‍ അവര്‍ തേടില്ല. പേരും മൊബൈല്‍ നമ്പരും മാത്രം മതി. ഉദാഹരണത്തിന് ജാംഗനറില്‍ നിന്ന് അഹമ്മദാബാദിലേക്ക് പണം അയയ്ക്കുന്നുണ്ടെങ്കില്‍ ആംഗഡിയ സ്ഥാപനത്തില്‍ ഏല്പിച്ച് പത്ത് മിനിട്ട് കഴിയുമ്പോള്‍ അഹമ്മദാബാദിലെ ആംഗഡിയ സ്ഥാപനത്തില്‍ നിന്ന് പണം കൈപ്പറ്റുന്ന ആളുടെ മൊബൈലിലേക്ക് ഫോണ്‍ വിളിക്കും. ഒരു ലക്ഷത്തിന് 200 രൂപയാണ് ആംഗഡിയ സ്ഥാപനങ്ങള്‍ വാങ്ങുന്ന കമ്മിഷന്‍. പണം കൈപ്പറ്റുന്ന വ്യക്തിയെ അറിയില്ലെങ്കില്‍ മാത്രമാണ് തിരിച്ചറിയല്‍ രേഖ ആവശ്യപ്പെടുക.’
അഹമ്മദാബാദില്‍ നിന്ന് മുംബയിലേക്കും ആംഗഡിയ സര്‍വീസുണ്ട്. ആംഗഡിയ സ്ഥാപനങ്ങളില്‍ നിന്നു പണവുമായി മറ്റ് നഗരങ്ങളിലെ ശാഖകളിലേക്ക് സഞ്ചരിക്കുന്നവര്‍ പോലും ഇവിടെ ഒരുമിച്ചാണ് പോകുന്നത്. അഹമ്മദാബാദില്‍ നിന്ന് മുംബയിലേക്ക് രാത്രിയുള്ള ട്രെയിനില്‍ രണ്ട് ബോഗികളില്‍ മുഴുവന്‍ ആംഗഡിയകളാണ് സഞ്ചരിക്കുന്നത്. കാര്യം പറഞ്ഞും പാട്ടു പാടിയും അവര്‍ ഒരുമിച്ചാണ് യാത്ര. ഒരു ലൈസന്‍സുമില്ലാതെയാണ് ഈ സ്ഥാപനങ്ങള്‍ പ്രവര്‍ത്തിക്കുന്നത് എന്നതാണ് ശ്രദ്ധേയം.


