ബിഗ് ബോസ് റിയാലിറ്റി ഷോയ്ക്കുള്ളില്‍ ലൈംഗിക അതിക്രമം നടക്കുന്നതായി ആരോപണം; സമൂഹ മാധ്യമങ്ങളില്‍ വ്യാപക പ്രതിഷേധം  

 

 

മുംബൈ :വിവാദങ്ങളാലും നാടകീയ രംഗങ്ങളാലും എന്നും മാധ്യമങ്ങളില്‍ നിറഞ്ഞു നില്‍ക്കുകയാണ് പ്രശസ്ത ബോളിവുഡ് സിനിമാ നടന്‍ സല്‍മാന്‍ ഖാന്‍ അവതാരകനായി എത്തുന്ന ബിഗ് ബോസ് റിയാലിറ്റി ഷോ. ഇത്തരത്തിലുള്ള നാടകീയ രംഗങ്ങള്‍ കൊണ്ട് തന്നെ ഹിന്ദി ടെലിവിഷന്‍ പരിപാടികളില്‍ റേറ്റിംഗില്‍ മുന്‍ നിരയിലാണ് ബിഗ് ബോസ് 11. ഏറ്റവും ഒടുവിലായി ഷോയില്‍ ലൈംഗിക അതിക്രമം നടക്കുന്നുണ്ടെന്ന വാര്‍ത്തകളാണ് സമൂഹ മാധ്യമങ്ങളില്‍ പ്രചരിക്കുന്നത് . പ്രമുഖ മത്സരാര്‍ത്ഥിയായ ശില്‍പ്പാ ഷിന്‍ഡെയ്ക്ക് നേരെ ഷോയിലെ മറ്റൊരു താരമായ ആകാശ് ദദ്‌ലാനി ലൈംഗിക അതിക്രമം നടത്തുന്നതായാണ് സമൂഹ മാധ്യമങ്ങളിലെ അധിക്ഷേപം. സംഭവങ്ങളുടെ വീഡിയോ സഹിതമാണ് ശില്‍പ്പാ ഷിന്‍ഡേയുടെ ഫാന്‍ പേജുകളില്‍ ഈ ആരോപണം ഉയരുന്നത്. ഒന്നില്‍ കൂടുതല്‍ തവണ അകാശ് ഇത്തരത്തില്‍ യുവതിയോട് പെരുമാറിയതായും ഇവര്‍ ആരോപിക്കുന്നു. ശില്‍പ്പ മറ്റൊരു പ്രവൃത്തിയില്‍ ഏര്‍പ്പെട്ടു കൊണ്ടിരിക്കവെ ആകാശ് പൊടുന്നനെ യുവതിയെ ചുംബിക്കുന്നു. യുവതി ഇതേ തുടര്‍ന്ന് ആകാശിനോട് കയര്‍ക്കുമ്പോഴും ഇയാള്‍ വീണ്ടും യുവതിയെ പേടിപ്പിക്കാന്‍ ശ്രമിക്കുകയാണ്. ഇത് പരസ്യമായ ലൈംഗിക അതിക്രമമാണെന്ന് പലരും സമൂഹ മാധ്യമങ്ങളില്‍ അഭിപ്രായപ്പെടുന്നു. ആകാശിനെ ബിഗ് ബോസില്‍ നിന്നും പുറത്താക്കണമെന്ന ആവശ്യവും ഇതേ തുടര്‍ന്ന് പ്രേക്ഷകരില്‍ നിന്നും ഉയരുന്നുണ്ട്.

Top