തിരുവനന്തപുരം: ആറ്റുകാലില്‍ യുവതി ആത്മഹത്യചെയ്ത സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത് വന്നു ആരതിയും അമ്മയും തമ്മിലുള്ള ചാറ്റ് റിപ്പോര്‍ട്ടറിന് ലഭിച്ചു. ചാറ്റില്‍ മര്‍ദ്ദനമേറ്റതിന്റെ ചിത്രങ്ങള്‍ അമ്മയ്ക്ക് അയച്ചതായി കാണാം. മുഖത്തും കൈയിലും ദേഹത്തും മുറിവുകള്‍ പറ്റിയ ചിത്രങ്ങളാണിവ. മാര്‍ച്ച് 17-ന് സംസാരിച്ചതിന്റെ ചാറ്റുകളാണ് പുറത്ത് വന്നത്.
അതേസമയം ആരതി (27) ജീവനൊടുക്കിയ സംഭവത്തില്‍ ഭര്‍ത്താവ് ഭരതന്നൂര്‍ സ്വദേശി അതുല്‍ ശ്രീകുമാറിനെതിരെ നാടുനടുക്കുന്ന വിവരങ്ങള്‍ പുറത്ത്. പ്രമുഖ സ്വകാര്യ ബാങ്കില്‍ മാനേജരാണെന്ന് വ്യാജരേഖ ചമച്ചും വേഷം കെട്ടിയുമാണ് അതുല്‍ ആരതിയെ വിവാഹം കഴിച്ചതെന്ന് കുടുംബം വെളിപ്പെടുത്തി. ബാങ്കുകള്‍ക്ക് വേണ്ടി ലോണ്‍ കുടിശ്ശിക വരുത്തുന്ന വാഹനങ്ങള്‍ ഗുണ്ടാസംഘങ്ങളെ ഉപയോഗിച്ച് ബലംപ്രയോഗിച്ച് പിടിച്ചെടുക്കുന്ന (സിസി പിടിത്തം) പണിയായിരുന്നു ഇയാള്‍ക്കെന്ന് വിവാഹശേഷമാണ് പെണ്‍കുട്ടിയുടെ കുടുംബം തിരിച്ചറിഞ്ഞത്.
ഭാര്യ മരണപ്പെട്ട് കിടക്കുമ്പോഴും ഒട്ടും കൂസലില്ലാതെ, ഭാവവ്യത്യാസമില്ലാതെ നിന്ന അതുല്‍ ഒരു കൊടും ക്രിമിനലിന്റെ മാനസികാവസ്ഥയാണ് പ്രകടിപ്പിച്ചതെന്ന് നാട്ടുകാരും സാക്ഷ്യപ്പെടുത്തുന്നു. മകള്‍ക്ക് നല്ലൊരു ജീവിതം സ്വപ്നം കണ്ട് ആരതിയുടെ അച്ഛന്‍ ഗള്‍ഫില്‍ കിടന്ന് ചോരനീരാക്കി സമ്പാദിച്ചതും, ഭൂമി പണയപ്പെടുത്തി എടുത്ത 20 ലക്ഷം രൂപയുടെ കടവും ഉപയോഗിച്ചാണ് കല്യാണം നടത്തിയത്. ആ കടം ഇപ്പോഴും വീട്ടുകാര്‍ അടച്ചുതീര്‍ത്തിട്ടില്ല. കൂടാതെ വിവാഹസമയത്ത് നല്‍കിയ 50 പവന്‍ സ്വര്‍ണ്ണത്തില്‍ ഭൂരിഭാഗവും അതുല്‍ വിറ്റുതുലച്ചു. ബാക്കി സ്വര്‍ണ്ണം വിവിധയിടങ്ങളില്‍ പണയം വെച്ച് 10 ലക്ഷം രൂപയുടെ പുതിയ കാര്‍ വാങ്ങി ആഡംബര യാത്രകള്‍ നടത്തുകയായിരുന്നു ഈ ഗുണ്ട.
ഒടുവില്‍ ആരതിയുടെ ശരീരത്തില്‍ ഒരു തരി പൊന്നുപോലും അവശേഷിച്ചില്ല, കേവലം ‘കെട്ടുതാലി’ മാത്രമാണ് മരിക്കുമ്പോള്‍ ആരതിയുടെ കഴുത്തിലുണ്ടായിരുന്നത്. ബാക്കി സ്വര്‍ണ്ണം കൂടി പണയം വെയ്ക്കാന്‍ വിസമ്മതിച്ചതിനാണ് കഴിഞ്ഞ കുറച്ചുമാസങ്ങളായി ആരതിയെ ഇയാള്‍ ക്രൂരമായി പീഡിപ്പിച്ചത്. കാമുകിയെ മരണത്തിലേക്ക് എറിഞ്ഞ മുന്‍കാല ചരിത്രം അതുലിന്റെ ക്രൂരതയ്ക്ക് ഇരയാകുന്ന ആദ്യത്തെ പെണ്‍കുട്ടിയല്ല ആരതി എന്ന ഞെട്ടിക്കുന്ന വിവരവും കുടുംബം പുറത്തുവിട്ടു. മുന്‍പ് കൊല്ലം സ്വദേശിനിയായ മറ്റൊരു പെണ്‍കുട്ടിയുമായി അതുലിന്റെ വിവാഹനിശ്ചയം കഴിഞ്ഞിരുന്നതാണ്. എന്നാല്‍ അതിലും സാമ്പത്തികമായി മെച്ചപ്പെട്ട മറ്റൊരു ആലോചന വന്നപ്പോള്‍ അതുല്‍ ആ പെണ്‍കുട്ടിയെ ചതിച്ചു. ഇതില്‍ മനംനൊന്ത് ആ പെണ്‍കുട്ടി ജീവനൊടുക്കുകയായിരുന്നു. ഈ ആത്മഹത്യാവിവരം ഒളിച്ചുവെച്ചാണ് ഇയാള്‍ ആറ്റുകാലില്‍ വന്ന് വീട് വാടകയ്‌ക്കെടുത്ത് ആരതിയുമായി താമസം തുടങ്ങിയത്. ഈ ചതി പിന്നീട് അറിഞ്ഞതുമുതല്‍ ഇരുവരും തമ്മില്‍ കടുത്ത വഴക്കായിരുന്നു.
അച്ഛനും ചിത്രങ്ങള്‍ അയച്ചുകൊടുത്തിട്ടുണ്ടെന്നും അച്ഛന്‍ കാണട്ടെ എന്നും ആരതി ചാറ്റില്‍ പറയുന്നു. പരിക്കുകള്‍ ആശുപത്രിയില്‍ കാണിക്കണമെന്ന് അമ്മ ആരതിയോട് പറയുന്നു. അതുലിന്റെ അമ്മ തൈലം ഇട്ട് തടവി തരാമെന്ന് പറഞ്ഞതായും അതുല്‍ ആശുപത്രിയില്‍ കൊണ്ടുപോകില്ലെന്നും ആരതി പറയുന്നുണ്ട്. ആവശ്യമില്ലാതെ ഒന്നും സംസാരിക്കരുതെന്നും ഒന്നിനും പോകരുതെന്നുമാണ് മറുപടി നല്‍കിയിരിക്കുന്നത്.
ഒന്നരവര്‍ഷം മുന്‍പായിരുന്നു ആരതിയുടെയും അതുലിന്റെയും വിവാഹം. ഇരുവരും വര്‍ക്കലയില്‍ വാടകയ്ക്ക് താമസിച്ചുവരികയായിരുന്നു. വര്‍ക്കലയിലെ വാടകവീട്ടിലാണ് ആരതിയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. വിവാഹം കഴിഞ്ഞ് മൂന്നാംമാസം മുതല്‍ ആരതി ഭര്‍തൃപീഡനം നേരിട്ടിരുന്നുവെന്നാണ് കുടുംബം ആരോപിക്കുന്നത്. ഭര്‍ത്താവ് ശാരീരികമായി ഉപദ്രവിച്ചതിന്റെ ദൃശ്യങ്ങള്‍ ആരതി അമ്മയ്ക്ക് അയച്ചുനല്‍കിയിരുന്നു. അന്‍പത് പവന്‍ സ്വര്‍ണം വിവാഹ സമയത്ത് കുടുംബം ആരതിക്ക് നല്‍കിയിരുന്നു. അതുല്‍ പലഘട്ടത്തിലായി ഇത് പണയം വെയ്ക്കുകയും ഏറ്റവും ഒടുവില്‍ എട്ട് ലക്ഷം രൂപയ്ക്ക് സ്വര്‍ണം വില്‍ക്കുകയും കാര്‍ വാങ്ങുകയും ചെയ്തിരുന്നു. ഇതെല്ലാം ഇരുവരും തമ്മിലുള്ള വഴക്കിന് കാരണമായിരുന്നു. പിന്നീടും പണം ആവശ്യപ്പെട്ട് അതുല്‍ ആരതിയെ ഉപദ്രവിച്ചിരുന്നതായി കുടുംബം ആരോപിക്കുന്നുണ്ട്.










