മുസ്ലീം അധ്യാപകൻ സംസ്കൃതം പഠിപ്പിക്കേണ്ട..!! ബനാറസ് ഹിന്ദു സർവകലാശാലയിൽ മത വിദ്വേഷം കൊടുമുടിയിൽ

ഇന്ത്യാ രാജ്യം ഒന്നാകെ വലിയ രീതിയിലുള്ള ആന്തരിക ശിഥിലീകരണം നേരിടുന്നതായി പല റിപ്പോർട്ടുകളും പുറത്തുവന്നിട്ടുണ്ട്. വിദ്വേഷ കൊലപാതകങ്ങളുടെ എണ്ണവും നാൾക്കുനാൾ വർദ്ധിക്കുന്നുണ്ട്. ഒനു ജനാധിപത്യ രാജ്യം നിലവിൽ വന്നതിന് ഇത്രയും വർഷത്തിന് ശേഷം ജാതി മതങ്ങളുടെ പേരിൽ ആന്തരികമായി ചേരിതിരിയുന്നത് ലോകത്ത് ആദ്യമായിട്ടാണ്.

വളർന്നുവരുന്ന വിഭാഗീയതയുടെ മകുടോദാഹരണമാണ് ഉത്തർ പ്രദേശിലെ വാരണാസിയിലെ ബനാറസ് ഹിന്ദു സർവകലാശാലയിൽ ഇപ്പോൾ അരങ്ങേറുന്നത്. സർവ്വകലാശാലയിൽ സംസ്‌കൃതം പ്രൊഫസറായി അദ്ധ്യാപനം ആരംഭിച്ച ഫിറോസിനെതിരെ സ്വന്തം വിദ്യാർത്ഥികൾ തന്നെ പ്രതിഷേധം ആരംഭിച്ചിരിക്കുകയാണ്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ഫിറോസിന്റെ മതമായിരുന്നു അവരുടെ പ്രശ്നം. മുസ്ലിം മതത്തിൽപ്പെട്ട ഒരാൾ തങ്ങളെ സംസ്‌കൃതം പഠിപ്പിക്കുന്നത് ശരിയല്ലെന്നായിരുന്നു വിദ്യാർത്ഥികളുടെ പക്ഷം. ഇക്കാരണം പറഞ്ഞുകൊണ്ട് ഇവർ സർവകലാശാലയിൽ സമരമിരിക്കുക പോലും ചെയ്തു. ബനാറസ് സർവകലാശായുടെ സ്ഥാപകനായ ‘പണ്ഡിറ്റ് മദൻ മോഹൻ മാളവ്യ ഒരിക്കലും ഇങ്ങനെയൊരു കാര്യം ആഗ്രഹിക്കില്ല’ എന്നതായിരുന്നു അവരുടെ മുദ്രാവാക്യം.

തന്റെ മുത്തച്ഛൻ ഗഫൂർ ഖാൻ ഭജനകൾ പാടുന്നതും ഹിന്ദു മതവിശ്വാസികൾ ഭക്തിയോടെ അത് കേട്ടിരിക്കുന്നതും കണ്ടാണ് രാജസ്ഥാൻ സ്വദേശിയായ ഫിറോസ് ഖാൻ വളർന്നത്. ഫിറോസിന്റെ അച്ഛനായ രാംജൻ ഖാനും തന്റെ അച്ഛനിൽ നിന്നും ഒട്ടും വ്യത്യസ്തനായിരുന്നില്ല. സംസ്കൃതപണ്ഡിതനായിരുന്ന അദ്ദേഹം തന്റെ ജന്മസ്ഥലമായ ജയ്‌പൂരിലെ ബഗ്രു ഗ്രാമത്തിലെ ഗോശാലകൾക്ക് മുൻപിലായി നിരന്തരം മതപ്രഭാഷണങ്ങൾ നടത്തി പേരെടുത്തയാളായിരുന്നു. അക്കാലത്തൊന്നും ഫിറോസിനും കുടുംബത്തിനും യാതൊരു ബുദ്ധിമുട്ടുകളും നേരിടേണ്ടി വന്നിട്ടില്ല. എന്നാൽ അച്ഛന്റെയും മുത്തച്ഛന്റേയും പാത പിന്തുടർന്നുകൊണ്ട് സംസ്‌കൃത ഭാഷ പഠിപ്പിക്കുന്ന അദ്ധ്യാപകനായി ഉപജീവനം തേടിയ ഫിറോസിന് അഭിമുഖീകരിക്കേണ്ടി വന്നിരിക്കുന്നത് അപമാനവും അവഗണനയുമാണ്.

എന്നാൽ സർവകലാശാലയിലെ സാഹിത്യ(സംസ്‌കൃതം) വിഭാഗത്തിൽ അസിസ്റ്റന്റ് പ്രൊഫസറായി ജോലിക്ക് കയറിയ ഫിറോസ് ഖാന്റെ നിയമനം പൂർണമായും നിയമങ്ങൾക്ക് വിധേയമായി തന്നെയായിരുന്നു എന്ന് സർവകലാശാല വൈസ് ചാൻസലർ രാകേഷ് ഭട്നഗർ തുറന്നു സമ്മതിക്കുന്നുണ്ട്. ഒരു മുസ്ലിം ആയത് കൊണ്ട് തനിക് സംസ്‌കൃതം പഠിപ്പിക്കാൻ യോഗ്യതയില്ലേ എന്ന് ഫിറോസും ചോദിക്കുന്നു. ഫിറോസിന്റെ കഴിവും യോഗ്യതയും അനുസരിച്ചാണ് അദ്ദേഹത്തെ അദ്ധ്യാപകനായി നിയമിച്ചതെന്ന് വി.സി വിദ്യാർത്ഥികളെ ബോധ്യപ്പെടുത്താൻ ശ്രമിച്ചിട്ടും വിദ്യാർത്ഥികൾ സമരത്തിൽ നിന്നും പിന്മാറാൻ കൂട്ടാക്കിയിട്ടില്ല. ഫിറോസിനെ അദ്ധ്യാപകനായി നിയമിച്ച വി.സിയുടെ ലോഡ്ജിന് മുൻപിൽ സമരമിരിക്കുകയാണ് വിദ്യാർത്ഥികൾ ഇപ്പോൾ.

Top