കോട്ടയം: ഭാരത് ആശുപത്രിയിൽ നിന്നു പിരിച്ചുവിട്ട നഴ്‌സുമാരെ തിരിച്ചെടുക്കണമെന്നാവശ്യപ്പെട്ട് യുഎൻഎ നേതൃത്വത്തിൽ നടത്തിയ സമരത്തിൽ പങ്കെടുത്ത 500 പേർക്കെതിരെ പൊലീസ് കേസെടുത്തു. രണ്ടു സംഭവങ്ങളിലായി 34 പേരെ അറസ്റ്റ് ചെയ്ത് ജാമ്യത്തിൽ വിട്ടയച്ചു.
ഇന്നലെ ഉച്ചയ്ക്കു 11 മണിയോടെയാണ് ഭാരത് ആശുപത്രിയിലേയ്ക്കു യുഎൻഎ നേതൃത്വത്തിൽ നഴ്‌സുമാർ പ്രകടനം നടത്തിയത്. തിരുനക്കര ക്ഷേത്രത്തിനു സമീപത്തു വച്ച് പൊലീസ് പ്രകടനം തടഞ്ഞു. തുടർന്നു പ്രവർത്തകർ റോഡിൽ കുത്തിയിരുന്നു ധർണ നടത്തി. ഇതിനിടെ ഇതുവഴി കടന്നു വന്ന ആംബുലൻസിനു വഴിയൊരുക്കാൻ പൊലീസ് പ്രവർത്തകരെ അറസ്റ്റ് ചെയ്തു നീക്കാൻ ശ്രമിച്ചു. ഇതിനിടെ പ്രവർത്തകരും പൊലീസും തമ്മിൽ സംഘർഷമുണ്ടാകുകയായിരുന്നു.
ഭാരത് ആശുപത്രിയിയ്ക്കു മുന്നിൽ സമരം നടത്തുന്നതിനെതിരെ ആശുപത്രി മാനേജ്‌മെന്റ് ഹൈക്കോടതിയിൽ നിന്നു അനുകൂല വിധി സമ്പാദിച്ചിരുന്നു. ഈ വിധി ലംഘിച്ചു പ്രകടനം നടത്തിയ അറുനൂറു പേർക്കെതിരെയാണ് ഇപ്പോൾ കേസെടുത്തിരിക്കുന്നത്. റോഡ് ഉപരോധിച്ചതും, നിരോധനം ലംഘിച്ചു പ്രകടനം നടത്തിയതിനുമായാണ് രണ്ടു കേസുകൾ രജിസ്റ്റർ ചെയ്തിരിക്കുന്നത്. റോഡ് ഉപരോധിച്ചതിനു 19 പേരെയും, നിയമം ലംഘിച്ചു പ്രകടനം നടത്തിയതിനു 15 പേരെയും അറസ്റ്റ് ചെയ്തിരുന്നു. തുടർന്നു സ്റ്റേഷൻ ജാമ്യം നൽകി ഇവരെ വിട്ടയച്ചു.
പൊലീസ് ലാത്തിചാർജിൽ 10 നഴ്സുമാർക്ക് പരിക്കേറ്റു. പരിക്കേറ്റ ഭാരത് ആശുപത്രിയിലെ നഴ്സുമാരായ റിലു, കൃപ, ദിവ്യ, അശ്വതി മോഹൻ, നീനു, ആതിര, യു.എൻ.എ പ്രവർത്തകൻ കൊല്ലം സ്വദേശി ബിനു എന്നിവരെ കോട്ടയം ജില്ല ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഭാരത് ആശുപത്രിയിലെ നഴ്സുമാർക്കുനേരെയുണ്ടായ ലാത്തിചാർജിൽ പ്രതിഷേധിച്ച് യു.എൻ.എയുടെ നേതൃത്വത്തിൽ സംസ്ഥാന വ്യാപകമായി ശനിയാഴ്ച കരിദിനം ആചരിക്കുമെന്ന് സംസ്ഥാന പ്രസിഡൻറ് ജാസ്മിൻ ഷാ അറിയിച്ചു. സമാധാനപരമായി സമരം നടത്തിയ നഴ്സുമാർക്കുനേരെ പൊലീസ് ബലംപ്രയോഗിച്ചതിലും ഒത്തുതീർപ്പിന് വഴങ്ങാത്ത ഭാരത് ആശുപത്രി മാനേജ്മെൻറ് നടപടിയിലും പ്രതിഷേധിച്ചാണ് കരിദിനം ആചരിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.


