കണ്ണൂര്‍: തെരഞ്ഞെടുപ്പ് സീറ്റ് നിര്‍ണ്ണയവുമായി ബന്ധപ്പെട്ട് സോഷ്യല്‍ മീഡിയയില്‍ ഞെട്ടിക്കുന്ന പരാമര്‍ശം നടത്തി കോണ്‍ഗ്രസ് നേതാവ് എപി അബ്ദുള്ളക്കുട്ടി. പരസ്യമായി ഗ്രൂപ്പ് പരാമര്‍ശമാണ് അബ്ദുള്ളക്കുട്ടി നടത്തിയത്. ഇന്നലെ രാത്രിയോടെയാണ് അബ്ദുള്ളകുട്ടി വിഎം സുധീരന് എതിരെ പോസ്റ്റ് ഇട്ടത്. ‘ഒറ്റ രാത്രി കൊണ്ട് പാച്ചേനിയേ എ ഗ്രൂപ്പില്‍ നിന്ന് സു: ഗ്രൂപ്പിലേക്ക് മാറ്റി മാമോദീസ മുക്കിയ സുധീരന് ഗ്രൂപ്പ് മുയലാളിമാരെ വിമര്‍ശികണ്ട.’ എന്നാണ് അബ്ദുള്ള കുട്ടിയുടെ പോസ്റ്റ്.
ഈ പോസ്റ്റ് അബ്ദുള്ളകുട്ടിയുടെ അക്കൗണ്ട് ഹാക്ക് ചെയ്ത് ഇട്ടതാണോ തുടങ്ങിയ സംശയങ്ങള്‍ നിരവധിപ്പേരാണ് പങ്കുവയ്ക്കുന്നത്. എന്നാല്‍ ഇത് തന്റെ പോസ്റ്റ് തന്നെയാണെന്ന് കണ്ണൂരിലെ മുന്‍ കോണ്‍ഗ്രസ് എംഎല്‍എ മറുപടി നല്‍കിയിട്ടുണ്ട്. വലിയ വിമര്‍ശനമാണ് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ നടത്തുന്നത്. കോണ്‍ഗ്രസ് എംഎല്‍എ വിടി ബലറാം പതിവുപോലെ കമന്റുമായി എത്തിയിട്ടുണ്ട്. ഈ പോസ്റ്റ് അനവസരത്തിലാണെന്നും, പിന്‍വലിക്കുന്നതാണ് ഉചിതമെന്നും ബലറാം എംഎല്‍എ അബ്ദുള്ളകുട്ടിയെ ഉപദേശിക്കുന്നു. പല കോണ്‍ഗ്രസ് പ്രവര്‍ത്തകരും പോസ്റ്റ് പിന്‍വലിക്കാനായി അഭിപ്രായം രേഖപ്പെടുത്തുന്നുണ്ട്.
കോണ്‍ഗ്രസിലെ ഗ്രൂപ്പ് തമ്മിലടിയെ വിമര്‍ശിച്ച കെപിസിസി മുന്‍ അധ്യക്ഷന്‍ വി എം സുധീരനെതിരെയാണ് എ.പി അബ്ദുള്ള കുട്ടി പോസ്റ്റിട്ടത്. സതീശന് പാച്ചേനിയെ മുമ്പ് ഡി.സി.സി പ്രസിഡന്റാക്കാന്‍ സുധീരന്റെ ഗ്രൂപ്പിലേക്ക് മാറ്റിയ ചരിത്രം ഓര്‍പ്പിക്കുകയായിരുന്നു അബ്ദുള്ള കുട്ടി. അതേസമയം, പോസ്റ്റ് അനവസരത്തിലുള്ളതാണെന്നും പിന്‍വലിക്കുന്നതാണ് നല്ലതെന്നും പോസ്റ്റിന് വി.ടി ബല്‍റാം കമന്റ് ചെയ്തു.
മുമ്പും വി എം സുധീരനെതിരെ അബ്ദുള്ളക്കുട്ടി ഫേസ്ബുക്കില്‍ പോസ്റ്റ് പങ്കുവച്ചിട്ടുണ്ട്. അന്ന് അത് പിന്‍വലിച്ച് മാപ്പു പറയുകയും ചെയ്തിരുന്നു. അതേ സമയം തിങ്കളാഴ്ച രാത്രി ഇട്ട പോസ്റ്റില്‍ ഒരു മാറ്റവും വരുത്താന്‍ അബ്ദുള്ളക്കുട്ടി ഇതുവരെ തയ്യാറായിട്ടില്ല. സീറ്റു ലഭിക്കാത്തതിന്റെ നിരാശയാണ് അബ്ദുള്ളക്കുട്ടി പ്രകടിപ്പിച്ചതെന്നാണ് അറിയുന്നത്. താന്‍ ജീവിച്ചിരിക്കുന്നെന്ന് തെളിയിക്കാനാണ് പോസ്റ്റിട്ടതെന്നും പരിഹസിക്കുന്നവരുണ്ട്.
കാസര്‍കോട് മണ്ഡലത്തില്‍ തുടക്കത്തില്‍ അബ്ദുള്ളക്കുട്ടിയുടെ പേര് ഉയര്‍ന്നു കേട്ടിരുന്നു. എന്നാല്‍, പിന്നീട് ഈ പരിഗണന പോലും ഉണ്ടായില്ല. കഴിഞ്ഞ തവണ അബ്ദുള്ളക്കുട്ടിയെ മാറ്റിയാണ് കണ്ണൂര്‍ മണ്ഡലത്തില്‍ സതീശന് പാച്ചേനിയെ മത്സരിപ്പിച്ചത്. ഈ സീറ്റു പോയതില്‍ സതീശന് പാച്ചേനിയോടുള്ള അമര്‍ഷം കൂടിയാണ് അബ്ദുള്ളക്കുട്ടി ഫേസ്ബുക്ക് പോസ്റ്റിലൂടെ പ്രകടിപ്പിച്ചത്. പോസ്റ്റ് രണ്ടായിരത്തിന് മുകളില്‍ ലൈക്കും കമന്റുമായി ഹിറ്റായിരിക്കുകയാണ്.