ഇടയ്ക്ക് മുഖം ഒന്നു പരതി നോക്കൂ പെണ്ണുങ്ങള്‍ തുപ്പി ഉണങ്ങാതെ കിടക്കുന്ന കഫം ഉണ്ടാകും നിങ്ങളുടെ മുഖത്ത്; പി സി ജോര്‍ജിനെതിരെ ആഞ്ഞടിച്ച് ദീപ നിശാന്തും ആഷിഖ് അബുവും

പിസി ജോര്‍ജിന്റെ പേരെടുത്ത് പറയാതെയാണ് ഫേസ്ബുക്ക് പോസ്റ്റില്‍ ദീപാ നിശാന്തിന്റെ വിമര്‍ശനം. പിസി ജോര്‍ജ് നടത്തിയ പ്രസ്താവനയും ചിത്രവും പോസ്റ്റിനൊപ്പമുണ്ട്.

രൂക്ഷമായ ഭാഷയിലാണ് ചില കാര്യങ്ങള്‍ ദീപ നിശാന്ത് എംഎല്‍എയെ ഓര്‍മ്മപ്പെടുത്തുന്നത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ദീപാ നിശാന്ത് പറയുന്നു. നമ്മള്‍ കണ്ട് ശീലിച്ച കഥകളിലൊക്കെ പീഡിപ്പിക്കപ്പെട്ട പെണ്‍കുട്ടി ഇരുട്ടറയ്ക്കുള്ളിലാണ്. പേരില്ലാത്തവളാണ്. ഊര് വിട്ട് പോകേണ്ടി വന്നവളാണ്. എന്നാലീ പെണ്‍കുട്ടി അങ്ങനെ അല്ലെന്നാണ് ദീപ ഓര്‍മ്മപ്പെടുത്തുന്നത്.

ഇരയായ പെൺകുട്ടികൾക്ക് ആത്മഹത്യ വിധിക്കുന്ന ഒരു സമൂഹത്തിലാണ് കരളുറപ്പോടെ ഒരു പെൺകുട്ടി താൻ നേരിട്ട പീഡനത്തെപ്പറ്റി ഉറക്കെ വിളിച്ചു പറഞ്ഞത്. അന്തസ്സോടെ തൊഴിലിടത്തിലേക്ക് പോയത്. പീഡിപ്പിക്കപ്പെട്ട ഒരു പെൺകുട്ടി സ്വന്തം സ്വരത്തിൽ അത് വിളിച്ചു പറഞ്ഞപ്പോൾ മാനവികത വറ്റിയിട്ടില്ലാത്ത ഒരാൾക്കൂട്ടം അവളോടൊപ്പം നിന്നുവെന്ന് ദീപ നിശാന്ത് കുറിച്ചിരിക്കുന്നു.

ആഹ്ളാദം നിറഞ്ഞ ഒരു ലോകത്തു നിന്ന് അവളെ ആട്ടിയകറ്റാൻ ശ്രമിച്ചവരുടെ അഹന്തയ്ക്ക് ഏറ്റ ഒരു പ്രഹരം തന്നെയായിരുന്നു അത്..അതിനെയാണ് ചിലരിങ്ങനെ പരിഹസിച്ച് നിർവീര്യമാക്കാൻ നോക്കുന്നത് എന്നാണ് പിസി ജോർജ് നടത്തിയ പ്രസ്താവനകളെ സൂചിപ്പിച്ച് ദീപ പറയുന്നത്.

അവരുടെ വാക്കുകളെയാണ് ചിലർ ഇരയ്ക്കും വേട്ടക്കാരനും വേണ്ടി മാറി മാറി കയ്യടിച്ച് പ്രോത്സാഹിപ്പിക്കുന്നത് എന്നും ദീപ നിശാന്ത് വിമർശിക്കുന്നു

തലയോടു കൊണ്ട് പേപ്പർ വെയിറ്റുണ്ടാക്കി രസിക്കുന്ന ഹിറ്റ്ലറിൻ്റെ മനോവൈകൃതമാണ് ചില ആളുകൾക്ക് !! നിങ്ങൾ അത്തരത്തിൽ രസിക്കൂ എന്നും ദീപ പറയുന്നു.

പക്ഷേ ഇടയ്ക്ക് മുഖമൊന്ന് പരതി നോക്കണം.ഉണങ്ങാതെ പറ്റിപ്പിടിച്ചു കിടപ്പുണ്ടാകും നിങ്ങളുടെ മുഖത്ത് പെണ്ണുങ്ങൾ നീട്ടിത്തുപ്പിയ കഫക്കട്ടകൾ എന്നാണ് പോസ്റ്റ് അവസാനിക്കുന്നത്.

യുവസംവിധായകൻ ആഷിഖ് അബുവും പിസി ജോർജിനെതിരെ രംഗത്ത് വന്നിട്ടുണ്ട്.

നാലഞ്ചുപേർ ഒന്നുറക്കെ മുദ്രാവാക്യം വിളിച്ചപ്പോ തോക്കെടുത്ത ‘ധൈര്യശാലി ‘യായ ജനപ്രതിനിധിയാണ് ശ്രീമാൻ ജോർജ് എന്ന് ആഷിഖ് അബു തന്റെ ഫേസ്ബുക്ക് പോസ്റ്റിൽ പരിഹസിക്കുന്നു.

ആ തോക്ക് അദ്ദേഹം താഴെ വെക്കാറില്ല, ടി വി ക്യാമറക്ക് മുന്നിലും കവലകളിലും സാമൂഹ്യ മാധ്യമങ്ങളിലും ‘തോക്ക് ‘ നിരന്തരം, നിർലോഭം നിറയൊഴിച്ചുകൊണ്ടിരിക്കുന്നു.

ആ തോക്കിന്റെ ധൈര്യത്തിലാണ് പൂഞ്ഞാർ വിപ്ലവകാരിയുടെ ആക്രോശങ്ങൾ. എത്രകാലം പ്രബുദ്ധകേരളം ഈ കളികണ്ടുകൊണ്ടിരിക്കും എന്നത് കൗതുകമുള്ള കാര്യമാണ്. കാത്തിരിക്കുക തന്നെ എന്നാണ് ആഷികിന്റെ പോസ്റ്റ്.

നേരത്തെ എഴുത്തുകാരിയായ ശാരദക്കുട്ടി, നടി സജിതാ മഠത്തിൽ, ഭാഗ്യലക്ഷി എന്നിവരടക്കം പിസി ജോർജിനെതിരെ രംഗത്ത് വന്നിരുന്നു.

Top