അട്ടക്കുളങ്ങര വനിതാ ജയിലിൽ അതിക്രമിച്ചു കയറിയ യുവാവ് പിടിയിൽ

അട്ടക്കുളങ്ങര വനിതാ ജയിലിൽ അതിക്രമിച്ച് കയറിയ യുവാവിനെ പോലീസ് പിടികൂടി. തിരുവനന്തപുരം മുടവൻമുകൾ സ്വദേശി രാജീവാണ്(35) പോലീസിന്റെ പിടിയിലായത്. വെള്ളിയാഴ്ച പുലർച്ചെ 5.30ഓടെയായിരുന്നു സംഭവം.

അട്ടക്കുളങ്ങര കെഎസ്ആർടിസി ഗാരേജ് പരിസരത്തെ ആൽമരത്തിൽ കയറിയാണ് രാജീവ് വനിതാ ജയിലിന്റെ മതിൽ ചാടിയത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ആൽമരത്തിൽ ആരും കാണാതെ കയറിയശേഷം, മരത്തിന്റെ ചില്ലകളിലൂടെയാണ് രാജീവ് വനിതാ ജയിൽ കോമ്പൗണ്ടിലേക്ക് കടന്നത്.

ജയിൽ വളപ്പിനുള്ളിലേക്ക് ആരോ കടക്കുന്നത് ശ്രദ്ധയിൽപ്പെട്ട ജയിൽ വാർഡന്മാർ രാജീവിനെ കൈയോടെ പിടികൂടുകയായിരുന്നു.

മരത്തിൽ കയറി സാഹസികമായി ജയിലിന്റെ മതിൽ ചാടിയ രാജീവിന്റെ കൈകളിലും ദേഹത്തും നിസാരമായ പരിക്കുകളുണ്ട്. ജയിൽ അധികൃതർ വിവരമറിയിച്ചതനുസരിച്ച് സ്ഥലത്തെത്തിയ ഫോർട്ട് പോലീസ് ഇയാളെ കുറേസമയം ചോദ്യം ചെയ്തെങ്കിലും പരസ്പര വിരുദ്ധമായാണ് മറുപടി പറഞ്ഞത്.

പെയിന്റിംഗ് തൊഴിലാളിയാണെന്ന് പറഞ്ഞ രാജീവൻ താനെന്തിനാണ് വനിതാ ജയിലിൽ പോയതെന്ന് പോലീസുകാരോട് തിരികെ ചോദിച്ചതോടെ പോലീസും കുഴങ്ങി.

മുടവൻമുകൾ സ്വദേശിയായ ഇയാൾക്ക് മാനസികപ്രശ്നങ്ങളുണ്ടെന്നാണ് പോലീസ് പറയുന്നത്. ഇയാളെക്കുറിച്ച് മുടവൻമുകൾ മേഖലയിൽ പോലീസ് അന്വേഷണം നടത്തിവരികയാണ്. വൈദ്യപരിശോധനയ്ക്ക് ശേഷം പ്രതിയെ മജിസ്ട്രേറ്റിന് മുന്നിൽ ഹാജരാക്കുമെന്ന് പോലീസ് അറിയിച്ചു.

Top