കോട്ടയം നഗരത്തിൽ ഉപേക്ഷിക്കപ്പെട്ട നിലയിൽ സ്‌കൂട്ടർ: സ്‌കൂട്ടറിലെ താക്കോൽക്കണ്ട് പൊലീസ് പരിശോധിച്ചതോടെ തെളിഞ്ഞത് മോഷണം: തിരുവല്ലയിൽ നിന്നും മോഷ്ടിച്ച സ്‌കൂട്ടർ കോട്ടയത്ത് ഉപേക്ഷിച്ചു

കോട്ടയം: ഒരാഴ്ചയ്ക്കിടയിൽ രണ്ടാം തവണയും സമാന രീതിയിലുള്ള ബൈക്ക് മോഷണം കോട്ടയം നഗരത്തിൽ. തിരുവല്ലയിൽ നിന്നും മോഷ്ടിച്ച ബൈക്ക് മോഷ്ടാവ് കോട്ടയം നഗരത്തിൽ ഉപേക്ഷിച്ചപ്പോൾ, സംക്രാന്തിയിൽ നിന്നും മോഷ്ടിച്ച ബൈക്ക് പത്തനംതിട്ടയിൽ നിന്നാണ് ലഭിച്ചത്. രണ്ടു മോഷണത്തിനു പിന്നിലും ഒരു സംഘം തന്നെയാണ് എന്ന സൂചനയാണ് ലഭിക്കുന്നത്.

വ്യാഴാഴ്ച രാത്രി 9.30യോടെയാണ് പൊലീസ് കൺട്രോൾ റൂമിന്റെ രണ്ടാം നമ്പർ വാഹനത്തിന്റെ പരിശോധനയ്ക്കിടെ കോട്ടയം മാർക്കറ്റിനുള്ളിൽ സ്‌കൂട്ടർ ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തിയത്. കൺട്രോൾ റൂം സംഘത്തിലെ എ.എസ്.ഐ. ഐ സജികുമാർ, സീനിയർ സിവിൽ പൊലീസ് ഓഫീസർ നസീം, സിവിൽ പൊലീസ് ഓഫീസർ ശ്രീജിത്ത് എന്നിവരുടെ നേതൃത്വത്തിലാണ് വാഹനപരിശോധന നടത്തിയത്. പരിശോധനയിൽ അസ്വാഭാവികമായ നിലയിൽ വാഹനം കണ്ടതിനെ തുടർന്ന് പൊലീസിന്റെ ആപ് വഴി നോക്കിയപ്പോഴാണ് സ്‌കൂട്ടർ തിരുവല്ല സ്റ്റേഷനിലുള്ളതാണെന്ന് കണ്ടെത്തിയത്. തുടർന്ന് പൊലീസ് സംഘം വിവരം ഡി.വൈ.എസ്.പി. ആർ ശ്രീകുമാറിനെയും കോട്ടയം വെസ്റ്റ് സ്റ്റേഷൻ ഹൗസ് ഓഫീസർ ഇൻസ്പെക്ടർ എം.ജെ അരുണിനെയും ട്രാഫിക് എസ്.ഐ അനൂപ് ജി നായരെയും അറിയിച്ചു.

ഇവരാണ് വാഹനത്തിന്റെ രജിസ്ട്രേഷൻ നമ്പരും ചിത്രവും തിരുവല്ല പൊലീസിന് അയച്ചത്. ഇവിടെ നിന്നും ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണ് സ്‌കൂട്ടർ കഴിഞ്ഞ ദിവസം മോഷണം പോയതാണെന്ന് കണ്ടെത്തിയത്. തിരുവല്ലയിലെ മുത്തൂർ മാലിയിൽ പുത്തൻപറമ്പിൽ എം.ജി രാജേഷ് കുമാറിന്റെ മകൾ രാജലക്ഷ്മി കെ. ആചാരിയുടെ ഉടമസ്ഥതയിലുള്ളതായിരുന്നു സ്‌കൂട്ടർ.

കഴിഞ്ഞ ദിവസം ഇവരുടെ വീട്ടിലെത്തിയ മോഷ്ടാവ് സ്‌കൂട്ടർ മോഷ്ടിക്കുകയായിരുന്നു എന്നാണ് വിവരം. മോഷണം നടത്തുന്നതിന്റെ ദൃശ്യങ്ങളടക്കമുള്ളവ പൊലീസ് ശേഘരിച്ചിട്ടുണ്ട്. ഇത് പരിശോധിച്ചപ്പോഴാണ് ജില്ലയിലെ സ്ഥിരം മോഷ്ടാക്കളിൽ ഓരാളാണെന്ന് കണ്ടെത്തിയത്. ഇയാൾക്കായി അന്വേഷണം ആരംഭിച്ചിട്ടുണ്ട്. തിരുവല്ല പൊലീസ് കേസെടുത്തു.

ഇതിന് സമാനമായ സംഭവം കഴിഞ്ഞദിവസം കോട്ടയം സംക്രാന്തിയിലും ഉണ്ടായിരുന്നു. മോഷണം പോയ പൾസർ ബൈക്ക് ഉപേക്ഷിക്കപ്പെട്ട നിലയിൽ ചെങ്ങന്നൂരിൽ നിന്നുമാണ് കണ്ടെത്തിയത്.

Top